ലോകമെങ്ങുമുള്ള ടെക്ക് കമ്പനികൾ വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്ന കാലമാണെന്നുതന്നെ ഇക്കാലത്തെ പറയേണ്ടിവരും. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി കമ്പനികളാണ് തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിടുന്നത്. ഈ നടപടി ഒട്ടേറെ പേരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുക മാത്രമല്ല, മറ്റൊരു ടെക്ക് കമ്പനിയിൽ തൊഴിൽ സാധ്യത എന്നതിന് കൂടി ഭീഷണിയാകുകയാണ്. മുൻപ് ക്വാൽകോം, ഇന്റൽ എന്നീ കമ്പനികളാണ് വ്യാപകമായ പിരിച്ചുവിടലുകൾ നടത്തിയിരുന്നു. മറ്റ് കമ്പനികളും ഇപ്പോൾ അവരുടെ വഴിയേ കൂടുകയാണ് .
മൈക്രോസോഫ്റ്റ്, സിസ്കോ, സാംസങ് തുടങ്ങിയ ടെക്ക് ഭീമന്മാരാണ് മറ്റ് കമ്പനികളുടെ മാതൃകയിൽ പിരിച്ചുവിടൽ നടപടികളിലേക്ക് കടന്നിരിക്കുന്നത്. സാംസങ് അവരുടെ 30 ശതമാനം തൊഴിലാളികളെയും മൈക്രോസോഫ്റ്റ്, സിസ്കോ എന്നിവർ ഏകദേശം 7500 തൊഴിലാളികളെയുമാണ് പിരിച്ചുവിടുന്നത്.
സാംസങ് അവരുടെ വിവിധ വകുപ്പുകളിലെ തൊഴിലാളികൾക്ക് ജോലി പോകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു രാജ്യത്തെ വർക്ക്ഫോഴ്സ് മാത്രമാക്കാതെ, പല രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടാനാണ് സാധ്യത. തങ്ങളുടെ xbox ഡിവിഷനിലാണ് പ്രധാനമായും മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നടത്തിയിരിക്കുന്നത്. നിലവിൽ 650 പേരെ മാത്രമേ പിരിച്ചുവിടുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെങ്കിലും, ജനുവരിയിൽ പിരിച്ചുവിട്ട 1900 തൊഴിലാളികൾ കൂടിയാകുമ്പോൾ, ഈ വർഷത്തെ സംഖ്യ വലുതാകും.
ടെക്ക് കമ്പനി സിസ്‌കോയാണ് തൊഴിലാളികളെ പിരിച്ചുവിടുന്ന മറ്റൊരു ഭീമൻ. തങ്ങളുടെ മൊത്തം തൊഴിലാളികളിലെ ഏഴ് ശതമാനത്തെയാണ്, അതായത് 5600 പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇക്കൊല്ലം ഫെബ്രുവരിയിൽ 4000 തൊഴിലാളികളെ കമ്പനി ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ.
ഇവർക്കെല്ലാം പുറമെ ആഗോള ഭീമന്മാരായ പിഡബ്ള്യുസി, ആക്സോ നൊബേൽ, പാരമൗണ്ട് ഗ്ലോബൽ, ഡിസ്‌നി എന്നിവരും വലിയ തോതിൽ തൊഴിലാളികളെ പിരിച്ചുവിടുകയാണ്. സെപ്റ്റംബറിൽ മാത്രമായിരുന്നില്ല ഇത്തരത്തിൽ വ്യാപക കൂട്ടപ്പിരിച്ചുവിടൽ നടന്നത്. ഓഗസ്റ്റ് മാസം മാത്രം ഇങ്ങനെ ജോലി നഷ്ടപ്പെട്ടവർ 27,065 പേരെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടൽ നടപടികൾ നിരീക്ഷിക്കുന്ന ലേഓഫ്സ് എന്ന വെബ്സൈറ്റാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.
എല്ലാ കമ്പനികളിൽ നിന്നും ജോലി നഷ്ടപ്പെട്ടവരുടെ കണക്കുകൾ ഇത്തരത്തിൽ ലേഓഫ്സ് ശേഖരിക്കാറുണ്ട്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റിലാണ് പിരിച്ചുവിടൽ ഭീകരമാം വിധം വർധിച്ചതെന്ന് ലേഓഫ്സ് പറയുന്നുണ്ട്. ഇക്കൊല്ലം ജനുവരിയിലാണ് ഇതിനുമുമ്പ് വ്യാപകമായ കൂട്ടപ്പിരിച്ചുവിടൽ നടന്നത്. അന്ന് 122 കമ്പനികളിൽ നിന്നായി 34,107 പേരുടെ ജോലി നഷ്ടപ്പെട്ടു. ശേഷം ജൂലൈയിൽ അത് 9000 എന്ന കണക്കില്‍ കുറഞ്ഞെങ്കിലും ഓഗസ്റ്റ് ആകുമ്പോൾ വീണ്ടും കൂടുകയായിരുന്നു.
ഇന്റൽ പോലുള്ള ടെക്ക് ഭീമന്മാരുടെ കൂട്ടപിരിച്ചുവിടലായിരുന്നു സംഖ്യ ഇത്രയേറെ ഉയരാൻ കാരണമായത്. ഓഗസ്റ്റ് മാസം മാത്രം ഇന്റൽ 15000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇവർക്ക് പിറകെ ചെറുകമ്പനികളും ചേർന്നതോടെ സംഖ്യ ഉയരുകയായിരുന്നു.