ഉത്സവാഘോഷങ്ങളുടെ അന്തരീക്ഷത്തിൽ വമ്പൻ ഓഫർ സെയിലുകളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ ഉൾപ്പെടെ രംഗത്ത് വന്നതോടെ ഗാഡ്‌ജറ്റുകളുടെ വിപണി രാജ്യത്ത് സജീവമാണ്. ഒക്ടോബറിൻ്റെ സാധ്യത മുതലെടുക്കാൻ നൂതനമായ സാങ്കേതിക സംവിധാനങ്ങളോടെ കൂടുതൽ ഫീച്ചറുകൾ ഗാഡ്ജറ്റുകളിൽ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ് വിപണിയിലെ ഗാഡ്‌ജറ്റ് നിർമ്മാതാക്കളെല്ലാം. ഈ നിലയിൽ വിവിധ കമ്പനികൾ പുതിയ ഉപകരണങ്ങളും ഫീച്ചറുകളും അവതരിപ്പിക്കുന്ന ലോഞ്ചിങ് ഇവൻ്റുകൾ കൊണ്ടു കൂടി ശ്രദ്ധേയമാണ് ഒക്ടോബർ. അതിനൊപ്പം തന്നെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ഫീച്ചറുകളെയും അപ്ഡേറ്റുകളെയും സംബന്ധിച്ച വാർത്തകളും ഒക്ടോബറിൽ പുറത്ത് വന്നിരുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇവൻ്റുകളും ഈ മാസം പുറത്ത് വന്ന അപ്ഡേറ്റുകൾ സംബന്ധിച്ച പ്രധാനപ്പെട്ട വാർത്തകളും ആകാംക്ഷയോടെയാണ് ടെക് ലോകം ഏറ്റെടുത്തിരിക്കുന്നത്.
ആപ്പിൾ ആഘോഷത്തിൻ്റെ മാസമാകും ഒക്ടോബർ എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഒക്ടോബർ അവസാനത്തോടെ ആപ്പിൾ ഒന്നിലധികം ഗാഡ്ജറ്റ് സീരീസുകൾ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ അവസാനം നടക്കുന്ന ഇവൻ്റിലായിരിക്കും അപ്പിൾ ടെക് ലോകത്തെ വിസ്മയിപ്പിക്കുന്ന അവതരണങ്ങൾ നടത്തുക. മാക് ലൈനപ്പുകൾക്കായി M4 ചിപ്പ് അപ്‌ഗ്രേഡ് സൈക്കിൾ ഈ ഇവൻ്റോടെ ആപ്പിൾ അവതരിപ്പിക്കുമെന്നാണ് വാർത്തകൾ.അടുത്ത തലമുറ മാക്ബുക്ക് പ്രോ, പുനർരൂപകൽപ്പന ചെയ്ത മാക് മിനി, പുതിയ 24 ഇഞ്ച് ഐമാക് എന്നിവ ഈ ഇവൻ്റിൽ പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മാക് മിനി കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് പ്രതീക്ഷ.മാക് ബുക്ക് പ്രോ, ഐമാക് എന്നിവയിലും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത തലമുറ ഐപാഡ് മിനിയും ഈ ഇവൻ്റിൽ അവതരിപ്പിച്ചേക്കാം എന്നാണ് റിപ്പോർട്ട്.
