ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഓഫ്‌ലൈന്‍ ഡിവൈന്‍ ലോക്ക്, റിമോട്ട് ലോക്ക് തുടങ്ങിയ ഫീച്ചറുകള്‍ ശ്രദ്ധേയമാകുന്നു. ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഫോണോ ടാബ്‌ലെറ്റുകളോ നഷ്ടമായാലോ മോഷ്ടിക്കപ്പെട്ടാലോ സ്വകാര്യ ഡാറ്റ സംരക്ഷിക്കാനാണ് ഗൂഗിള്‍ ഈ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍ ആരെങ്കിലും ഫോണ്‍ തട്ടിയെടുക്കുകയാണെങ്കില്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുന്ന രീതിയിലാണ് സംവിധാനം. ഫോണിൻ്റെ സ്‌ക്രീന്‍ പെട്ടെന്ന് ഓഫാക്കി സ്വകാര്യ വിവരങ്ങൾ മോഷ്ടാവിലേയ്ക്ക് എത്തുന്നത് തടയുന്നത്.
തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കിന് പുറമേ ഉപയോഗിക്കാത്ത സമയത്ത് ഓട്ടോമാറ്റിക്കായി ഫോണിന്റെ സ്‌ക്രീന്‍ ലോക്ക് ആയി സംരക്ഷണം നല്‍കുന്ന ഓഫ്ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്ന് ഫീച്ചറുകളും ഇതില്‍ കാണാം. ആവശ്യം അനുസരിച്ച് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ പുതിയ സുരക്ഷാ ഫീച്ചര്‍ നിലവില്‍ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷാവോമിയുടെ 14ടി പ്രോയില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയതായി മിഷാല്‍ റഹ്‌മാന്‍ എന്നയാള്‍ ത്രെഡ്സില്‍ പോസ്റ്റ് ചെയ്തു.
പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് സംവിധാനത്തിനുള്ളത്. അതില്‍ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്. ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും അത് മറ്റൊരാളുടെ കൈവശമാണെന്നും മെഷീന്‍ ലേണിങ് സംവിധാനം ഉപയോഗിച്ച് മനസ്സിലാക്കും. ഉടന്‍ തന്നെ ഫോണ്‍ തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോണ്‍ തുറക്കാന്‍ സാധിക്കാതെ വരും.
ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക് ആണ് മറ്റൊരു ഭാഗം. ഫോണിൽ നിന്ന് നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വിച്ഛേദിക്കപ്പെട്ടാല്‍ ഫോണ്‍ ലോക്കാവും. ഫോണ്‍ അസ്വാഭാവികമായി ഓഫ്‌ലൈന്‍ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാള്‍ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചര്‍ ഫോണിന് സുരക്ഷ സുരക്ഷ നല്‍കും. റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്. ഫൈന്റ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് ഉപഭോക്താവിന് ഫോണ്‍ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും. സെറ്റിങ്സില്‍-ഗൂഗിള്‍-ഗൂഗിള്‍ സര്‍വീസസ് മെനു തുറന്നാല്‍ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളില്‍ തെഫ്റ്റ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ കാണാം. ഏറ്റവും പുതിയ ഗൂഗിള്‍ പ്ലേ അപ്ഡേറ്റ്സാണ് ഫോണിലെന്ന് ഉറപ്പുവരുത്തുക.