റിലയൻസിന് മുന്നിൽ കീഴടങ്ങി അജ്ഞാതനായ ഡെവലപ്പർ?; JioHotstar.com ഡൊമെയ്‌ൻ തർക്കത്തിന് നാടകീയ അന്ത്യം!

JioHotstar.com ഡൊമെയ്‌നുമായി ബന്ധപ്പെട്ട് ഡൽഹി ആസ്ഥാനമായുള്ള ആപ്പ് ഡെവലപ്പറും റിലയൻസും തമ്മിലുള്ള തർക്കത്തിന് നാടകീയമായ അവസാനമെന്ന് സൂചന

dot image

JioHotstar.com ഡൊമെയ്‌നുമായി ബന്ധപ്പെട്ട് ഡൽഹി ആസ്ഥാനമായുള്ള ആപ്പ് ഡെവലപ്പറും റിലയൻസും തമ്മിലുള്ള തർക്കത്തിന് നാടകീയമായ അവസാനമെന്ന് സൂചന. 'എനിക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല, ഒരു നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ മാത്രം. ബൈ ബൈ. ഈ സൈറ്റ് ഉടൻ ഓഫ്‌ലൈനിലേക്ക് പോകും' എന്നാണ് ഡെവലപ്പർ ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. 'താങ്ക് യു പീപ്പിൾ ഓഫ് ഇൻറർനെറ്റ്' എന്ന തലക്കെട്ടിലുള്ള ഒരു പ്രസ്താവനയിലൂടെ, തനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത നിരവധി അഭിഭാഷകരോട് ഡവലപ്പർ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം അറിഞ്ഞതിന് പിന്നാലെ സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതികളിൽ നിന്നും കേംബ്രിഡ്ജ്. ലണ്ടൻ, കാലിഫോർണിയ, ടെക്സസ് അതിശയകരമെന്ന് പറയട്ടെ ബർലിനിൽ നിന്നുപോലും നിയമവിദഗ്ധർ സഹായവാഗ്ദാനവുമായി വന്നിരുന്നതായാണ് പ്രസ്താവനയിൽ അജ്ഞാതനായ ഡെവലപ്പർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ പോരാട്ടം തുടരുന്നത് തൻ്റെ കഴിവിന് അപ്പുറമാണെന്ന് പ്രസ്താവനയിൽ ഡെവലപ്പർ സമ്മതിക്കുന്നുണ്ട്.

ഡൊമെയ്നുമായി ബന്ധപ്പെട്ടുള്ള പോരാട്ടത്തിൽ തനിക്ക് ധാരാളം പിന്തുണ ലഭിച്ചെങ്കിലും അത് തൻ്റെ കുടുംബത്തിന് വളരെയധികം സമ്മർദ്ദമുണ്ടാക്കിയെന്നാണ് ഡെവലപ്പർ വെളിപ്പെടുത്തുന്നത്. "എൻ്റെ മാതാപിതാക്കൾ വാർത്ത വായിച്ചു, അവർ ആശങ്കാകുലരാണ്, യഥാർത്ഥത്തിൽ സൂപ്പർ സൂപ്പർ വറീഡാണ്. ഒരുപക്ഷേ നിയമപോരാട്ടം ഇനിയും കൈകാര്യം ചെയ്യാം. പക്ഷെ മാതാപിതാക്കളെ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നും ഡെവലപ്പർ കുറിച്ചു.

ഡൊമെയ്‌നിലുള്ള അവകാശവാദം മുറുകെ പിടിക്കണമെന്ന് നിരവധി നിയമ വിദഗ്‌ധർ ഉപദേശിച്ചെങ്കിലും റിലയൻസ് പോലൊരു ശക്തമായ സ്ഥാപനത്തിനെതിരായ തൻ്റെ നിലപാടിൻ്റെ പരിമിതികൾ ഡെവലപ്പർ ചൂണ്ടിക്കാണിച്ചു. ഡൊമെയ്ൻ കൈവശം വെയ്ക്കുന്നത് നിയമപരമാണെങ്കിലും, ഒരു നീണ്ട നിയമ പോരാട്ടം തനിക്ക് താങ്ങാൻ കഴിയുന്ന ഒന്നല്ലെന്നാണ് ഡെവലപ്പറുടെ വിശദീകരണം. 'ഞാൻ മനസ്സിലാക്കിയ നിരവധി നിയമപരമായ അഭിപ്രായങ്ങളുണ്ട്. എന്നാൽ കോടതി വിധി പറയുന്നതുവരെ വ്യക്തമായ ഉത്തരമില്ല. ഒരു വലിയ ഗ്രൂപ്പിനെതിരെ പോകാൻ എനിക്ക് അക്ഷരാർത്ഥത്തിൽ സമയവും വിഭവങ്ങളും ഇല്ല' എന്നാണ് ഡെവലപ്പർ വ്യക്തമാക്കിയിരിക്കുന്നത്.