ഒക്ടോബറിൽ ഏറ്റവും സജീവമായി ചർച്ചകളിൽ ഇടംപിടിച്ചത് ഐഫോൺ SEയുടെ അടുത്ത തലമുറ സീരീസിന്റെ ലോഞ്ചിൻ്റെ വാർത്തകളാണ്. മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയെ പിടിച്ചുകുലുക്കാൻ ഐഫോൺ SE 4ന് ശേഷിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 2025ലാണ് ഇതിൻ്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. എന്നാൽ ലീക്കായി പുറത്തെത്തിയ ഐഫോൺ SE 4ൻ്റെ വിശേഷങ്ങളാണ് ഒക്ടോബറിൽ ടെക് ലോകത്തെ ചൂടൻ ചർച്ചയ്ക്ക് വഴിതെളിച്ചത്. ലീക്കായ വിവരങ്ങൾ പ്രകാരം ഐഫോൺ SE 4, 6.1 ഇഞ്ച് ഒഎൽഈഡി ഡിസ്‌പ്ലേയുമായി എത്തുമെന്നാണ് പ്രതീക്ഷ. ഐഫോൺ SE 4ലെ ഏറ്റവും ആകർഷകമായി മാറാൻ പോകുന്നത് അതിൻ്റെ ക്യാമറയാകും. പുറത്ത് വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ പ്രധാന ക്യാമറ 48 എംപി ആയിരിക്കും. ഇത് മുൻ മോഡലുകളിൽ ഉണ്ടായിരുന്ന 12 എംപിയിൽ നിന്ന് വലിയൊരു കുതിച്ചു ചാട്ടമായിരിക്കും. 8 ജിബി വരെ റാമുണ്ടായേക്കാവുന്ന എസ്ഇ 4ന് മൾട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, എഐ അധിഷ്ഠിത ടാസ്‌ക്കുകൾ എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ, മികച്ച ഇമേജ് എഡിറ്റിംഗ്, ടെക്സ്റ്റ് റീറൈറ്റിംഗ് എന്നിവ പോലുള്ള വിപുലമായ സവിശേഷതകളും ഇതിൽ ഉണ്ടായേക്കാം. ഉയർന്ന നിലവാരമുള്ളതും എന്നാൽ കൂടുതൽ ബഡ്ജറ്റ്-ഫ്രണ്ട്‌ലിയുമായ ഒരു ഫോണിനായി തിരയുന്നവർക്ക് ഐഫോൺ എസ്ഇ 4 ഒരു മികച്ച ഓപ്ഷനായിരിക്കുമെന്നാണ് വിലയിരുത്തൽ. ആപ്പിളിൻ്റെ പ്രോ മോഡലുകൾക്ക് മാത്രമുള്ള ആക്ഷൻ ബട്ടൺ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്യാമറ, ഫ്ലാഷ്‌ലൈറ്റ് അല്ലെങ്കിൽ ചില ആപ്പുകൾ ഉൾപ്പടെയുള്ളതിലേക്ക് വേഗത്തിൽ ആക്‌സസ് നേടാൻ ആക്ഷൻ ബട്ടൺ സഹായിക്കുന്നു. ഇതോടൊപ്പം മികച്ച ബാറ്ററി ലൈഫും യൂസേഴസിന് പ്രതീക്ഷിക്കാം.
മെറ്റയുമായി മത്സരിക്കാൻ ആപ്പിൾ വിഷൻ ലൈൻ ഉപകരണങ്ങളിൽ കൂടുതൽ മികച്ച ഉപകരണങ്ങൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. വിഷൻ ഹെഡ്‌സെറ്റ്, സ്മാർട്ട് ഗ്ലാസുകൾ, ക്യാമറകൾ ഘടിപ്പിച്ച എയർപോഡുകൾ എന്നിവ പുറത്തിറക്കാനാണ് ആപ്പിൾ ഒരുങ്ങുന്നതെന്നാണ് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട്. ആപ്പിളിൻ്റെ വിഷൻ പ്രൊഡക്‌ട്‌സ് ഗ്രൂപ്പ് കുറഞ്ഞത് നാല് പുതിയ വിഷൻ പ്രോ ഹെഡ്‌സെറ്റ് ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ ഒരെണ്ണം അടുത്ത വർഷം ആദ്യം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്മാർട്ട് ഹോം മാർക്കറ്റിലേക്കും ആപ്പിൾ സ്മാർട്ട് എൻട്രിക്ക് ശ്രമിക്കുന്നുവെന്നാണ് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ട്. മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം നൽകുന്നതിനായി പുതിയ ഉൽപ്പന്നങ്ങളും സോഫ്‌റ്റ്‌വെയറും വികസിപ്പിക്കുന്നതിനാൽ തന്നെ ആപ്പിളിൻ്റെ പ്രധാന മുൻഗണനയായി ഹോം ഹാർഡ്‌വെയർ മാറുമെന്നാണ് ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ വ്യക്തമാക്കുന്നത്.
