പങ്കാളിയുമായിട്ടുള്ള സ്വകാര്യ നിമിഷങ്ങള്‍ ലീക്കാകുമെന്ന ഭയം ഇനി വേണ്ട. ജര്‍മ്മന്‍ ആരോഗ്യ രംഗത്തെ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ പ്രൊഡക്റ്റായ കാംഡം എന്ന 'ഡിജിറ്റല്‍ കോണ്ടം' അവതരിപ്പിച്ചിരിക്കുകയാണ്. ഇന്നോഷ്യന്‍ ബെര്‍ലിനുമായി സഹകരിച്ചാണ് ഡിജിറ്റല്‍ സ്വകാര്യത ലംഘനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള ആപ്പ് പുറത്തിറക്കിയത്. പുതിയ ആപ്പ് അനുവദനീയമല്ലാത്തെ റോക്കോര്‍ഡിംഗ് ഉള്‍പ്പടെ തടയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റിവഞ്ച് പോണ്‍ എന്നറിയപ്പെടുന്ന, സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകള്‍ പുറത്ത് വിടുന്ന സംഭവങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നത്.
ഈ ആപ്ലിക്കേഷന്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണ്‍ ക്യാമറകളും മൈക്രോഫോണുകളും പ്രവര്‍ത്തനരഹിതമാക്കി സ്വകാര്യ നിമിഷങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സഹായിക്കും. ആപ്പ് വികസിപ്പിച്ചെടുത്ത ഫെലിപ്പ് അല്‍മേഡ അടുത്തിടെ കാംഡോമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചിരുന്നു. ''സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. അവയില്‍ വളരെയധികം സെന്‍സിറ്റീവ് ഡാറ്റകള്‍ നാം സൂക്ഷിച്ചുവക്കുന്നു. സമ്മതമില്ലാത്ത സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡിംഗില്‍ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിന്, ബ്ലൂടൂത്ത് ഉപയോഗിച്ച് നിങ്ങളുടെ ക്യാമറയും മൈക്കും ബ്ലോക്ക് ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ആപ്പാണ് ഞങ്ങള്‍ സൃഷ്ടിച്ചത്''- ഫെലിപ്പ് അല്‍മേഡ പറഞ്ഞു.
ആപ്പിന്റെ പ്രവര്‍ത്തനരീതി
ആദ്യം ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. സ്വകാര്യ നിമിഷങ്ങള്‍ക്ക് മുന്‍പ് പങ്കാളികള്‍ സ്മാര്‍ട്ട്ഫോണുകള്‍ അടുത്തടുത്ത് വയ്ക്കുകയും ബ്ലോക്ക് ആക്ടീവാക്കാന്‍ അപ്ലിക്കേഷനിലെ വെര്‍ച്വല്‍ ബട്ടണ്‍ താഴേക്ക് സൈ്വപ്പ് ചെയ്യുകയുംവേണം. ബ്ലോക്ക് ലംഘിച്ച് വീഡിയോയോ ഓഡിയോയോ റെക്കോര്‍ഡ് ചെയ്യാന്‍ എന്തെങ്കിലും ശ്രമമുണ്ടായാല്‍ അലാറം മുഴങ്ങും. ഒരേസമയം ഒന്നിലധികം ഉപകരണങ്ങളെ തടയാനും ആപ്പിന് കഴിയും.
ആപ്പ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായതോടെയാണ് 'ഡിജിറ്റല്‍ കോണ്ടം' എന്ന പേരടക്കം വന്നത്. സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്ന ഈ സമയത്ത് ആപ്പിന് ഒരുപാട് പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറിച്ചു. എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ബില്ലി ബോയിയുടെ ബ്രാന്‍ഡ് മാനേജര്‍ അലക്‌സാണ്ടര്‍ സ്ടുമാന്‍ പറയുന്നു.
CONTENT HIGHLIGHTS: German Company Launches First-Of-Its-Kind 'Digital Condom'