ഐഫോണിന്റെ പെർഫോമൻസിന് മാത്രമല്ല ലൂക്കിനും ആരാധകർ ഏറെയാണ്. എന്നാൽ പുതിയതായി ചർച്ചയായിരിക്കുന്നത് ഓപ്പോ ഫൈൻഡ് X8ൻ്റെ ഐഫോൺ 16 പ്രോയുമായുള്ള സാമ്യമാണ്. ഐഫോൺ 16 പ്രോയോട് കിടപിടിക്കുന്ന ഡിസൈനുമായാണ് ഓപ്പോയുടെ പുതിയ മോഡൽ എത്തിയിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. ടിപ്സർ ഡിജിറ്റൽ ചാറ്റ്സ്റ്റേഷൻ പങ്കുവെച്ച ഓപ്പോ ഫൈൻഡ് X8ൻ്റെ ഉയർന്ന ക്വാളിറ്റിയുള്ള ജീവൻ തുടിക്കുന്ന ചിത്രത്തിന് താഴെ കമൻ്റായാണ് ഓപ്പോ ഫൈൻഡ് X8ൻ്റെ രൂപത്തിന് ഐഫോൺ 16 പ്രോയുമായി സാമ്യമുണ്ടെന്ന് അഭിപ്രായം പങ്കുവെയ്ക്കപ്പെട്ടത്.രണ്ട് ഫോണിൻ്റെയും ഓരോ ഭാഗങ്ങൾ വീതമെടുത്ത് താരതമ്യപ്പെടുത്തുന്ന കമൻ്റും പങ്കുവെയ്ക്കപ്പെട്ടിരുന്നു.
ഐഫോൺ 16 പ്രോയുടെ പോലെ തന്നെ മാറ്റ് ഫിനിഷ് ബാക് ഗ്ലാസ്സാണ് ഓപ്പോ ഫൈൻഡ് X8നും ഉള്ളത്. കാണാൻ മാത്രമല്ല ഇൻഹാൻഡ് എക്സ്പീരിയൻസിലും ഇത് സമാനമായ അനുഭവമാണ് നൽകുന്നത്. ഫ്ലാറ്റ് മിഡിൽ ഫ്രെയിം എന്ന വലിയ സമാനതയും ഇതിനുണ്ട്. വിവോ കുടുംബത്തിലെ മുൻഗാമിയായ വിവോ X200 പ്രൊയെക്കാൾ സാമ്യം ഐഫോൺ 16 പ്രോയോടാണ് എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങൾ.
ജനറേറ്റീവ് എഐ ഫീച്ചറുകളാണ് ഓപ്പോ ഫൈൻഡ് X8ൻ്റെ ഹൈലൈറ്റ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു ജനറേറ്റീവ് AI- പവർഡ് സ്റ്റിക്കർ ജനറേറ്റർ വഴി ടെക്‌സ്‌റ്റ് അധിഷ്‌ഠിത നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഉപയോക്താവിന് മെസേജിങ്ങ് പ്ലാറ്റ്‌ഫോമുകളിലെ ചാറ്റുകളിൽ സ്റ്റിക്കറുകൾ പങ്കിടാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൻ്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.
നേർത്ത ബെസലുകളുമുള്ള 1.5K റെസല്യൂഷനും 6.5 ഇഞ്ച് BOEയും ഉള്ള ഡിസ്‌പ്ലേയാണ് ഓപ്പോ ഫൈൻഡ് X8-ൽ സജ്ജീകരിച്ചിരിക്കുന്നതെന്ന് ലീക്കായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. ഇതിന് ഒരു ഗ്ലാസ് റിയർ പാനൽ ഉണ്ടായിരിക്കും. MediaTek Dimensity 9400 ചിപ്‌സെറ്റാണ് ഓപ്പോ ഫൈൻഡ് X8നെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 16ജിബിവരെ LPDDR5T റാമും 1TB വരെ UFS 4.0 ഇൻ-ബിൽറ്റ് സ്റ്റോറേജുമായി പെയർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 80W SuperVOOC ചാർജിംഗിൻ്റെ പിന്തുണയുള്ള 5,700mAh ബാറ്ററിയാണ് ഓപ്പോ ഫൈൻഡ് X8ൻ്റെ മറ്റൊരു സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓപ്പോ ഫൈൻഡ് X8 കൂടുതൽ സ്ലിം ആയിരിക്കുമെന്നാണ് റിപ്പോർട്ട്. 7.85 എംഎം ആണ് ഇതിൻ്റെ തിക്ക്നെസ്സ്. 193 ഗ്രാമാണ് ഇതിൻ്റെ ഭാരം. ഐഫോൺ 16 പ്രോയുടെ തിക്ക്നെസ് 8.3 എംഎമ്മും ഭാരം 199 ഗ്രാമുമാണ്.