ഐഫോൺ കച്ചവടം പൊടിപൊടിക്കുന്നു; ഇന്ത്യയിൽ പുതിയ നാല് റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കാനൊരുങ്ങി ആപ്പിൾ

കുതിച്ചുയരുന്ന ഉപഭോക്തൃ വിപണിയായും നിർമ്മാണ കേന്ദ്രമായും കണ്ട് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാ​ഗമായാണ് പുതിയ റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്

dot image

ഇന്ത്യയിൽ നാല് പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനൊരുങ്ങി ആപ്പിൾ. ആപ്പിളിൻ്റെ പുതിയ ഐഫോൺ 16 സീരീസിന് ഇന്ത്യയിൽ ലഭിച്ച സ്വീകാര്യതയാണ് ഈ നീക്കത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 16 സീരീസ് വാങ്ങാൻ ഇന്ത്യയിൽ നിലവിലുള്ള ഡൽഹിയിലെയും മുംബൈയിലെയും ഔട്ട്‌ലെറ്റുകളിൽ രൂപപ്പെട്ട വൻതിരക്കും ക്യൂവും വാ‍ർ‌ത്തയായിരുന്നു. അപ്പിളിൻ്റെ അതിവേഗം വളരുന്ന വിപണികളിലൊന്നായാണ് ടെക് ഭീമൻ ഇപ്പോൾ ഇന്ത്യയെ കാണുന്നതെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രീമിയം പ്രോ, പ്രോ മാക്‌സ് മോഡലുകൾ ഉൾപ്പെടെ ഐഫോൺ 16ൻ്റെ മുഴുവൻ ലൈനപ്പും ഇന്ത്യയിൽ തന്നെ ആപ്പിൾ നിർമ്മിക്കുന്നുണ്ട്. കുതിച്ചുയരുന്ന ഉപഭോക്തൃ വിപണിയായും നിർമ്മാണ കേന്ദ്രമായും കണ്ട് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ആപ്പിളിൻ്റെ നീക്കത്തിൻ്റെ ഭാ​ഗമായാണ് പുതിയ ആപ്പിൾ സ്റ്റോറുകൾ തുറക്കുന്നതെന്നാണ് റിപ്പോർട്ട്.

ഈ വർഷം ആദ്യമാണ് ഡൽഹിയിലും മുംബൈയിലും ആപ്പിൾ അവരുടെ സ്റ്റോറുകൾ തുറന്നത്. ഈ സ്റ്റോറുകളിലൂടെയുള്ള വിൽപ്പന വൻവിജയമായിരുന്നു എന്നാണ് ആപ്പിൾ വിലയിരുത്തുന്നത്. ബെം​ഗളൂരു, പൂനെ, ഡൽഹി-എൻസിആർ മേഖല എന്നിവിടങ്ങളിലാണ് ആപ്പിൾ പുതിയ സ്റ്റോറുകൾ തുടങ്ങുക എന്നാണ് റിപ്പോ‍‍ർട്ട്. ഇതിന് പുറമെ മുംബൈയിൽ ഒരു പുതിയ സ്റ്റോ‍ർ കൂടി തുറക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ആരംഭിച്ച ആദ്യ രണ്ട് സ്റ്റോറുകളും വലിയ ഹിറ്റായതാണ് തിടുക്കപ്പെട്ടുള്ള ആപ്പിളിൻ്റെ നീക്കത്തിന് പിന്നിൽ. ഇന്ത്യയിൽ നിന്നുള്ള ആപ്പിളിൻ്റെ വരുമാനത്തിൽ രണ്ട് സ്റ്റോറുകളും ഗണ്യമായ സംഭാവന നൽകിയതായാണ് റിപ്പോർട്ട് പറയുന്നത്. ഡൽഹിയിലും മുംബൈയിലും മാത്രം രാജ്യത്തെ ആപ്പിളിൻ്റെ ബിസിനസിൻ്റെ അഞ്ചിലൊന്ന് ഭാ​ഗം കൈകാര്യം ചെയ്യുന്നുവെന്നാണ് ട്രേഡ‍് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ആപ്പിൾ അടക്കമുള്ള ആഡംബര ഗാഡ്‌ജറ്റുകളോട് ഇന്ത്യയിൽ വ‍ർദ്ധിച്ച് വരുന്ന ഡിമാൻ്റാണ് റീടെയ്ൽ സ്റ്റോറുകളുടെ വിപുലീകരണത്തിന് ആപ്പിളിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഹൈ-എൻഡ് ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ ഐഫോൺ 16 ലൈനപ്പ് മുഴുവൻ ആപ്പിൾ ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. നേരത്തെ ആപ്പിൾ ഇന്ത്യയിൽ പഴയ ഐഫോൺ മോഡലുകൾ മാത്രമാണ് നിർമ്മിച്ചിരുന്നത്. എന്നാലിപ്പോൾ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ഉപകരണങ്ങളുടെ അടക്കം ഇന്ത്യയിലെ ഉത്പാദനം വ‍ർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ.

ഈ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഫോക്‌സ്‌കോൺ, പെഗാട്രോൺ, ടാറ്റ ഇലക്‌ട്രോണിക്‌സ് എന്നിവയുമായി ആപ്പിൾ സഹകരിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐഫോൺ 16, 16 പ്ലസ്, പ്രോ മാക്‌സ് മോഡലുകളുടെ നി‍‍ർമ്മാണ ചുമതല ഫോക്‌സ്‌കോണും ഐഫോൺ 16, 16 പ്രോ എന്നിവയുടെ നി‍ർമ്മാണ ചുമതല പെഗാട്രോണുമാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഐഫോൺ 16, 16 പ്ലസ് മോഡലുകളുടെ നി‍ർ‌മ്മാണ ചുമതല ടാറ്റ ഇലക്‌ട്രോണിക്‌സിനാണ്. ഈ ഉപകരണങ്ങൾ ഇന്ത്യയിൽ വിപണനം ചെയ്യുക എന്നത് മാത്രമല്ല കയറ്റുമതിയും ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആപ്പിൾ അതിൻ്റെ ഉത്പാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് മാറ്റുന്നത് വളരുന്ന ഇന്ത്യൻ ഉപഭോക്തൃ വിപണിയുടെ സാധ്യത മുന്നിൽ കണ്ടാണെന്നാണ് വിലയിരുത്തൽ. 'ഇന്ത്യൻ വിപണിയിൽ കൂടുതൽ വിപുലീകരണം നടത്തുന്നതിൽ കമ്പനി ആഹ്ളാദിക്കുന്നു' എന്നാണ് ആപ്പിളിൻ്റെ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻ്റ് ഡെയ്‌ഡ്രെ ഒബ്രിയനെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 'ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ സർഗ്ഗാത്മകതയിലും അഭിനിവേശത്തിലും ഞങ്ങൾ പ്രചോദിതരാണെന്നും' ഡെയ്‌ഡ്രെ ഒബ്രിയൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us