പുറത്തിറങ്ങിയതിന് പിന്നാലെ തരംഗമായിരിക്കുകയാണ് ആപ്പിളിൻ്റെ ഐഫോൺ 16 സീരീസ്. ഇന്ത്യയിൽ അടക്കം പുതിയ സീരീസ് ഫോണിനായി ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ രൂപപ്പെട്ട നീണ്ട ക്യൂ വാർത്തയായിരുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ മികച്ച വിലക്കുറവോടെ ഐഫോൺ 16 അടക്കമുള്ള സീരീസുകൾ വിറ്റഴിച്ചിരുന്നു. കൂടുതൽ ആളുകൾക്ക് വാങ്ങാൻ കഴിയുന്ന നിലയിൽ ഐഫോൺ 16ൻ്റെ വിൽപ്പന ലോകവ്യാപകമായി നടന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇപ്പോൾ ഐഫോൺ 16 വാങ്ങണോ അതോ ഐഫോൺ 17നായി കാത്തിരിക്കണമോയെന്ന നിലയിലുള്ള ചർച്ചകൾ സ ജീവമായിരിക്കുന്നത്.
പുതിയ സീരീസ് ഐഫോണുകളെക്കുറിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ 2025ൽ ആപ്പിൾ എന്താണ് ഐഫോണിൽ കാത്തുവെച്ചിരിക്കുന്നതെന്ന ആകാംക്ഷയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2025 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐഫോൺ 17 സീരീസിനായി ആപ്പിൾ പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. ഐഫോൺ 17 സീരീസിലെ പ്രധാനപ്പെട്ട സവിശേഷതയായി പറയപ്പെടുന്നത് സ്റ്റാൻഡേർഡ് മോഡലുകളിൽ പ്രൊ-മോഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കും എന്നതാണ്. ഇപ്പോൾ പ്രോ മോഡലുകളിൽ ലഭ്യമായ 120Hz ഡിസ്‌പ്ലേ ഐഫോൺ സീരീസിലെ നോൺ-പ്രോ മോഡലുകളിലും ഉണ്ടാകുമെന്ന റിപ്പോർട്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നുണ്ട്. പുതിയ നോൺ-പ്രോ ഐഫോൺ16 മോഡലിൽ 60Hz സജ്ജീകരിച്ചിരുന്നതിൽ സാധാരണ ഉപഭോക്താക്കൾ നിരാശരായിരുന്നു. കംബയിൻഡ് വോളിയം റോക്കറും ആക്ഷൻബട്ടനും ഐഫോൺ 17ൻ്റെ മറ്റൊരു ഹൈലൈറ്റ് ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്ലസ് മോഡലിന് പകരം ഐഫോൺ 17 സീരീസിൽ പുതിയ ഐഫോൺ 17 എയർ മോഡൽ ആപ്പിൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐഫോൺ 17 എയർ ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കുമെന്നാണ് പറയപ്പെടുന്നത്.
ഐഫോൺ 17 സീരീസിൽ വലിയ നിലയിലുള്ള അപ്ഡേഷനുകൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഇതിനകം ഉപഭോക്താക്കളെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ നൂതനമായ സാങ്കേതികവിദ്യയോടെ അടുത്തവർഷം പുറത്തിറങ്ങുന്ന ഐഫോൺ 17നായി കാത്തിരിക്കാമെന്ന നിലയിലേയ്ക്ക് ആപ്പിൾ ഉപഭോക്താക്കൾ ചിന്തിച്ചേക്കാമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ഐഫോൺ 17 സീരീസിനായുള്ള രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും ആപ്പിൾ സ്വീകരിക്കുമെന്ന് പറയപ്പെടുന്ന അപ്ഡേറ്റുകൾ വലിയ പ്രതീക്ഷയാണ് എന്തായാലും ഉപഭോക്താക്കൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഐഫോൺ 17നായി ആപ്പിൾ സ്വീകരിക്കുന്ന അപ്ഡേറ്റുകൾ സ്മാർട്ട്‌ഫോൺ ലാൻഡ്‌സ്‌കേപ്പിനെഎങ്ങനെ ബാധിക്കുമെന്നാണ് ടെക് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.