iOS 18.2ൻ്റെ ആദ്യ ഡെവലപ്പർ ബീറ്റ പുറത്തിറക്കി ആപ്പിൾ. പബ്ലിക് ബീറ്റയ്ക്കും പൊതു റിലീസിനും മുന്നോടിയായി ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളുടെ രണ്ടാം ബാച്ച് ഉൾപ്പെടെ ഡെവലപ്പർമാർക്ക് പരീക്ഷിക്കുന്നതിനായാണ് ആപ്പിൾ iOS 18.2ൻ്റെ ആദ്യ ഡെവലപ്പർ ബീറ്റ പുറത്തിറക്കിയിരിക്കുന്നത്. ആപ്പിളിൻ്റെ ഇമേജ് ജനറേഷൻ ഫീച്ചറുകളായ ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട് എന്നിവയ്ക്ക് പുറമെ മെച്ചപ്പെടുത്തിയ റൈറ്റിംഗ് ടൂളിനൊപ്പം 'നിങ്ങളുടെ മാറ്റം വിവരിക്കുക' എന്ന ടെക്‌സ്റ്റ് ഫീൽഡും iOS 18.2ൻ്റെ ആദ്യ ഡെവലപ്പർ ബീറ്റയുടെ ഫീച്ചറുകളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഐഫോൺ 16 സീരീസിലെ ക്യാമറ കൺട്രോൾ വഴി വിഷ്വൽ ഇൻ്റലിജൻസ് അപ്ഡേറ്റ് സാധ്യമാകുന്ന ഫീച്ചറും ഡെവലപ്പർ ബീറ്റയിലുണ്ടെന്നാണ് റിപ്പോർട്ട്. iOS 18.1-ൽ പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളുടെ ആദ്യ ബാച്ചിലാണ് iOS 18.2 നിർമ്മിക്കുന്നത്.
ഇമേജ് പ്ലേഗ്രൗണ്ട്: ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്നും തീം ആശയങ്ങളിൽ നിന്നും ഇഷ്‌ടാനുസൃത കാർട്ടൂൺ ശൈലിയിലുള്ള ചിത്രങ്ങൾ സൃഷ്‌ടിക്കാൻ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു. ഇമേജ് വാൻഡ് ആപ്പിൾ പെൻസിൽ കൊണ്ട് നിർമ്മിച്ച പരുക്കൻ രേഖാചിത്രങ്ങളെ പോളിഷ്ഡ് ചിത്രങ്ങളാക്കി മാറ്റുന്നു. സുഹൃത്തുക്കൾക്ക് പങ്കിടുന്നതിനായി പുതിയ ഇമോജികൾ രൂപകൽപ്പന ചെയ്യാൻ സ്റ്റാൻഡേർഡ് ഇമോജി കീബോർഡിലേക്ക് ജെൻമോജി എഡിറ്റർ കൂട്ടിയോജിപ്പിച്ചിട്ടുണ്ട്.
റൈറ്റിംഗ് ടൂളിൻ്റെ അപ്ഡേഷൻ: പ്രീസെറ്റ് പരിവർത്തനങ്ങൾക്ക് പുറമേ, ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം വാക്കുകളിൽ വേണ്ട മാറ്റങ്ങൾ വിവരിക്കുന്നതിന് ഒരു പുതിയ ടെക്സ്റ്റ് ഫീൽഡ് ഉണ്ടെന്നതാണ് ഈ ഫീച്ചറിലെ പ്രധാനഹൈലൈറ്റ്. iOS 18.2വിൽ ChatGPT-യെ റൈറ്റിംഗ് ടൂളുമായി കൂട്ടിച്ചേർത്തിട്ടുണ്ട്.
സിരിയിലേക്കുള്ള ChatGPTയുടെ കൂട്ടിച്ചേർക്കൽ: സിരിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത ആവശ്യങ്ങൾ ChatGPT-ലേക്ക് കൈമാറാൻ ഈ സവിശേഷത ഉപഭോക്താക്കളെ അനുവദിക്കുന്നു. ഉപയോക്തൃ സ്വകാര്യത പരിരക്ഷിക്കുന്നതിനായുള്ള മുൻകരുതലും കൈകൊണ്ടിട്ടുണ്ട്. അഭ്യർത്ഥന പ്രകാരം ChatGPT ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ ആദ്യം സിരിക്ക് വ്യക്തമായ അനുമതി നൽകണം.
വിഷ്വൽ ഇൻ്റലിജൻസ്: ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയിലെ ലോക്ക് സ്‌ക്രീനിലെ ക്യാമറ കൺട്രോൾ അമർത്തിപ്പിടിച്ച് പുതിയ വ്യൂഫൈൻഡറിലേക്ക് ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ആക്‌സസ് അനുവദിക്കുന്നു. ഇത് ഉപയോക്താക്കളെ വേഗത്തിൽ ഫോട്ടോ എടുക്കാനും അവരുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും സഹായിക്കുന്നു.
MacOS 15.2, iPadOS 18.2 എന്നിവയുടെ ബീറ്റകളിലും ആദ്യ പ്രിവ്യൂ ആയി ഈ സവിശേഷതകൾ ഡെവലപ്പർമാർക്ക് ലഭ്യമാണ്. ഐഒഎസ് 18.2 പൊതുഉപയോഗത്തിനായി എന്ന് പുറത്തിറക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഇത് ലഭ്യാമാകുമെന്ന് നേരത്തെ ആപ്പിൾ സൂചിപ്പിച്ചിരുന്നു.
Content Highlights: Apple has released the first developer beta of iOS 18.2. Apple tests more AI features, ChatGPT integration