കളം പിടിക്കാൻ കരുത്തൻ; ഓപ്പൺ എഐയുടെ 'ഓറിയോൺ' ഡിസംബറിൽ?

ഓപ്പൺഎഐയുടെ പ്രധാന പങ്കാളിയായ മൈക്രോസോഫ്റ്റ് അതിൻ്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ 'ഓറിയോൺ' ഹോസ്റ്റുചെയ്യാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്

dot image

ചാറ്റ്‌ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ ഈ വർഷം ഡിസംബറിൽ 'ഓറിയോൺ' എന്ന പേരിൽ അടുത്ത എഐ മോഡൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇത് GPT-4 നേക്കാൾ 100 മടങ്ങ് ശക്തമാണെന്നാണ് ദി വെ‍ർജ് റിപ്പോ‍ർ‌ട്ട് ചെയ്യുന്നത്. ഓപ്പൺഎഐ അവസാനം പുറത്തിറക്കിയ രണ്ട് മോഡലുകളായ GPT-4o, o1 എന്നിവയുടെ റിലീസിൽ നിന്ന് വ്യത്യസ്തമായാണ് ഓറിയോണിൻ്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്. ഓറിയോൺ തുടക്കത്തിൽ ChatGPT വഴി വ്യാപകമായി റിലീസ് ചെയ്യില്ലെന്നാണ് ദി വെ‍ർജിൻ്റെ റിപ്പോ‍ർട്ട് ചെയ്യുന്നത്.

ഇതിന് പകരം പുതിയ എഐ മോഡൽ ആദ്യം പങ്കാളി കമ്പനികൾക്ക് ലഭ്യമാക്കുകയും അവരുടെ സ്വന്തം ഉൽപ്പന്നങ്ങളും സവിശേഷതകളും നിർമ്മിക്കാൻ അവരെ അനുവദിക്കുകയും ചെയ്യുമെന്നാണ് റിപ്പോ‍ർട്ട്. എഐ മോഡലുകൾ വിന്യസിക്കുന്നതിനുള്ള ഓപ്പൺഎഐയുടെ പ്രധാന പങ്കാളിയായ മൈക്രോസോഫ്റ്റ് അതിൻ്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ 'ഓറിയോൺ' ഹോസ്റ്റുചെയ്യാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഓപ്പൺ എഐയോ അതിൻ്റെ സിഇഒ സാം ആൾട്ട്മാനോ ഇതുവരെ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തിൽ മൈക്രോസോഫ്റ്റും അഭിപ്രായം പറയാൻ വിസമ്മതിച്ചുവെന്നാണ് റിപ്പോ‍ർട്ട്.

പുതിയ മോഡലിനായുള്ള പരിശീലന പ്രക്രിയ ഓപ്പൺഎഐ കഴിഞ്ഞ മാസം പൂർത്തിയാക്കിയതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ പുതിയ മോഡലിൻ്റെ പേരുമായി ബന്ധപ്പെട്ട സൂചന സാം ആട്ട്മാൻ എക്സ് പോസ്റ്റിൽ നൽകിയിരുന്നു. 'ശീതകാല നക്ഷത്രസമൂഹങ്ങൾ ഉടൻ ഉയരുമെന്നതിൽ ആവേശമുണ്ട്, അവ വളരെ മികച്ചതാണ്' എന്നായിരുന്നു സെപ്റ്റംബർ 14ന് ആൾട്ട്മാൻ്റെ എക്സ് പോസ്റ്റ്. നവംബർ മുതൽ ഫെബ്രുവരി വരെ രാത്രി ആകാശത്ത് ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന ശൈത്യകാല നക്ഷത്രസമൂഹമായ ഓറിയോണിനെക്കുറിച്ചുള്ള ആൾട്ട്മാൻ്റെ സൂചന പുതിയ പതിപ്പിനെക്കുറിച്ചുള്ള അറിയിപ്പായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

ചീഫ് ടെക്‌നിക്കൽ ഓഫീസർ മീരാ മുരട്ടി ഉൾപ്പെടെ മൂന്ന് ഉയർന്ന എക്‌സിക്യൂട്ടീവുകൾ കഴിഞ്ഞമാസം ചാറ്റ്‌ജിപിടി ഡവലപ്പർ വിട്ടിരുന്നു. 2015-ൽ ഓപ്പൺഎഐ രൂപീകരിക്കാൻ ഒപ്പമുണ്ടായിരുന്ന 13 പേരിൽ മൂന്ന് പേർ മാത്രമാണ് ഇപ്പോൾ കമ്പനിയിൽ അവശേഷിക്കുന്നത്. മുരട്ടി സ്വന്തം AI സ്റ്റാർട്ടപ്പിൻ്റെ ധനസമാഹരണത്തിനായി വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളിൽ നിന്ന് പണം സ്വരൂപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Content Highlights: OpenAI could launch its next big GPT AI model in December

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us