സ്റ്റാർലൈനർ ക്യാപ്‌സ്യൂൾ ത്രസ്റ്റർ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള സ്പേസ് എക്സ് ദൗത്യം ആരംഭിച്ചു. സെപ്റ്റംബർ 26 -നായിരുന്നു ആദ്യം ദൗത്യം തുടങ്ങാൻ ഷെഡ്യൂൾ ചെയ്‌തിരുന്നത് എന്നാൽ ഫ്ലോറിഡയിലെ ഗൾഫ് തീരത്തെ ഹെലിൻ ചുഴലിക്കാറ്റ് ബാധിച്ചതിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം വിക്ഷേപണം മാറ്റിവെച്ചിരുന്നു. നാസയുടെ ബഹിരാകാശയാത്രികൻ നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവും ഉൾപ്പെടുന്ന ക്രൂവാണ് , ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നും ഇന്നലെ സ്പേസ് എക്സിൽ ദൗത്യത്തിനായി പുറപ്പെട്ടത്.
സ്റ്റാർലൈനറിൻ്റെ ത്രസ്റ്റർ പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയും കാരണം മടങ്ങാൻ കഴിയാതെയായ ബുച്ചിനെയും സുനിതയെയും തിരികെ കൊണ്ടു വരിക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ബഹിരാകാശത്ത് ദീർഘനേരം താമസിക്കുന്നത് മനുഷ്യൻ്റെ ആരോഗ്യത്തെ ബാധിക്കുകയും അസ്ഥികളുടെ ആരോഗ്യത്തെ മോശമാക്കുകയും, കൂടുതൽ ആരോഗ്യപരമായ സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യും. സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഇത് നേരിടേണ്ടി വരുന്നത് നാസക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്, അതിനാൽ എത്രയും പെട്ടന്ന് ഇരുവരെയും തിരികെ കൊണ്ടുവരികയെന്നത് നാസക്ക് ഏറെ പ്രധാനപെട്ടതാണ്.
സുനിതാ വില്യംസിനെയും സഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും കൊണ്ട് ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകം പിന്നീട് പലതവണ യാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റി സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്. സ്പേയ്സ് എകസിൻ്റെ ക്രൂ-9 ദൗത്യം വിക്ഷേപിച്ചാലും ബഹിരാകാശയാത്രികരെ അടുത്ത വർഷം ആദ്യ പകുതിയിൽ മാത്രമേ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനാകു.