വംശീയവിദ്വേഷവും നുണപ്രചാരണവുമെല്ലാം വെറും മിനിറ്റുകളിൽ റെഡി! അമേരിക്കൻ തിരഞ്ഞെടുപ്പിൽ ടെക്‌നോളജി വില്ലനാകുന്നു

ചാറ്റ് ജിപിടി വഴി വ്യാജ കണ്ടന്റുകൾ ഉണ്ടാക്കിയാണ് ഇത്തരത്തിൽ യു എസ് തിരഞ്ഞെടുപ്പിന് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നത്

dot image

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ വളർച്ച സാങ്കേതികവിദ്യകളിൽ വലിയ വിപ്ലവം സൃഷ്ടിക്കുക മാത്രമല്ല, നിരവധി വെല്ലുവിളികളും ഉയർത്തുന്നുണ്ട്. എഐയെ എങ്ങനെ ഉപയോഗപ്പെടുത്തുവെന്നുവെന്നത് അനുസരിച്ചിരിക്കും ഇവയെല്ലാം എന്നിരിക്കെയെങ്കിലും അവ ഉയർത്തുന്ന വെല്ലുവിളികളെ ഒരിക്കലും കുറച്ചുകാണാൻ പാടില്ല എന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഒരു ഭരണകൂടത്തെ താഴെയിറക്കാനുള്ള ശക്തി വരെ എഐക്കുണ്ട് എന്ന് മാത്രമല്ല, അവ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ സമൂഹത്തിനാകെ ദോഷകരവുമാണ്.

ഇത്തരത്തിൽ ചാറ്റ് ജിപിടിയെ അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നുവെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓപ്പൺ എഐ തന്നെ അന്വേഷിച്ച ശേഷം കണ്ടെത്തിയ റിപ്പോർട്ടിലാണ് വ്യാപകമായി ചാറ്റ് ജിപിടി ഉപയോഗിച്ച് യു എസ് തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനായി ശ്രമം നടക്കുന്നതായി വ്യക്തമാക്കുന്നത്.

ചാറ്റ് ജിപിടി വഴി വ്യാജ കണ്ടന്റുകൾ ഉണ്ടാക്കിയാണ് ഇത്തരത്തിൽ യു എസ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വ്യാജ വാർത്തകൾ ഉണ്ടാക്കിയും, സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമിച്ചും മറ്റുമാണ് സ്വാധീനശ്രമം. കമ്പനി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത്തരത്തിൽ നിരവധി പോസ്റ്റുകളും വാർത്തകളും കണ്ടെത്തിയിട്ടുണ്ട്. സത്യമേത് നുണയേത് എന്ന് തിരിച്ചറിയാനാകാത്ത രീതിയിൽ, അത്രയും പെർഫെക്ഷനോടെയാണ് ചാറ്റ് ജിപിടി വഴിയുള്ള കണ്ടന്റ് നിർമാണം എന്നതിനാൽ, ഇവ കണ്ടുപിടിക്കാനും പ്രയാസമാണ്.

ഇത്തരത്തിൽ ചാറ്റ് ജിപിടി വഴി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള 20 ശ്രമങ്ങളാണ് ഓപ്പൺ എഐ കണ്ടെത്തിയത്. ഓഗസ്റ്റിൽ ഇത്തരത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്ന നിരവധി അക്കൗണ്ടുകൾ ഓപ്പൺ എഐ ബ്ലോക്ക് ചെയ്തിരുന്നു. ജൂലൈയിൽ ചില റുവാണ്ടൻ അക്കൗണ്ടുകളും ഇത്തരത്തിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.

ടെക്നോളജിയിലൂടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളെ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകരും വലിയ ഭീഷണിയായാണ് കാണുന്നത്. നേരത്തെ രാജ്യത്തെ ഹെയ്തിയൻ അഭയാർത്ഥികൾ പൂച്ചകളെ ഭക്ഷിക്കുന്നുവെന്ന നുണപ്രചാരണം ട്രംപും അനുയായികളും ഏറ്റെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ വന്ന ഒരു നുണപ്രചാരണത്തെയായിരുന്നു ട്രംപ് ഏറ്റുപിടിച്ചത്. ഈ പ്രചാരണം വംശീയവിദ്വേഷമായി വഴിമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള നുണപ്രചാരണങ്ങളും സ്വാധീനശ്രമങ്ങളും ചർച്ചയാകുന്നത്.

Content Highlights: chatgpt used to influence american elections

dot image
To advertise here,contact us
dot image