iCloud ഇമെയിൽ വിലാസം മാറ്റാൻ പുതിതായി വരാനിരിക്കുന്ന iOS 18.1 അപ്ഡേറ്റ് അനുവദിക്കുമെന്നാണ് റിപ്പോർട്ട് ആപ്പിൾ ഉപഭോക്താക്കളെ എക്സൈറ്റ് ചെയ്യിച്ചിട്ടുണ്ട്. iOS 18.1 അപ്‌ഡേറ്റ് വരുന്നതോടെ സെറ്റിങ്ങ്സ് ആപ്പ് വഴി നേരിട്ട് അവരുടെ പ്രാഥമിക iCloud ഇമെയിൽ വിലാസം മാറ്റാൻ ഐഫോൺ ഉപയോക്താക്കളെ ആപ്പിൾ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിക്കാതെയോ അപരനാമം സജ്ജീകരിക്കാതെയോ അവരുടെ പ്രധാന Apple iCloud ഇമെയിൽ വിലാസം പരിഷ്‌ക്കരിക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ പ്രാപ്‌തമാക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ സാംസങ്ങ് ഗാലക്സി റിങ്ങിന് ഇപ്പോൾ പ്രീ റിസർവേഷൻ ലഭ്യമാണ്. ജൂലൈയിൽ ഗ്യാലക്സി Z 6 സീരീസ് ഫോൾഡബിൾ ഡിവൈസുകൾക്കൊപ്പമായിരുന്നു ഇത് ആദ്യം ലോഞ്ച് ചെയ്തത്. അടുത്ത തലമുറ ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് വെയറബിൾ എന്ന നിലയിൽ ഏറെ ശ്രദ്ധേയമായിരുന്നു ഗാലക്സി റിങ്ങ്. ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള പുതിയ വിപണികളിലേക്ക് വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് പ്രീ റിസർവേഷൻ നടന്നു കൊണ്ടിരിക്കുന്നത്. ഒക്‌ടോബർ 15 വരെയാണ് പ്രീ-റിസർവേഷന് അവസരമുള്ളത്. ഏറെ താമസിയാതെ ഗാലക്സി റിങ്ങ് ഇന്ത്യൻ വിപണിയിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ട്.
Xbox ഗെയിം ലൈബ്രറികളുടെ സ്ട്രീമിംഗ് അടുത്ത മാസം അനുവദിക്കാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു എന്നതാണ് ഒക്ടോബറിൽ പുറത്ത് വന്ന മറ്റൊരു വലിയ വാർത്ത. നിലവിൽ, Xbox ആപ്പിലൂടെ മുൻകൂട്ടി തിരഞ്ഞെടുത്ത ശീർഷകങ്ങളുടെ പരിമിതമായ തിരഞ്ഞെടുപ്പ് മാത്രമേ ഉപയോക്താക്കൾക്ക് സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ നവംബർ മുതൽ ഈ നിയന്ത്രണങ്ങൾ നീക്കുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കൾക്ക് അവർക്ക് സ്വന്തമായ ഏത് ഗെയിമും സ്ട്രീം ചെയ്യാൻ കഴിയും.
ആൻഡ്രോയിഡ് പിന്തുണ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിൻ്റെ ഭാഗമായി വാവെയ് അതിൻ്റെ ഉപകരണങ്ങൾക്കായി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ HarmonyOS NEXT അടുത്ത ആഴ്ച അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഒക്ടോബർ 15 മുതൽ മേറ്റ് 60, മേറ്റ് എക്സ് 5, മേറ്റ്പാഡ് പ്രോ എന്നിവയ്‌ക്ക് പുതിയ ഒഎസ് തുടക്കത്തിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ വാവെയ് ഏറ്റവും പുതുതായി പുറത്തിറക്കിയ മേറ്റ് എക്‌സ്‌ടി ട്രൈ-ഫോൾഡ് സ്‌മാർട്ട്‌ഫോണിന് ഒരു അപ്‌ഡേറ്റ് ലഭിക്കുമോ എന്ന് വ്യക്തമല്ല.
2021ലെ സ്വകാര്യതാ നയത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നേരിടുന്ന വാട്ട്സ്ആപ്പിനെ കാത്തിരിക്കുന്നത് എന്താണെന്ന ആകാംക്ഷയും ഒക്ടോബറിൽ ടെക്ക് ലോകത്ത് ചർച്ചാ വിഷയമാണ്. നിലവിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷിക്കുന്ന ഈ വിഷയത്തിൽ താമസിയാതെ വിധിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവിനൊപ്പം പിഴയും ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: The launch of Apple's different series and Samsung's 'Healthy' Galaxy Rings in October has created a lot of excitement in the tech world.