ഏതെങ്കിലും അസുഖത്തിന് ആശുപത്രിയിൽ പോയി വരുമ്പോൾ ഡോക്ടർ തന്ന 'മരുന്ന് കുറിപ്പടി'കണ്ട് കിളി പോയി നിന്നവരാണ് നമ്മളിൽ പലരും.എന്നാൽ ഇനി ' മരുന്ന് കുറിപ്പടി'യിലുള്ള മരുന്നിന്റെ പേരെന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടേണ്ട. അതിനായി നമ്മളെ സഹായിക്കാൻ ചാറ്റ് ജിപിടി തയ്യാറാണ്. ഏത് മരുന്നാണ്, എന്തിനാണ് ആ മരുന്ന്, എത്ര നേരം കഴിക്കണം തുടങ്ങി എല്ലാം ചാറ്റ് ജിപിടി നിങ്ങൾക്ക് 'മരുന്ന് കുറിപ്പടി'നോക്കി പറഞ്ഞു തരും.
ഓപ്പൺ എഐ-യുടെ ചാറ്റ് ജിപിടി ആപ്പിന് ഉപയോക്താക്കളിൽ നിന്ന് ടെക്‌സ്‌റ്റും, ഇമേജും, ഓഡിയോയും ഒക്കെ മനസ്സിലാക്കാനും, അതിനെ പറ്റി കൂടുതൽ വിവരങ്ങൾ നൽകി സഹായിക്കാനും സാധിക്കും. ഈ ആപ്പ് നിലവിൽ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാണ്. ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നും ഇത് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പിൻ്റെ ഫോട്ടോ ഫീച്ചർ ഉപയോക്താക്കളെ ചിത്രമെടുക്കാനും ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും അനുവദിക്കും. ഡോക്ടർമാരുടെ കുറിപ്പടികൾ മുതൽ കുഴപ്പിക്കുന്ന മെഡിക്കൽ ഡോക്യുമെൻ്റുകൾ വരെ വായിക്കുന്നതിന് ഈ ഫീച്ചർ ഉപയോഗപ്രദമാണ്. എന്നാൽ പൂർണമായും ചാറ്റ് ജിപിടിയെ ആശ്രയിക്കാതെ, മനസ്സിലാക്കുന്ന വിവരങ്ങൾ വിദഗ്ധരായ ഡോക്ടറോട് ചോദിച്ച് വ്യക്തത വരുത്തണം.
ഓർക്കുക ചാറ്റ് ജിപിടിയുടെ വ്യാഖ്യാനത്തെ പൂർണ്ണമായി ആശ്രയിക്കുന്നതിന് മുമ്പ് അത് ഒരു വിദഗ്ധനായ ഡോക്ടറല്ല ഒരു എഐ ഉപകരണമാണെന്ന് ഓർക്കുക. എഐ ചിലപ്പോൾ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചേക്കാം, അതിനാൽ ചാറ്റ് ജിപിടിയിൽ നിന്നും മനസ്സിലാക്കുന്ന വിവരങ്ങൾ വിദഗ്ധനായ ഒരു ഡോക്ടറോട് ചോദിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
Content Highlights: ChatGPT will read doctor's prescription