അപ്രതീക്ഷിതമായിട്ടായിരുന്നു ഏഴാം തലമുറ ഐപാഡ് മിനിയുടെ ലോഞ്ചിങ് ഒക്ടോബർ 15ന് ആപ്പിൾ നടത്തിയത്. പുതിയതായി ആപ്പിൾ പുറത്തിറക്കുന്ന മാക്കിനൊപ്പം ഇതിൻ്റെ ലോഞ്ചിങ് ഉണ്ടാകുമെന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഐപാഡ് മിനി പുറത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഈ മാസം അവസാനമോ നവംബർ ആദ്യവാരമോ പ്രതീക്ഷിക്കപ്പെടുന്ന പുതിയ ഇവൻ്റാണ് ടെക്ക് ലോകത്തെ ആകാംക്ഷയിലാക്കുന്നത്. ഈ ഇവൻ്റിൽ മാക്ക്, M4 സിലിക്കൺ, ആപ്പിൾ ഇൻ്റലിജൻസ് എന്നിവയായിരിക്കും ആപ്പിളിൻ്റെ ഹൈലൈറ്റ് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മാക്ബുക്ക് പ്രോ, ഐമാക്, മാക് മിനി എന്നിവ അടക്കം ആപ്പിൾ അതിൻ്റെ മാക് ലൈൻ നവീകരിച്ച് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. M4 സീരീസ് ചിപ്പ് ഉപയോഗിച്ചായിരിക്കും ഇവ പ്രവർത്തിക്കുക. M4 ഐ മാക്കിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിൻ്റെ പുതിയ USB-C ആക്സസറികളായിരിക്കുമെന്നാണ് റിപ്പോർട്ട്. മാക് മിനിയിലാണ് ടെക് ലോകം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. പുതിയ M4 മാക് മിനി മുൻ മോഡലുകളേക്കാൾ ചെറുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025-ൻ്റെ തുടക്കത്തിൽ ഇത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് അഭ്യൂഹങ്ങൾ. എന്നിരുന്നാലും വരാനിരിക്കുന്ന ആപ്പിൾ ഇവൻ്റിൽ മാക്കുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ തന്നെയാകും ഹൈലൈറ്റ് എന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.
പുതിയ മാക്ബുക്ക് പ്രോ അതിൻ്റെ പ്രകടനം, കണക്റ്റിവിറ്റി, ഡിസൈൻ എന്നിവയിൽ കാര്യമായ അപ്‌ഗ്രേഡുകൾ വരുത്തുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന മോഡൽ അതിൻ്റെ എല്ലാ കോൺഫിഗറേഷനുകളിലും കുറഞ്ഞത് 16GB റാം ലഭ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്. 8GB മെമ്മറി ഫീച്ചർ ചെയ്യുന്ന നിലവിലെ അടിസ്ഥാന 14-ഇഞ്ച് M3 വേരിയൻ്റിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. മാക് ബുക്ക് പ്രോവിലേത് പോലെ തന്നെ വരാനിരിക്കുന്ന ഐമാക്കിലും സവിശേഷമായ പുതുമകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. M4 ചിപ്പ് ഉൾപ്പെടെ നിർണായകമായ നവീകരണങ്ങൾ ഐമാക്കിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ 8-കോറിന് പകരം 10-കോർ സിപിയു ഉപയോഗിച്ചാവും ഐമാക്കിൻ്റെ പുതിയ വേർഷൻ പുറത്തിറങ്ങുക.
പുറത്തിറങ്ങാനിരിക്കുന്ന മാക് മിനിയെ സംബന്ധിച്ചും വലിയ പ്രതീക്ഷകളാണ് ടെക് ലോകത്തുള്ളത്. 2101ന് ശേഷമുള്ള ഏറ്റവും സവിശേഷമായ അപ്ഡേറ്റുകളാണ് മാക് മിനിയിൽ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുമ്പത്തെ മോഡലിനേക്കാൾ ഉയരം കൂടിയേക്കാമെങ്കിലും ആപ്പിൾ ടിവിയുടെ വലിപ്പത്തിന് സമാനമായി ഇത് വളരെ ചെറുതായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാക് മിനി നേരിട്ട് M4 ചിപ്പിലേക്ക് പോകും. ഇത് M4, M4 പ്രോ ചിപ്പുകളുടെ കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുന്നു.
Content Highlights: Apples next event will likely be all about Mac