എഐ അധിഷ്ഠിത മെഷീൻ ലേണിങ്ങിൻ്റെ സാധ്യതകൾ അനുദിനം അപ്ഡേറ്റാകുന്ന സാഹചര്യമാണ് ഇന്ന് ടെക് ലോകത്തുള്ളത്. എഐയുടെ സാധ്യതകളെ സ്വപ്നസമാനമായ നിലയിലേയ്ക്ക് മാറ്റിയെടുക്കാനുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളുമെല്ലാം ലോകത്ത് ഗൗരവമായി നടന്നു വരികയാണ്. ഇതിനിടെയാണ് എഐയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിൻ്റണിന് ലഭിച്ച നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്.
'ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ്ങ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്കും കണ്ടുപിടുത്തങ്ങൾക്കും', എന്ന് വ്യക്തമാക്കിക്കൊണ്ടാണ് 2024ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോൺ ഹോപ്ഫീൽഡിനൊപ്പമാണ് ജെഫ്രി ഹിൻ്റണിനും നൊബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 'ജോൺ ഹോപ്ഫീൽഡും ജെഫ്രി ഹിൻ്റണും ഭൗതികശാസ്ത്രത്തിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്നത്തെ ശക്തമായ മെഷീൻ ലേണിങ്ങിന് അടിത്തറ പാകാൻ സഹായിച്ചു. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകളെ അടിസ്ഥാനമാക്കിയുള്ള മെഷീൻ ലേണിംഗ് നിലവിൽ ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും ദൈനംദിന ജീവിതത്തിലും വിപ്ലവം സൃഷ്ടിക്കുകയാണ്', എന്നും നോബൽ സമ്മാനം പ്രഖ്യാപിച്ചു കൊണ്ട് നൊബേൽ അക്കാഡമി അറിയിച്ചിട്ടുണ്ട്.
'ഡാറ്റയിൽ ചിത്രങ്ങളും മറ്റ് തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമ്മിക്കാനും കഴിയുന്ന ഒരു അനുബന്ധ മെമ്മറി ജോൺ ഹോപ്പ്ഫീൽഡ് സൃഷ്ടിച്ചു. ഡാറ്റയിലെ ചില ഘടകങ്ങൾ സ്വയമേവ സ്വയമേവ കണ്ടെത്താനാകുന്ന ഒരു രീതി ജെഫ്രി ഹിൻ്റൺ കണ്ടുപിടിച്ചു.അതുവഴി ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നത് പോലുള്ള ജോലികൾ നിർവഹിക്കാൻ കഴിയും', എന്നും അക്കാഡമി അവാർഡ് പ്രഖ്യാപനത്തിൽ പറഞ്ഞിട്ടുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എഐയുടെ അപകടങ്ങളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകുന്ന സാങ്കേതിക വിദഗ്ധൻ കൂടിയാണ് ജെഫ്രി ഹിൻ്റൺ എന്നതാണ് ഈ നൊബേൽ പ്രഖ്യാപന ഘട്ടത്തിൽ വിരോധാഭാസമായി മാറുന്നത്. എഐയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ള സാങ്കേതിക ലോകത്ത് നിന്നുള്ള പ്രമുഖനാണ് ഹിൻ്റൺ. 2013 നും 2023 നും ഇടയിൽ ഹിൻ്റൺ ഗൂഗിളിലെ (ഗൂഗിൾ ബ്രെയിൻ) ജീവനക്കാരനായിരുന്നു. ഈ സമയം ടൊറൻ്റോ സർവകലാശാലയിൽ അധ്യാപകനായും ഹിൻ്റൺ പ്രവർത്തിച്ചിരുന്നു. ഓപ്പൺഎഐയുടെ സഹസ്ഥാപകനും അതിൻ്റെ മുൻ മുഖ്യ ശാസ്ത്രജ്ഞനുമായ ഇല്യ സറ്റ്‌സ്‌കേവർ ഇതേ സമയം ഇവിടെ മെഷീൻ ലേണിംഗ് വിദ്യാർത്ഥിയായിരുന്നു, ജെഫ്രി ഹിൻ്റണുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.. മെറ്റ വൈസ് പ്രസിഡൻ്റും ചീഫ് എഐ ശാസ്ത്രജ്ഞനുമായ യാൻ ലെകൺ ഹിൻ്റണിൻ്റെ വിദ്യാർത്ഥികളിൽ ഒരാളാണ്.
