ടെക്നോളജി ഉപയോഗിച്ച് ലോകമെങ്ങും എളുപ്പത്തിൽ തട്ടിപ്പുകൾ നടക്കുന്ന കാലമാണ്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെയും ഇത്തരത്തിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ഡിജിറ്റൽ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി വീഡിയോ കോൾ വിളിച്ചും തട്ടിപ്പുകൾ തുടങ്ങിയുട്ടുണ്ട്. എന്നാൽ തട്ടിപ്പുകാർ പുതിയ വഴികൾ തേടി ഇപ്പോൾ ജിമെയിലിലേക്കും എത്തിയിരിക്കുകയാണ്.
ഐ ടി ഉപദേശകനും, ടെക്ക് ബ്ലോഗറുമായ സാം മിട്രോവിക് ആണ് തനിക്കുണ്ടായ ഇത്തരത്തിലൊരു അനുഭവത്തെപ്പറ്റി തുറന്നുപറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്ന് സാം പറയുന്നു. തട്ടിപ്പിൻെറ രീതി ഇങ്ങനെയാണ്. ആദ്യം ഇമെയിലിൽ അക്കൗണ്ട് റിക്കവറി റിക്വസ്റ്റിന് അനുമതി നൽകാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു നോട്ടിഫിക്കേഷനാണ് വരിക. ജിമെയിൽ അക്കൗണ്ട് എടുക്കപ്പെട്ടിട്ടുള്ള രാജ്യത്തുനിന്നായിരിക്കില്ല, മറിച്ച് മറ്റൊരു രാജ്യത്തുനിന്നാകും ഈ റിക്വസ്റ്റ് വരിക. ആ റിക്വസ്റ്റിന് അനുമതി നൽകാതെ ഡിക്ലയിൻ ചെയ്‌താൽ അടുത്തത് ഗൂഗിളിന്റെ ഔദ്യോഗിക നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ വരും.
ഈ ഫോൺ കോൾ തികച്ചും വിശ്വസനീയമായി തോന്നുമെന്നാണ് സാം പറയുന്നത്. വളരെ താഴ്മയോടെ, നല്ല ഭാഷയിൽ, അവർ നിങ്ങളുടെ അക്കൗണ്ടിന്റെ റിക്കവറി റിക്വസ്റ്റിന് അനുമതി നൽകാൻ ആവശ്യപ്പെടും. ഫോൺ നമ്പറും സംസാരിക്കുന്ന രീതിയുമെല്ലാം വളരെ മാന്യമായതിനാൽ ആരും വീണുപോകുമെന്ന് ഉറപ്പ്. എന്നാൽ അങ്ങനെ നൽകിയാൽ നമ്മുടെ ജിമെയിൽ ഹാക്കർമാരുടെ കയ്യിൽ എത്തിപ്പെടുകയും വ്യക്തിവിവരങ്ങൾ ചോർത്തപ്പടുകയും ചെയ്യും.
ഈ തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും സാം മിട്രോവിക് പറയുന്നുണ്ട്. അതിനാദ്യം വേണ്ടത്, ഇത്തരം റിക്കവറി റിക്വസ്റ്റുകൾക്ക് അനുമതി നൽകാതിരിക്കുക എന്നതാണ്. അങ്ങനെ നൽകിയാൽ ഏത് നിമിഷവും ഡാറ്റ ചോർത്തപ്പെടും. രണ്ട്, ഗൂഗിൾ ഫോൺ കോളുകൾ കൃത്യമായി വെരിഫൈ ചെയ്യുക എന്നതാണ്. ഗൂഗിളിന്റെ ബിസിനസ് സർവീസുകളിൽ ഏർപ്പെടാത്തവർക്ക് ഇത്തരം കോളുകൾ വരാനുള്ള ഒരു സാധ്യതയുമില്ല. അങ്ങനെ വന്നാൽ ഫോൺ നമ്പർ കൃത്യമായി വെരിഫൈ ചെയ്യണം.
മൂന്നാമത്, ഇമെയിൽ അഡ്രസുകൾ കൃത്യമായി പരിശോധിക്കുക എന്നതാണ്. ഇവ ഇച്ചിരി പ്രയാസകരമായ കാര്യമാണെങ്കിലും ഡൊമൈനിന്റെ പേരുകളിൽ ഒരു ശ്രദ്ധ വെച്ചാൽ തട്ടിപ്പുകളെ പ്രതിരോധിക്കാവുന്നതാണ്. അടുത്തത് നിരന്തരമായി നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിന്റെ സെക്യൂരിറ്റി ഉറപ്പുവരുത്തുക എന്നതാണ്. അമധികൃത ലോഗ് ഇന്നുകളും മറ്റും കൃത്യമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ ഒരു വലിയ തട്ടിപ്പിൽ നിന്ന് എളുപ്പം രക്ഷപ്പെടാവുന്നതാണ്.
Content Highlights: steps to prevent hackers from accessing gmail