മസ്ക്-മുകേഷ് പോരിൽ കേന്ദ്ര സർക്കാർ സ്റ്റാർലിങ്കിനൊപ്പം?; ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആവശ്യം തള്ളി

ഇന്ത്യയിലെ വമ്പന്മാരായ അംബാനിയുടെയും മിത്തലിൻ്റെയും നേതൃത്വത്തിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്

dot image

‌ഇന്ത്യയിലെ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രവുമായി ബന്ധപ്പെട്ട ത‍ർക്കത്തിൽ സ്റ്റാ‌‍ർലിങ്കിന് അനുകൂലമായി നിലപാടുമായി കേന്ദ്ര സ‍‌ർക്കാർ.മസ്‌കിൻ്റെ സ്റ്റാർലിങ്ക് പോലുള്ള വിദേശ കമ്പനികളിൽ നിന്ന് വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന കേന്ദ്ര സർക്കാർ നയത്തിൻ്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മേഖലയിലെ ഇന്ത്യയിലെ വമ്പന്മാരായ അംബാനിയുടെയും മിത്തലിൻ്റെയും നേതൃത്വത്തിലുള്ള ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഈ വിഷയത്തിലെ കേന്ദ്ര സർക്കാരിൻ്റെ നിലപാട് സ്റ്റാർലിങ്കിന് അനുകൂലമാണെന്നാണ് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം നൽകുന്ന സൂചന. കഴിഞ്ഞ ദിവസം എക്‌സ് പോസ്റ്റിലൂടെ മസ്‌ക് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞത് ഇതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളുടെ ഉടമകളായ മുകേഷ് അംബാനിയും സുനിൽ മിത്തലും സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം പണം നിശ്ചയിച്ച് അനുവദിച്ച് നൽകരുതെന്നും ലേലം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോടാണ് ഏറ്റവും ഒടുവിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖം തിരിച്ചിരിക്കുന്നത്. ലോകമെമ്പാടും സ്പെക്ട്രം വിതരണം ചെയ്യുന്ന രീതിയാണ് ഇന്ത്യയും പിന്തുടരുന്നത് എന്നാണ് സിന്ധ്യ വ്യക്തമാക്കിയത്. സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സ്‌പെക്‌ട്രം സൗജന്യമായി നൽകാനാവില്ലെന്നും പ്രാദേശിക റെഗുലേറ്റർ സ്പെക്ട്രത്തിൻ്റെ വിലനിർണ്ണയത്തിന് മേൽനോട്ടം വഹിക്കുമെന്നുംജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.‌ സ്റ്റാർലിങ്ക് പോലെയുള്ള പുതുമുഖങ്ങൾക്ക് സ്പെക്‌ട്രം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിലെ ആശങ്കകൾക്ക് കേന്ദ്ര സർക്കാർ വിശദീകരണം നൽകുമ്പോഴും ഇലോൺ മസ്കും ഇന്ത്യൻ ശതകോടീശ്വരന്മാരുമായുള്ള തർക്കം തുടരുകയാണ്.

അസമമായ മത്സരഇടം സൃഷ്ടിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് മുൻകൂട്ടി നിശ്ചയിച്ച തുകയ്ക്ക് സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം കൈമാറാനുള്ള സർക്കാർ നീക്കത്തെ ജിയോയും ഭാരതി എയർടെലും എതിർക്കുന്നത്. ടെറസ്ട്രിയൽ വയർലെസ് ഫോൺ നെറ്റ്‌വർക്കുകൾക്കായി സ്പെക്‌ട്രം ലഭിക്കുന്നതിന് നേരത്തെ ലേലത്തിൽ മത്സരിക്കേണ്ടി വന്നിരുന്നത് ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം കാര്യത്തിൽ സ്റ്റാർലിങ്കിന് മുൻകൂട്ടി നിശ്ചയിച്ച തുകയ്ക്ക് വിൽക്കുന്നതിനെ ഇവർ എതിർക്കുന്നത്. സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം ലഭ്യമാകുന്നതോടെ സ്റ്റാർലിങ്ക് പോലുള്ള വിദേശ കമ്പനികൾക്ക് വോയ്‌സ്, ഡാറ്റ സേവനങ്ങൾ ഇന്ത്യയിൽ നൽകാൻ കഴിയും. നിലവിൽ രാജ്യത്തെ വമ്പന്മാരായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനും ഭാരതി എയർടെൽ ലിമിറ്റഡിനും ഈ നീക്കം ഭീഷണിയാണ്. രാജ്യത്തെ ഡാറ്റാ ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിലെത്തുന്നത് തിരിച്ചടിയാകുമെന്നാണ് ഇന്ത്യയിലെ ടെലികോം ഭീമന്മാർ വിലയിരുത്തുന്നത്.

സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രത്തിനായി ലേലം നടത്തണമെന്ന മുകേഷ് അംബാനിയുടെ നിലപാട് തള്ളുന്നതായാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. സാറ്റലൈറ്റ്, ടെറസ്ട്രിയൽ മൊബൈൽ സേവന ദാതാക്കൾക്കിടയിൽ സമമായ ഒരു മത്സരയിടം വേണമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രത്തിനായി ലേലം നടത്തണമെന്ന് മുകേഷ് അംബാനി ആവശ്യപ്പെട്ടത്. ഒക്ടോബർ 10ന് ഇത് സംബന്ധിച്ച് കേന്ദ്ര ടെലകോം മന്ത്രാലയത്തിന് മുകേഷ് അംബാനി കത്തയച്ചെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സ്പെക്ട്രം ലേലത്തിന് വെയ്ക്കണമെന്ന് ഭാരതി എയർടെൽ ലിമിറ്റഡിൻ്റെ ഉടമ സുനിൽ മിത്തലും ആവശ്യപ്പെട്ടിരുന്നു. എല്ലാവരേയും പോലെ, ഒരു ദിവസം മുമ്പ്, മിത്തലും ലേലത്തിന് അനുകൂലമായി ബാറ്റ് ചെയ്തിരുന്നു, നിലവിലുള്ള ടെലികോം ഓപ്പറേറ്റർമാർ ചെയ്തതുപോലെ ദാതാക്കൾ ഇന്ത്യയിൽ സ്പെക്‌ട്രം സുരക്ഷിതമാക്കണമെന്ന് പറഞ്ഞു. 'ടെലികോം കമ്പനികൾ വാങ്ങുന്നതുപോലെ അവർ സ്പെക്ട്രം വാങ്ങേണ്ടതുണ്ട്. അവർ ലൈസൻസ് ഫീസ് അടയ്ക്കുകയും ടെലികോം കമ്പനികൾ ചെയ്യുന്നതുപോലെ നെറ്റ്‌വർക്കുകൾ സുരക്ഷിതമാക്കുകയും വേണ'മെന്നും സുനിൽ മിത്തൽ കൂട്ടിച്ചേർത്തിരുന്നു. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഒരു വ്യവസായ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സുനിൽ മിത്തലിൻ്റെ പ്രതികരണം. ഇതിനിടെ രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സർക്കാരിൻ്റെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്.

Content Highlights: India will allocate satellite broadband spectrum, favoring Elon Musk’s Starlink over an auction system advocated by Mukesh Ambani and Sunil Mittal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us