സാംസങ് ഗ്യാലക്സി ബഡ്സ് എഫ്ഇ പൊട്ടി തെറിച്ച് പെൺസുഹൃത്തിന് കേൾവി നഷ്ട്ടപ്പെട്ടെന്ന പരാതിയുമായി ടർക്കിഷ് യുവാവ്. സാംസങ്ങിൻ്റെ ടർക്കിഷ് കമ്മ്യൂണിറ്റി ഫോറത്തിലാണ് യുവാവ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. സാംസങ് എസ് 23 അൾട്രയുമായി പെയർ ചെയ്യാനായി ടർക്കിഷ് യുവാവ് വാങ്ങിയ സാംസങ് ഗ്യാലക്സി ബഡസ് എഫ്ഇ ആണ് പൊട്ടി തെറിച്ചത്. 36 ശതമാനം ചാർജുണ്ടായിരുന്ന ഇയർബഡ് വാങ്ങിയിട്ടു ഒരിക്കൽ പോലും ചാർജ് ചെയതിട്ടില്ല. ഇയർബഡിൻ്റെ പ്രവർത്തനം മനസ്സിലാക്കാനായി തൻ്റെ സുഹൃത്ത് വാങ്ങി ഉപയോഗിച്ചു കൊണ്ടിരിക്കെയാണ് ഇയർബഡ് പൊട്ടി തെറിച്ചതെന്നാണ് യുവാവിൻ്റെ ആരോപണം. ഇയർബഡ് പൊട്ടിത്തെറിച്ചതിന് ശേഷം സുഹൃത്തിന് സ്ഥിരമായി കേൾവിശക്തി നഷ്ടപ്പെട്ടെന്നാണ് യുവാവിൻ്റെ പരാതി.
സംഭവത്തിൻ്റെ തുടർച്ചയായി, അദാനയിലെ സെമാൽപാസയിലുള്ള സാംസംങിൻ്റെ സേവന കേന്ദ്രത്തിലെ അനുഭവവും ഉപയോക്താവ് വിശദീകരിച്ചിരുന്നു. പരാതിക്ക് കൃത്യമായ മറുപടി നൽകിയില്ലെന്നും ഇതിന് പകരമായി ഇയർബഡ് മാറ്റി നൽകാമെന്നും മാത്രമായിരുന്നു കമ്പനിയുടെ പ്രതികരണം എന്നായിരുന്നു യുവാവിൻ്റെ പരാതി. 'ഹെഡ്‌ഫോണുകൾ കണ്ടപ്പോൾ ആദ്യം ക്ഷമാപണം നടത്തിയെങ്കിലും പിന്നീട് രണ്ട് ദിവസത്തിന് ശേഷം, അവർ വിളിച്ച് ഹെഡ്‌ഫോണുകൾ പൊട്ടിത്തെറിച്ചിട്ടില്ലെന്നും രൂപഭേദം വരുത്തിയതാണെന്നും പറഞ്ഞിരുന്നു. ഇതെ തുടർന്നാണ് അതെ മോഡലിൻ്റെ പുതിയ ജോഡി സാംസങ് വാഗ്ദാനം ചെയ്തത്. ഇത് സ്വീകരിക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയാമെന്നും. വേണമെങ്കിൽ, നിയമപരമായി മുന്നോട്ട് പോകാമെന്നും സാംസങ് പറഞ്ഞതായി ഉപയോക്താവ് ആരോപിക്കുന്നു.
മാസങ്ങളായി ഈ പ്രശ്നത്തിന് പിന്നാലെയാണെന്നും തെളിവായി ഇൻവോയ്‌സ്, സ്‌ഫോടനത്തിൻ്റെ തീയതി, മുമ്പും ശേഷവുമുള്ള ഫോട്ടോകൾ, സ്‌ഫോടനം മൂലമുള്ള കേൾവിക്കുറവ് എന്നിവ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും തങ്ങളുടെ പക്കലുണ്ടെന്ന് ഉപയോക്താവ് അറിയിച്ചു. പൊട്ടിത്തെറിച്ച ഇയർബഡിൻ്റെ ചിത്രങ്ങളും ഉപയോക്താവ് സാംസങ് ഫോറത്തിൽ പോസ്റ്റ് ചെയ്തിരുന്നു. സാംസങ്ങിൻ്റെ ഉൽപ്പന്നങ്ങളെക്കുറിച്ച് മുമ്പും പൊട്ടിത്തെറി പോലുള്ള പരാതികൾ ഉയർന്നിരുന്നു. സ്‌മാർട്ട്‌ഫോണിൻ്റെ ബാറ്ററികൾ അമിതമായി ചൂടാകുന്നതിനും പൊട്ടിത്തെറിക്കുന്നതുമായി ബന്ധപ്പെട്ട് 2016ൽ ഗാലക്‌സി നോട്ട് 7നെക്കുറിച്ചുണ്ടായിരുന്നു പരാതിയായിരുന്നു ഇതിൽ പ്രധാനം. ഈ സംഭവം ബ്രാൻഡിൻ്റെ പ്രശസ്തിയെ അന്ന് സാരമായി ബാധിച്ചിരുന്നു. പരാതിക്ക് പിന്നാലെ നോട്ട് 7 മോഡൽ പൂർണ്ണമായി നിർത്താൻ കമ്പനി തീരുമാനിച്ചിരുന്നു.