വളരെയധികം പ്രതീക്ഷയോടെ ചരിത്രനേട്ടത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയും മുന്‍ നാവികസേന ക്യാപ്റ്റനുമായ സുനിത വില്യംസ്. ബോയിംഗിന്റെ സ്റ്റാര്‍ ലൈന്‍ പേടകത്തില്‍ വീണ്ടും ബഹിരാകാശത്ത് എത്തിയ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. സുനിതയെ സംബന്ധിച്ച് ഇത്തവണത്തെ യാത്രയ്ക്ക് ഒരു പ്രത്യേകതയും ഉണ്ട്. ബഹിരാകാശത്തേക്ക് പേടകം പറത്തുന്ന ആദ്യത്തെ വനിത എന്ന റെക്കോര്‍ഡും അവര്‍ സ്വന്തമാക്കിക്കഴിഞ്ഞു. സുനിതവില്യംസ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനം സ്ഫുരിക്കുന്ന തിരിനാളമാണ്. തന്റെ ബഹിരാകാശ യാത്രയ്ക്കിടയിലും ലോകമെമ്പാടുമുളള ജനങ്ങള്‍ക്ക് ദീപാവലി ആശംസ നേരാന്‍ സുനിത മറന്നില്ല. ഇത്തവണ ഭൂമിയില്‍നിന്ന് 260 മൈല്‍ ഉയരത്തില്‍ വച്ച് ദീപാവലി ആശംസ അറിയിക്കാനുള്ള അപൂര്‍വ്വ അവസരമാണ് തനിക്ക് ലഭിച്ചതെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് റെക്കോര്‍ഡ് ചെയത വീഡിയോ സന്ദേശത്തില്‍ സുനിത വില്യംസ് പറഞ്ഞു.
'ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ അകലെ നിന്ന് ദീപാവലി ആശംസിക്കാന്‍ ഭാഗ്യം ലഭിച്ചു. ദീപീവലിയെക്കുറിച്ചും മറ്റ് ഇന്ത്യന്‍ ആഘോഷങ്ങളെക്കുറിച്ചും എന്റെ അച്ഛന്‍ അറിവ് പകര്‍ന്നുതന്നിട്ടുണ്ട്. ലോകത്ത് നന്‍മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണ്. ലോകമെമ്പാടുമുള്ള എല്ലാവരോടുമൊപ്പം ദീപാവലി ആഘോഷിക്കുന്നതിനും സമൂഹത്തിന്റെ നിരവധി സംഭാവനകളെ അംഗീകരിച്ചതിനും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിയ്ക്കും നന്ദി' സുനിതാ വില്യംസ് പറഞ്ഞു.
വൈറ്റ് ഹൈസില്‍ നടന്ന ദീപാവലി ആഘോഷത്തിനും സമൂഹത്തിന്റെ സംഭാവനകളെ അംഗീകരിച്ചതിനും യുഎസ് പ്രസിഡന്റ് ജോ ബെഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും സുനിത വില്യംസ് നന്ദി പറഞ്ഞു. സഹ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിമോറിനൊപ്പം 2024 ജൂണ്‍ 5നാണ് സുനിതാ വില്യംസ് ബോയിംഗിന്റെ സ്റ്റാര്‍ ലൈന്‍ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചത്. അഞ്ച് മാസത്തോളമായി ബഹിരാകാശ പേടകത്തില്‍ കഴിയുന്ന ഇവര്‍ 2025 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് കരുതുന്നത്.
Content Highlights : Happy Diwali video message from Sunita Williams to people around the world from space