ഐഫോൺ 16നായി ലോകമെമ്പാടുമുള്ള ഐഫോൺ ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നത്. ലോഞ്ചിന് മുൻപുള്ള ദിവസങ്ങളിൽ തന്നെ ബുക്കിങ്ങുകൾ തീരുകയും വില്പന തുടങ്ങുന്ന ദിവസംതന്നെ ആപ്പിൾ ഔട്ട്‌ലെറ്റുകളിൽ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഫോണുകൾ ചൂടപ്പം പോലെ വിറ്റുപോയി എന്ന് മാത്രമല്ല, ഇപ്പോഴും വില്പന തകൃതിയായിത്തന്നെ നടക്കുകയാണ്. എന്നാൽ ഇപ്പോൾ ഐഫോൺ 16നെതിരെ ഒരു വലിയ രോഷം തന്നെ നെറ്റിസൺസ് പങ്കുവെയ്ക്കുന്നുണ്ട്. ഫോണിന് തീരെ ബാറ്ററി ലൈഫ് ഇല്ലെന്ന പരാതിയാണ് വ്യാപകമായി ഉയരുന്നത്.
നിരവധി പേരാണ് പുതിയ ഐഫോണിന് ബാറ്ററി കപ്പാസിറ്റി ഇല്ലെന്നും, ചാർജ് ഡ്രെയിൻ ആകുന്നുവെന്നുമുള്ള പരാതിയുമായി രംഗത്തെത്തിയത്. റെഡിറ്റ്, ആപ്പിൾ സപ്പോർട്ട് വെബ്‌സൈറ്റുകൾ തുടങ്ങിയ നിരവധി വെബ്‌സൈറ്റുകളിൽ ഉപയോക്താക്കളുടെ പരാതികൾ കുമിഞ്ഞുകൂടുകയാണ്.
ഐഫോൺ 16 പ്രൊ മാക്സ് സീരീസിലടക്കം ഈ പ്രശ്നം ഉണ്ടെന്നാണ് ഉപയോഗിക്കുന്നവരുടെ പരാതി. ഒരു ഉപയോക്താവിന്റെ പരാതി ഇങ്ങനെയാണ്.' ഞാൻ ഐഫോൺ 16 പ്രൊ മാക്സ് വാങ്ങിച്ചയാളാണ്. നാല് മണിക്കൂർ ഞാൻ ഫോൺ ഉപയോഗിക്കാതിരുന്നിട്ട് പോലും എനിക്ക് 20% ബാറ്ററി നഷ്ടമായി. എന്റെ കയ്യിലുണ്ടായിരുന്ന ഐഫോൺ 13 പ്രൊ മാക്സിനെക്കാളും കഷ്ടമാണ് 16ന്റെ അവസ്ഥ ! ഇങ്ങനെ ഒരു ഫോൺ ആർക്കും ഉണ്ടാകരുത് !'. തീർന്നില്ല, നിരവധി പേർ വീണ്ടും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഐഫോൺ 16 പ്രൊയുടെ ബാറ്ററി ലൈഫ് തീരെ മോശമെന്നും ആറ് മണിക്കൂർ ഉപയോഗിക്കുമ്പോൾതന്നെ 20 ശതമാനത്തിലേക്ക് താഴുന്നുവെന്നും ചിലർ പറയുന്നു.
ഇതുവരെയ്ക്കും ഈ ബാറ്ററി ലൈഫിന്റെ പ്രശ്നം പരിഹരിക്കാൻ ആപ്പിളിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമായിട്ടില്ല. ചിലർ 'സ്വയം' ഈ പ്രശ്നം പരിഹരിക്കാൻ കലണ്ടർ പോലുള്ള അപ്പ്ളിക്കേഷനുകൾ ഡിലീറ്റ് ചെയ്തും, നിരവധി ആപ്പിൾ ഫീച്ചറുകൾ ഡിലീറ്റ് ചെയ്തും ശ്രമിക്കുന്നുണ്ട്. ചിലർ ഫോൺ റീസെറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. ആപ്പിൾ ഈ വിഷയം ഉടൻ പരിഹരിക്കുമെന്നും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഉടൻ ഉണ്ടാകുമെന്നുമുളള പ്രതീക്ഷയിലാണ് മിക്ക ഉപയോക്താക്കളും.
Content Highlights: Iphone 16 facing serious battery drain issues