'ഓറിയോൺ' ഡിസംബറിൽ പുറത്തിറങ്ങുമെന്ന വാർത്ത വ്യാജമെന്ന് വ്യക്തമാക്കി ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎ ഐയുടെ സിഇഒ സാം ആൾട്ട്മാൻ. ഡിസംബറോടെ ഓപ്പൺഎഐ ഓറിയോൺ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി അവകാശപ്പെടുന്ന ഒരു പോസ്റ്റിന് മറുപടിയായാണ് ആൾട്ട്മാൻ ഈ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 'വ്യാജ വാർത്തകൾ നിയന്ത്രണാതീതമാണ്' എന്നായിരുന്നു ആൾട്ട്മാൻ്റെ മറുപടി. ദി വെർജിൻ്റെ സീനിയർ എഐ റിപ്പോർട്ടർ പങ്കുവെച്ച 'സ്‌കൂപ്പ്: ഓപ്പൺഎഐ അതിൻ്റെ അടുത്തമോഡലായ ഓറിയോൺ ഡിസംബറോടെ പുറത്തിറക്കാൻ പദ്ധതിയിടുന്നു', എന്ന എക്സ് പോസ്റ്റിന് മറുപടിയായാണ് ആൾട്ട്മാൻ വാർത്ത വ്യാജമാണെന്ന് പറഞ്ഞത്.
fake news out of control
— Sam Altman (@sama) October 25, 2024
എന്നിരുന്നാലും 'ഒരുപാട് മഹത്തായ കാര്യങ്ങൾ' സമാരംഭിക്കുമെന്ന് മറ്റൊരു പോസ്റ്റിന് മറുപടിയായി ആൾട്ട്മാൻ വ്യക്തമാക്കിയിട്ടുണ്ട്. 'നിങ്ങളുടെ വഴിയിൽ ധാരാളം മഹത്തായ കാര്യങ്ങൾ വരുന്നു, റാൻഡം ഫാൻ്റസി അച്ചടിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നതിൽ അപ്രിയനാണ്' എന്നാണ് ആൾട്ട്മാൻ കുറിച്ചിരിക്കുന്നത്.
dw plenty of great stuff coming your way, just offends me how media is willing to print random fantasy
— Sam Altman (@sama) October 25, 2024
ചാറ്റ്‌ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ ഈ വർഷം ഡിസംബറിൽ 'ഓറിയോൺ' എന്ന പേരിൽ അടുത്ത എഐ മോഡൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി നേരത്തെ ദി വെർജ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് GPT-4 നേക്കാൾ 100 മടങ്ങ് ശക്തമാണെന്നാണായിരുന്നു റിപ്പോർട്ട്. ഓപ്പൺഎഐ അവസാനം പുറത്തിറക്കിയ രണ്ട് മോഡലുകളായ GPT-4o, o1 എന്നിവയുടെ റിലീസിൽ നിന്ന് വ്യത്യസ്തമായാണ് ഓറിയോണിൻ്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും ദി വെർജ് റിപ്പോർട്ട് ചെയ്തിരുന്നു.
ഓറിയോൺ തുടക്കത്തിൽ ChatGPT വഴി വ്യാപകമായി റിലീസ് ചെയ്യില്ലെന്നും ഇതിന് പകരം പുതിയ എഐ മോഡൽ ആദ്യം പങ്കാളി കമ്പനികൾക്ക് ലഭ്യമാക്കുകയും അവരുടെ സ്വന്തം ഉൽപ്പന്നങ്ങളും സവിശേഷതകളും നിർമ്മിക്കാൻ അവരെ അനുവദിക്കുകയും ചെയ്യുമെന്നായിരുന്നു റിപ്പോർട്ട് വ്യക്തമാക്കിയിരുന്നത്. എഐ മോഡലുകൾ വിന്യസിക്കുന്നതിനുള്ള ഓപ്പൺഎഐയുടെ പ്രധാന പങ്കാളിയായ മൈക്രോസോഫ്റ്റ് അതിൻ്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ 'ഓറിയോൺ' ഹോസ്റ്റുചെയ്യാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ മോഡലിനായുള്ള പരിശീലന പ്രക്രിയ ഓപ്പൺഎഐ കഴിഞ്ഞ മാസം പൂർത്തിയാക്കിയതായും ദി വെർജ് റിപ്പോർട്ട് ചെയ്തിരുന്നു. വെർജിൻ്റെ ഈ അവകാശവാദങ്ങൾ വ്യാജമാണെന്നാണ് ഇപ്പോൾ ആൾട്ട്മാൻ വ്യക്തമാക്കുന്നത്.
Content Highlights: Fake news, random fantasy ChatGPT-maker OpenAI CEO Sam Altman on launch of next AI model