റിലയൻസിൽ നിന്ന് അനുകമ്പ പ്രതീക്ഷിക്കുന്നുവെന്നും ഡൊമെയ്ൻ കൈവശം വെയ്ക്കുന്നതിൽ തനിക്ക് ദുരുദ്ദേശ്യമൊന്നുമില്ലെന്നും ഡെവലപ്പർ വ്യക്തമാക്കുന്നുണ്ട്. തൻ്റെ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിനായി ഒരു മാർഗ്ഗം എന്നത് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് ഡെവലപ്പർ പറയുന്നത്. 'അവർ ഇതിന് ഒരു പൈസ പോലും നൽകില്ലായിരിക്കാം, പക്ഷേ അവർ അത് അനുകമ്പയോടെ നോക്കുകയും അതിന് മാന്യമായ തുക നൽകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ഡെവലപ്പർ വ്യക്തമാക്കി. ഡൊമെയ്ൻ മാർക്കറ്റ്‌പ്ലെയ്‌സായ NameCheap-ൽ വിൽപ്പനയ്‌ക്കായി വെയ്ക്കാനാണ് ഡെവലപ്പറുടെ തീരുമാനം. 'റിലയൻസ് അത് വാങ്ങുന്നത് തുടർന്നും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ മാത്രമായി എനിക്ക് ഉണ്ടായിരുന്നത് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. ബൈ ബൈ. ഈ സൈറ്റ് ഉടൻ ഓഫ്‌ലൈനിലാകും' എന്ന് സൂചിപ്പിച്ചാണ് ഡെവലപ്പർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ jiohotstar.com എന്ന പേരിലുള്ള ഡൊമെയ്ൻ ഡെവലപ്പർ സ്വന്തമാക്കുകയായിരുന്നു. ഈ വെബ് അഡ്രസ് സേർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന ഹോം പേജിൽ തൻ്റെ ആവശ്യങ്ങൾ അറിയിച്ച് ഇയാൾ ഒരു കത്ത് പോസ്റ്റ് ചെയ്തിരുന്നു. റിലയൻസ് അധികൃതരെ അഭിസോബോധന ചെയ്തായിരുന്നു കത്ത്. സ്വന്തം സ്റ്റാർട്ടപ്പ് കമ്പനിയുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണെന്നും കേംബ്രിഡ്ജ് പഠനത്തിന് തയ്യാറെടുക്കുകയാണെന്നും അജ്ഞാതനായ ഈ ഡെവലപ്പർ കത്തിൽ സൂചിപ്പിച്ചിരുന്നു.

2023ൽ സോഷ്യൽമീഡിയ വഴിയാണ് ഹോട്ട്‌സ്റ്റാർ-ജിയോ ലയനത്തെക്കുറിച്ച് ആദ്യമായി അറിയുന്നതെന്നായിരുന്നു ഇയാളുടെ വാദം. നേരത്തെ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സാവൻ എന്ന കമ്പനിയെ ഏറ്റെടുത്തതിന് പിന്നാലെ ജിയോസാവൻ എന്നു റിലയൻസ് പേരുമാറ്റിയിരുന്നു ഇതുപോലെ ജിയോഹോട്ട്സ്റ്റാർ എന്ന പേരിലേയ്ക്ക് ഏറ്റെടുക്കലിന് പിന്നാലെ ഹോട്ട്സ്റ്റാറും മാറിയേക്കും എന്ന പ്രതീക്ഷയിലാണ് jiohotstar.com എന്ന പേരിൽ ഡൊമെയ്ൻ സ്വന്തമാക്കിയതെന്നാണ് ഇയാൾ വ്യക്തമാക്കിയിരുന്നത്. 2021ൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഒരു പ്രോജക്ടിൽ സെലക്ഷൻ ലഭിച്ചെന്നും അവിടെ എന്റർപ്രെണർഷിപ്പിൽ കോഴ്‌സ് ചെയ്യുകയെന്നത് തന്റെ ജീവിതലക്ഷ്യമാണെന്ന് ഡെവലപ്പർ ചൂണ്ടിക്കാണിച്ചിരുന്നു. തനിക്ക് ഈ കോഴ്‌സ് ചെയ്യാൻ ആവശ്യമായ ചെലവ് വഹിച്ചാൽ ഡൊമെയ്ൻ നൽകാൻ തയാറാണെന്നായിരുന്നു ഇയാൾ കത്തിൽ വ്യക്തമാക്കിയിരുന്നത്.

Content Highlights: Delhi developer bows out of JioHotstar domain battle, says site will go offline soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us