ഇന്നത്തെക്കാലത്ത് ഒരു ഫോൺ എടുക്കുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം നോക്കുക രണ്ട് കാര്യങ്ങളായിരിക്കും. ഒന്ന് ക്യാമറ, രണ്ട് ബാറ്ററി. നമ്മുടെ പല ആവശ്യങ്ങൾക്കും ഈ രണ്ട് ഫീച്ചറുകൾ അത്യന്താപേക്ഷിതമാണ്. എന്നാൽ ഇവ രണ്ടുമുള്ള നല്ല കിടിലൻ ഫോൺ എടുത്താലോ? അങ്ങനെയൊന്നാണ് വൺ പ്ലസ് 13.
വൺ പ്ലസ് 13 ഇന്ന് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോളിതാ ഫോണിന്റെ എല്ലാ ഫീച്ചറുകളും പുറത്തുവന്നിരിക്കുന്നു. അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ബാറ്ററി കപ്പാസിറ്റിയാണ്. മറ്റ് മോഡലുകളെപ്പോലെയല്ല, 6000 mAH ആണ് പുതിയ വൺ പ്ലസ് 13ന്റെ ബാറ്ററി കപ്പാസിറ്റി. മുൻപത്തെ വൺ പ്ലസ് 12നേക്കാൾ 600 mAH കൂടുതൽ ! ഈ 'യമണ്ടൻ' കപ്പാസിറ്റിക്കൊപ്പം 100W ഫാസ്റ്റ് ചാർജിങും ഉണ്ട്. കൂടാതെ വെറും 36 മിനുട്ടിൽ 100 ശതമാനം ചാർജ് കയറുന്ന 120W ഡ്യുവൽ പോർട്ട് ചാർജറും ഫോണിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ചാർജിങ് കൂടുതൽ സുഗമമാക്കാൻ വൺ പ്ലസിന്റെതല്ലാത്ത ചാർജറുകളും ഫോണിൽ ഫാസ്റ്റ് ചാർജിങ്ങിനായി ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിൽ ഉണ്ടാകുക . അങ്ങനെയെങ്കിൽ ഗെയിമിങ് ഉൾപ്പെടെയുളള വിവിധ കാര്യങ്ങൾക്കായി വൺ പ്ലസ് 13 മികച്ച ഓപ്‌ഷനായേക്കും. ഒരു ദിവസം മൊത്തം ഈ ബാറ്ററി ലൈഫ് കൊണ്ട് ഫോൺ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50മെഗാപിക്സലിന്റെ മൂന്ന് കിടിലന്‍ ക്യാമറകളോട് കൂടിയാണ് ഫോണിന്റെ വരവ്.
Content Highlights: One plus 13 to have the best battery life