2023ലാണ് ജെഫ്രി ഹിൻ്റൺ ഗൂഗിളിലെ ജോലി ഉപോക്ഷിക്കുന്നത്. തെറ്റായ വിവരങ്ങളുടെ കുതിച്ചുചാട്ടത്തെക്കുറിച്ചും എഐ തൊഴിൽ വിപണിയെ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചും ഇക്കാലത്ത് ജെഫ്രി ഹിൻ്റൺ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു ദശാബ്ദത്തിലേറെ ഗൂഗിളിൽ പ്രവർത്തിച്ചതിന് ശേഷമായിരുന്നു ജെഫ്രി ഹിൻ്റൺ ജോലി ഉപേക്ഷിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വികസിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച ഗവേഷകനാണ് ഹിൻ്റൺ. തൻ്റെ രണ്ട് വിദ്യാർത്ഥികളോടൊപ്പം ഹിൻ്റൺ ഒരു ന്യൂറൽ നെറ്റ്‌വർക്ക് സൃഷ്ടിച്ചു. ചാറ്റ്ജിപിടി, ബിംഗ്, ബാർഡ് തുടങ്ങി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന എഐ മോഡലുകൾക്ക് ഈ കണ്ടെത്തൽ അടിത്തറയിട്ടു.
എഐയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിൻ്റൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ ആശങ്കാകുലനായി. താൻ കൂടി മുന്നിൽ നിന്ന് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ മനസ്സിലാക്കിയ അദ്ദേഹം, എഐ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് അവബോധം വളർത്തുന്നതിനായാണ് 2023-ൽ ഗൂഗിളിലെ ജോലി ഉപേക്ഷിക്കുന്നത്.
മനുഷ്യരെ കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്ന എഐയുടെ സാധ്യതകളെക്കുറിച്ചുള്ള ആശങ്ക 2023 ഒക്ടോബറിൽ നടന്ന ഒരു അഭിമുഖത്തിൽ ഹിൻ്റൺ വ്യക്തമാക്കിയിരുന്നു. മനുഷ്യബുദ്ധിയെ മറികടക്കാൻ കഴിയുന്ന സംവിധാനങ്ങളുടെ അഭൂതപൂർവമായ വികസനത്തെക്കുറിച്ച് ഈ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ആളുകളെ സ്വാധീനിക്കുന്ന ഈ എഐ സത്തകളുടെ അപകടത്തിൽ ഊന്നിയായിരുന്നു ഹിൻ്റണിൻ്റെ പ്രതികരണം. ഹിൻ്റൺ പറയുന്നതനുസരിച്ച് ഇത്തരത്തിൽ മുന്നേറുന്ന എഐയ്ക്ക് സാഹിത്യവും രാഷ്ട്രീയ തന്ത്രങ്ങളും ഉൾപ്പെടെയുള്ള വിപുലമായ അറിവ് കൈകാര്യം ചെയ്യാൻ കഴിയും. ഇത് ഫലപ്രദമായി ഉപദേശം നൽകാൻ ഇവരെ പ്രാപ്തരാക്കും. ഈ നിലയിൽ വിപുലമായ ധാരണയോടെ സജ്ജീകരിക്കുന്ന എഐ, മനുഷ്യൻ്റെ പെരുമാറ്റത്തിലും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഘട്ടങ്ങളിലും നൈപുണ്യത്തോടെ ഇടപെട്ടേക്കാമെന്ന മുന്നറിയിപ്പും ജെഫ്രി ഹിൻ്റൺ നൽകിയിട്ടുണ്ട്.
Content Highlights: Geoffrey E Hinton the Godfather of AI has been awarded the 2024 Nobel Prize in Physics