'സാങ്കേതിക മേന്മയിൽ പുതുമ അത്രപോര'; വിമർശനങ്ങൾ സമ്മതിച്ച്, ക്ഷമാപണം നടത്തി സാംസങ് ഇലക്ട്രോണിക്സ്

സാംസങിനെതിരെ ഉയർന്ന വിമർശനങ്ങളെല്ലാം സാംസങ് ഡിവൈസ് സൊല്യൂഷൻസിൻ്റെ വൈസ് പ്രസിഡൻ്റായ ജിയോൺ യംഗ്-ഹ്യുൻ തുറന്ന കത്തിൽ അംഗീകരിച്ചിട്ടുണ്ട്

dot image

സമീപകാല പോരായ്മകൾ തുറന്ന് സമ്മതിച്ച് സാംസങിൻ്റെ ഔദ്യോഗിക കത്ത്. 2024ലെ അതിൻ്റെ മൂന്നാമത്തെ ക്വാർട്ടറിലെ വരുമാന മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് സാംസങ് ഇലക്‌ട്രോണിക്‌സ് അവരുടെ പോരായ്മകൾ തുറന്ന് സമ്മതിച്ചിരിക്കുന്നത്. ദി വെർജാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നവേഷനുകളിൽ പിന്നാക്കം പോകുന്നുവെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഇതിനെ അഭിസംബോധന ചെയ്തിരിക്കുന്നത് എന്നതാണ് പ്രധാനം. ഒരു കാലത്ത് ഈ മേഖലയിൽ മുടിചൂടാമന്നന്മാരായിരുന്ന സാംസങിൻ്റെ സ്മാർട്ട്ഫോൺ, അർദ്ധചാലക വിഭാഗങ്ങൾക്കെതിരായാണ് വിമർശനം ഉയർന്നത്. ഡിവൈസ് സൊല്യൂഷൻസിൻ്റെ വൈസ് പ്രസിഡൻ്റായി അടുത്തിടെ നിയമിതനായ ജിയോൺ യംഗ്-ഹ്യൂണിൻ്റെ പേരിലുള്ള ഔദ്യോഗിക കത്ത്സാം സങ്ങിൻ്റെ കൊറിയൻ ന്യൂസ് റൂം വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഓഹരി ഉടമകൾക്കും വ്യക്തമായ സന്ദേശം നൽകുന്നതാണ് ഈ കത്തെന്നാണ് വിലയിരുത്തൽ.

2024ൻ്റെ മൂന്നാം പാദത്തിൽ ഏകദേശം 9.2 ട്രില്യൺ കൊറിയൻ വോൺ (ഏകദേശം 6.8 ബില്യൺ ഡോളർ) പ്രവർത്തന ലാഭം പ്രവചിച്ചതിന് പിന്നാലെയാണ് സാംസങിൻ്റെ ക്ഷമാപണം. സാംസങ്ങിൻ്റെ പ്രസ്റ്റീജിയസ് ഉപകരണമായ ഗാലക്‌സി എസ് 24 അൾട്രാ മികവിൽ മുന്നിലാണ്. എന്നാൽ ഇതിന് അവയുടെ നേരത്തെയുള്ള മോഡലുകളുമായുള്ള സാമ്യത്തിൻ്റെ പേരിൽ അമേരിക്കൻ വിപണിയിൽ വലിയ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. കമ്പനി ഒരു കാലത്ത് ആധിപത്യം പുലർത്തിയിരുന്ന മെമ്മറിയും ചിപ്‌സെറ്റുകളും ഉൾപ്പെടെയുള്ള മറ്റ് സാംസങ് ഡിവിഷനുകളിലും ഇന്നവേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. .

സാംസങിനെതിരെ ഉയർന്ന വിമർശനങ്ങളെല്ലാം തുറന്ന കത്തിൽ ജിയോൺ യംഗ്-ഹ്യുൻ അംഗീകരിച്ചിട്ടുണ്ട്. സാംസങ്ങിൻ്റെ സാങ്കേതിക വിഭാഗത്തിൻ്റെ ശേഷി കുറഞ്ഞുവരുന്നു എന്ന വിമർശനങ്ങളിൽ യംഗ്-ഹ്യൂൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ അവസരമാക്കി മാറ്റാൻ എല്ലായ്പ്പോഴും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച യംഗ്-ഹ്യൂൻ ഇത്തവണയും അതു തന്നെ ചെയ്യുമെന്നുമാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. പൊടുന്നനെയുള്ള പരിഹാരങ്ങളെ ആശ്രയിക്കുന്നതിനുപകരം, 'അടിസ്ഥാന മത്സരക്ഷമത' കാര്യക്ഷമമാക്കുന്നതിലും വിപണിയിൽ ഇതുവരെ നിലവിലില്ലാത്ത പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ നടത്തുന്നതിലും സാംസങ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കത്തിൽ യംഗ്-ഹ്യൂൻ ഓഹരി ഉടമകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

കമ്പനിയുടെ ഓർഗനൈസേഷണൽ സംസ്കാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിലെ മെച്ചപ്പെട്ട ആഭ്യന്തര ആശയവിനിമയം വേണ്ടതിനെക്കുറിച്ചും പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് പരിഹരിക്കുന്നതിന് വേഗത്തിൽ ഇടപെടുന്നതിനെക്കുറിച്ചും കത്തിൽ അദ്ദേഹം ജീവനക്കാർക്കായി സൂചിപ്പിച്ചിട്ടുണ്ട്.

സാംസങിൻ്റെ സ്മാർട്ട്ഫോൺ പ്രവർത്തനവുമായി ബന്ധപ്പെട്ട ഡിവിഷനുകളായ മെമ്മറി, അർദ്ധചാലക, ചിപ്‌സെറ്റ് മേഖലകളിൽ അത്ര മികച്ച പ്രകടനമല്ല കാഴ്ച വെയ്ക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മേഖലകളിൽ ഉണ്ടാകുന്ന സാങ്കേതിക മുന്നേറ്റം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങിൻ്റെ വരാനിരിക്കുന്ന മോഡലുകൾ ഉൾപ്പെടെയുള്ള ഭാവിയിലെ സ്മാർട്ട് ഫോണുകളുടെ പ്രകടനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ നിലയിൽ വിമർശനങ്ങളെ പരസ്യമായി അഭിസംബോധന ചെയ്യാനുള്ള സാംസങ്ങിൻ്റെ നീക്കത്തെ ധീരമായ ചുവടുവെയ്പ്പായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ നിലവിലെ സ്മാർട്ട്ഫോൺ വിപണിയുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാംസങിന് കഴിയുമോ എന്നാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
Content Highlights: Samsung apologises for lagging innovation and not meeting user Expectations

dot image
To advertise here,contact us
dot image