ടെക്സ്റ്റ് നൽകിയാൽ വീഡിയോ ആക്കി മാറ്റും; വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ 'മെറ്റാ മൂവി ജെൻ'!

വാചകത്തിൽ നിന്ന് വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ സഹായിക്കുന്ന മെറ്റാ മൂവി ജെനാണ് ഇപ്പോഴത്തെ താരം

dot image

നിങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന വാക്കുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ ? ഇനി നിങ്ങളുടെ വാക്കുകളെ ഒരു സിനിമയാക്കി തന്നെ നിങ്ങൾക്ക് തരുമെന്ന് പറഞ്ഞാലോ ? അതെ ഈ പറഞ്ഞതെല്ലാം എല്ലാം ശരിയാണ്. വാചകത്തിൽ നിന്ന് വീഡിയോ മുതൽ സിനിമ വരെ നിർമ്മിക്കാൻ സഹായിക്കുന്ന മെറ്റാ മൂവി ജെനാണ് ഇപ്പോഴത്തെ താരം. മെറ്റയുടെ പുതിയ ജനറേറ്റീവ് എഐ ടൂൾ ഉപയോ​ഗിച്ച് നമ്മൾ നൽകുന്ന ഇൻപുട്ട് ടെക്സ്റ്റിൽ നിന്ന് ക്രിയാത്മകമായ വീഡിയോകൾ നിർമ്മിക്കാനും ഇഷ്‌ടാനുസൃതമായി ശബ്‌ദട്രാക്കുകൾ ചേർക്കാനും ഇതിൽ സാ​ധിക്കും.

എന്താണ് മെറ്റ മൂവി ജെൻ ?

മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എഐ ടൂളായ മെറ്റാ മൂവി ജെൻ ടെക്‌സ്‌റ്റ് ഇൻപുട്ടുകളെ യൂസറിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് വീഡിയോ ഫോർമാറ്റാക്കി മാറ്റുകയാണ് ചെയ്യുക. വീഡിയോയിൽ വേണ്ട ഓഡിയോ, 3D ആനിമേഷനുകൾ എന്നിവയുൾപ്പടെ ഇതിൽ ചേർക്കാൻ സാധിക്കും. വീഡിയോ നിർമ്മിക്കുക മാത്രമല്ല എടുത്ത വീഡിയോകൾ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കും. ടെക്‌സ്‌റ്റ്-ടു-വീഡിയോയും ടെക്‌സ്‌റ്റ്-ടു-ഇമേജ് ജനറേഷനും ഇത് അനുയോജ്യമാണെന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം പശ്ചാത്തല സംഗീതം, ശബ്‌ദ ഇഫക്റ്റുകൾ, പശ്ചാത്തല ശബ്‌ദങ്ങൾ എന്നിവയുൾപ്പെടെയുള്ള ഓഡിയോകളും മെറ്റാ മൂവി ജെനിന് നിർമ്മിക്കാൻ സാധിക്കും.

മെറ്റാ മൂവി ജെന്നിനെക്കുറിച്ച് വെള്ളിയാഴ്ചയാണ് മെറ്റ അറിയിച്ചത്. നിലവിൽ അതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ് മൂവി ജെൻ. ഉപയോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന വിധം ഇതെപ്പോൾ പുറത്തിറക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. മൂവി ജെനിനെ മികച്ച ഒരു എഐ ടൂളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് മെറ്റ. ഇതിന്റെ ഭാ​ഗമായി ചലച്ചിത്ര നിർമ്മാതാക്കളുമായും കോൺടെൻ്റ ക്രിയേറ്റഴസുമായും സഹകരിച്ച് ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് മെറ്റയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഓപ്പൺ എഐ-ക്ക് ഒരു എതിരാളിയാവുകയാണോ എന്നതാണ് നിലവിലെ ചർച്ച. ഓപ്പൺ എഐ യുടെ ടെക്‌സ്‌റ്റ്-ടു-വീഡിയോ മോഡൽ സോറയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് മാസങ്ങൾക്കകമാണ് ഈ വികസനമെന്നതും ടെക്ക് ലോകം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്‌.

dot image
To advertise here,contact us
dot image