ടെക്ക് ലോകത്തെ ഞെട്ടിക്കാനൊരുങ്ങി സാംസങ്. പുതിയ കിടിലൻ എ ഐ ഫീച്ചേഴ്‌സുള്ള റിംഗുമായി എത്തുന്ന സാംസങ് പ്രീ ഓർഡറുകൾ ഇന്ന് അവസാനിക്കും. മൂന്ന് നിറങ്ങളിലും ഒമ്പത് വലിപ്പത്തിലുമുള്ള സാംസങ് ഗാലക്‌സി റിംഗ് ഇതിനകം തരംഗമായി കഴിഞ്ഞു. പ്രീ-ബുക്കിംഗ് പ്രമോഷൻ്റെ ഭാഗമായി വിവിധ ആനുകൂല്യങ്ങളും നിലവിൽ സാംസങ് വാഗ്ദാനം ചെയുന്നുണ്ട്. റീഫൻഡബിൾ ടോക്കൺ കൊടുത്തു ഇത് പ്രീ ബുക്ക് ചെയ്യാം. 1999 രൂപയാണ് ഇതിന്റെ പ്രീ ബുക്ക് റേറ്റ്. ഈ വർഷം ജൂലൈയിൽ പാരീസിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റിലാണ് സാംസങ് ഗാലക്‌സി റിംഗ് ആഗോളതലത്തിൽ അവതരിപ്പിച്ചത്.
സാംസങ് ഇന്ത്യ വെബ്സൈറ്റിലോ ആമസോണിലോ, ഫ്ലിപ്കാർട്ടിലോ ആവും സാംസങ് ഗാലക്‌സി റിംഗ് ലഭ്യമാവുക.സാംസങ് ഗാലക്സി റിംഗിൻ്റെ മുൻകൂർ റിസർവേഷൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഒരു കോംപ്ലിമെൻ്ററി വയർലെസ് ചാർജർ ഡ്യുവോ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാവും ഇന്ത്യയിൽ ലഭിക്കുക. കൂടാതെ സാംസങ് ഷോപ്പ് ആപ്പ് വഴി വാങ്ങുന്നവർക്ക് 1000 രൂപ വരെ വിലയുള്ള വെൽക്കം വൗച്ചറും ലഭിക്കും. ഒക്ടോബർ 15 വരെയാണ് പ്രീ-റിസർവേഷൻ വിൻഡോ തുറന്നിരിക്കുക. വിപണിയിലേക്ക് ഒക്ടോബർ 16 മുതലാവും ഇവ എത്തുക എന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ സാംസങ് ഗാലക്‌സി റിങ്ങിന്റെ അന്തിമ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തിരഞ്ഞെടുത്ത ആഗോള വിപണികളിൽ നിലവിൽ 399 ഡോളറാണ് ഇതിൻ്റെ വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 34,000 രൂപ ആണ് ഇതിൻ്റെ വില. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗോൾഡ് ഫിനിഷുകളിൽ ഈ റിങ് ലഭ്യമാണ്. ഒരു വട്ടം ചാർജ് ചെയ്താൽ ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നില നിൽക്കും.
സാംസങ് ഗാലക്സി റിങ്ങിൽ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനുള്ള എഐ കഴിവുകൾ ഉണ്ടാവുമെന്നാണ് കമ്പനി അറിയിച്ചത്. ഇത് ഉപയോക്താക്കളുടെ എനർജി നില, ഉറക്ക ഘട്ടങ്ങൾ, പ്രവർത്തനം, ഹൃദയമിടിപ്പ് അടക്കം നിരീക്ഷിക്കും. ജെസ്റ്റർ കൺട്രോളുകളും സാംസങ്ങിൻ്റെ സ്മാർട്ട് തിംഗ്സ് ഫൈൻഡ് ഫീച്ചറും ഇതിൽ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.