ഇലോൺ മസക്ക് ഒരിക്കൽ പറയുകയുണ്ടായി റോബോട്ടുകൾക്ക് എല്ലാം ചെയ്യാൻ കഴിയുമന്ന്, എന്നാൽ ഇലോണിൻ്റെ റോബോട്ടായ ഹ്യൂമനോയിഡ് ഒപ്റ്റിമസിൻ്റെ അഭിപ്രായം അതല്ല. ഒപ്റ്റിമസിനെ സംബന്ധിച്ചിടത്തോളം മനുഷ്യനായി പെരുമാറാൻ വലിയ പാടാണ്. ടെസ്‌ലയുടെ റോബോട്ടിക്‌സും എഐ മുന്നേറ്റങ്ങളും പ്രദർശിപ്പിച്ചു കൊണ്ടുള്ള വീ റോബോട്ട് എന്ന ഇവൻ്റിലാണ് ഹ്യൂമനോയിഡ് ഒപ്റ്റിമസ്സ് ഇത്തരത്തിലൊരു കമൻ്റ പാസ്സാക്കിയത്. റോബോട്ടിക്സ് വരാനിരിക്കുന്ന കാലത്തെ എങ്ങനെ സ്വാധീനിക്കുമെന്നതിൻ്റെ ഒരു ദൃശ്യമാണ് വീ റോബോട്ട് ഇവൻ്റിലൂടെ ഇലോൺ മസക്കും ടെസ്ലയും പുറത്തു വിട്ടത്. ഡ്രൈവറില്ലാതെ ഓടിക്കാവുന്ന കാറുകൾ മുതൽ ഹ്യൂമനോയിഡ് റോബോട്ടുകൾ വരെ ഇവൻ്റിൽ ഉണ്ടായിരുന്നു. ഇവൻ്റിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന ഹ്യൂമനോയിഡ് ഒപ്റ്റിമസ്സും ഏറെ ജനപ്രീതി നേടിയിരുന്നു. നടത്തം, നൃത്തം, ഗ്ലാസ് പിടിക്കൽ, പുറകിലേക്ക് കൈ വീശൽ, സംസാരിക്കൽ എന്നത് ഉൾപ്പെടെയുള്ള ഒപ്റ്റിമസിൻ്റെ കഴിവുകൾ ഇവൻ്റിൽ പ്രകടമാക്കിയിരുന്നു.
വളരെ ഫളെക്സിബിളായി വ്യത്യസ്ത പ്രവൃത്തികൾ ചെയ്യുന്ന ഒപ്റ്റിമസ്സുമായി ഇവൻ്റിൻ്റെ അവസാനം ഗസ്റ്റുകൾ സംസാരിച്ചിരുന്നു. ഈ സമയത്താണ് ഒപ്റ്റിമസ്സുമൊത്ത് രസകരമായ സംഭാഷണങ്ങളുണ്ടായത്. ചടങ്ങിൽ ഒപ്റ്റിമസും ഒരു മനുഷ്യനും തമ്മിലുള്ള വളരെ രസകരമായ ഒരു സംഭാഷണത്തിൽ ഒരു റോബോട്ടായിരിക്കുന്നതിൻ്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം എന്താണെന്ന് ചോദിച്ചപ്പോൾ ഒപ്റ്റിമസിൻ്റെ മറുപടി ഇങ്ങനെയായിരുന്നു "നിങ്ങളെപ്പോലെ ഒരു മനുഷ്യനാകാൻ പഠിക്കാൻ ". ഇതേറെ കൗതുകവും ചിരിയും ചടങ്ങിൽ പടർത്തി. നിലവിൽ ഈ സംഭാഷണ വീഡിയോയിക്ക് 3.9 ദശലക്ഷം വ്യൂവാണ് ലഭിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ ഒപ്റ്റിമസ്സിന്റെ മറ്റൊരു വീഡിയോയും ഇപ്പോൾ ട്രൻഡിങാണ്. ചടങ്ങിനെത്തിയ ഒരു വ്യക്തിയുമായി റോക്ക് പേപ്പർ സിസ്സേഴ്സ് കളിക്കുന്ന ഒപ്റ്റിമസിനെയാണ് അതിൽ കാണാൻ കഴിയുന്നത്. ഹ്യൂമനോയിഡിൻ്റെ വീഡിയോകൾക്കെല്ലാം വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. ഭക്ഷണം സെർവ് ചെയ്യാനും കുട്ടികളെ നോക്കാനും നായ്ക്കളെ നടക്കാൻ കൊണ്ടുപോകാനുമൊക്കെ ഇതിന് കഴിയുമെന്നും ടെസ്ല അറിയിച്ചു.