'കള്ളന്മാരെ ചുറ്റിക്കും പൊലീസിനെയും!'; ആപ്പിളിൻ്റെ iOS 18.1ലെ പുതിയ സുരക്ഷാ ഫീച്ചർ വലയ്ക്കുമോ?

ആപ്പിൾ ഉപയോക്താക്കൾക്കായി പുറത്തിറക്കിയ iOS 18.1 അപ്‌ഡേറ്റിനൊപ്പം അവതരിപ്പിച്ച പുതിയ സുരക്ഷാ ഫീച്ചർ കള്ളന്മാർക്കും നിയമപാലകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്

dot image

ആപ്പിൾ ഉപയോക്താക്കൾക്കായി പുറത്തിറക്കിയ iOS 18.1 അപ്‌ഡേറ്റിനൊപ്പം അവതരിപ്പിച്ച പുതിയ സുരക്ഷാ ഫീച്ചർ കള്ളന്മാർക്കും നിയമപാലകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്. ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന ചില ഐഫോൺ മോഡലുകൾ സ്വന്തമായി റീബൂട്ട് ചെയ്യുന്നതായി യുഎസിലെ പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിയിൽ പെട്ടതോടെയാണ് ഇത് സംബന്ധിച്ച ആശങ്കകൾ ഉയർന്നിരിക്കുന്നത്. ഇത് ഐഫോണിൻ്റെ സുരക്ഷ മറികടക്കുന്നതിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. iOS 18.1ലുള്ള പുതിയ ഫീച്ചറാണ് റീബൂട്ടുകൾക്ക് കാരണമെന്നാണ് ഒരു സുരക്ഷാ ഗവേഷകനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

iOS 18.1 ഐഫോണിൽ 'ഇൻആക്ടിവിറ്റി റീബൂട്ട്' ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് 404 മീഡിയയുടെ റിപ്പോർട്ട്. ഡിട്രോയിറ്റിലെ പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റോറേജിൽ ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന ചില ഐഫോൺ യൂണിറ്റുകൾ റീബൂട്ട് ചെയ്യുന്നതായി കണ്ടെത്തിയത്. അൺലോക്ക് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ച് പിടിച്ചെടുത്ത ഉപകരണങ്ങൾ അൺലോക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഐഫോണിനെ മറ്റ് ഉപകരണങ്ങളുമായി "ആശയവിനിമയം" ചെയ്യാൻ അനുവദിക്കുന്ന ഒരു ഫീച്ചർ ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുവഴി കസ്റ്റഡിയിലുള്ള ഐഫോണുകൾ റീബൂട്ട് ചെയ്യുന്നതിനുള്ള സിഗ്നൽ അയച്ചുവെന്നുമുള്ള മിഷിഗൺ പോലീസ് രേഖയും 404 മീഡിയ പരാമർശിച്ചിട്ടുണ്ട്.

എന്നാൽ ഒരു സുരക്ഷാ ഗവേഷകൻ iOS 18.2 പരിശോധിച്ചതിന് ശേഷം ഈ വാദം നിരാകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഫോണിൻ്റെ നെറ്റ്‌വർക്ക് നിലയുമായി ആപ്പിൾ അവതരിപ്പിച്ചിരിക്കുന്ന സുരക്ഷാ ഫീച്ചറിന് ബന്ധമൊന്നുമില്ലെന്നാണ് സുരക്ഷാ ഗവേഷകനായ ജിസ്ക (@[email protected]) Mastodon-ലെ ഒരു പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്. "ഇൻആക്ടിവിറ്റി റീബൂട്ട്" എന്ന ഫീച്ചർ ആപ്പിൾ യഥാർത്ഥത്തിൽ ചേർത്തിട്ടുണ്ട്. iOS 18.1 പ്രവർത്തിക്കുന്ന ഏത് ഐഫോണും കുറച്ച് സമയത്തേക്ക് അൺലോക്ക് ചെയ്തിട്ടില്ലെങ്കിൽ റീബൂട്ട് ചെയ്യുന്നതിനാണ് ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Post by @[email protected]
View on Mastodon

ആപ്പിൾ രണ്ട് സ്‌റ്റേറ്റുകളിലായാണ് സ്‌മാർട്ട്‌ഫോണിലെ ഉപയോക്തൃ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നത്. ബിഫോർ ഫസ്റ്റ് അൺലോക്ക് (ബിഎഫ്‌യു), ആഫ്റ്റർ ഫസ്റ്റ് അൺലോക്. ഐഫോൺ റീസ്റ്റാർട്ട് ചെയ്ത ആവസ്ഥയാണ് ആദ്യത്തേത്. ഈ സമയം ഹാൻഡ്‌സെറ്റിന് കോളുകൾ മാത്രമേ സ്വീകരിക്കാനാകൂ. ഇതൊരു ഉയർന്ന സുരക്ഷാ മോഡാണ്. ഉപയോക്താവ് ആദ്യമായി ഇത് അൺലോക്ക് ചെയ്യുകയും ഫേസ് ഐഡിയോ ടച്ച് ഐഡിയോ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുമ്പോൾ ഇത് മാറ്റപ്പെടും.

മറ്റൊരു റീബൂട്ട് നടത്തുന്നതുവരെ ഒരുഐഫോൺ എഎഫ്യു മോഡിൽ തുടരും. ഈ ഘട്ടത്തിൽ അതായത് സ്മാർട്ട്ഫോണുകൾ അൺലോക്ക് ചെയ്യാനും അതിലെ ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക ടൂളുകൾ ഉപയോഗിച്ച് നിയമപാലകർക്കോ കള്ളന്മാർക്കോ ഇത് അൺലോക്ക് ചെയ്യാം. എന്നാൽ ഐഫോൺ ബിഎഫ്‌യു അവസ്ഥയിലായിരിക്കുമ്പോൾ ബ്രൂട്ട് ഫോഴ്‌സ് ടെക്നിക്കുകൾ ഉപയോഗിച്ച് ഉപകരണത്തിലേക്ക് ആക്‌സസ് നേടാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ടൂളുകൾക്ക് കഴിയാതെ വരും.

ഇതാദ്യമായല്ല ഐഫോണിനെ അനധികൃത ആക്‌സസ്സിൽ നിന്ന് സംരക്ഷിക്കുന്ന ഫീച്ചർ ആപ്പിൾ അവതരിപ്പിക്കുന്നത്. 2016-ൽ എഫ്ബിഐയ്‌ക്കായി ഒരു ഐഫോൺ അൺലോക്ക് ചെയ്യാൻ കമ്പനി വിസമ്മതിച്ചതിച്ചിരുന്നു. എന്നാൽ ഫോൺ അൺലോക്ക് ചെയ്യാൻ എഫ്ബിഐ ഒടുവിൽ ഒരു മൂന്നാം കക്ഷിയെ ഉപയോഗിക്കുകയായിരുന്നു. അതിന് പിന്നാലെ ആപ്പിൾ അതിൻ്റെ സ്മാർട്ട്‌ഫോണുകളിൽ യുഎസ്ബി ഡീബഗ്ഗിംഗ് പ്രവർത്തനരഹിതമാക്കുന്ന ഒരു ക്രമീകരണം ചേർത്തിരുന്നു.

Content Highlights: Apple's Automatic 'Inactivity Reboot' iPhone Feature Could Impact Thieves, Law Enforcement

dot image
To advertise here,contact us
dot image