ജോലിയുടെ ഭാഗമായോ ബിസിനസ്സിനായോ വിനോദസഞ്ചാരത്തിനായോ ഇന്ന് യാത്രകൾ പതിവാക്കിയവരാണ് ഭൂരിപക്ഷം ആളുകളും. ഡൽഹി പോലുള്ള രാജ്യത്തെ പല നഗരങ്ങളും ഗുരുതരമായ വായുമലിനീകരണത്തിൻ്റെ പിടിയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈയൊരു സാഹചര്യത്തിൽ യാത്രക്ക് തയ്യാറെടുക്കുന്നതിന് മുമ്പ് നമ്മൾ പോകാനിരിക്കുന്ന സ്ഥലങ്ങളിലെ എയർ ക്വാളിറ്റി അറിയാൻ സാധിക്കുമെങ്കിൽ എത്ര ഉപകാരപ്രദമാകുമല്ലേ?
എന്നാൽ അതിനായി ഒരു പുതിയ ഫീച്ചർ, ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ മാപ്‌സ് ആപ്പിനുള്ളിൽ തത്സമയം ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) പരിശോധിക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. വായു ഗുണനിലവാരത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾക്കൊപ്പം വായു ഗുണനിലവാരത്തിൻ്റെ തീവ്രതയെ അടിസ്ഥാനമാക്കിയുള്ള ലഘുവിവരണങ്ങളും സ്ഥിതിവിവരക്കണക്കുകളും പുതിയ ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിൽ 2 ബില്ല്യണിലധികം സജീവ ഉപയോക്തളാണ് ഗൂഗിൾ മാപ്‌സ് ആപ്പിനുള്ളത്. ഓരോ മണിക്കൂറിലും ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഓരോ സ്ഥലത്തിൻ്റെയും എയർ ക്വാളിറ്റി ഇൻഡക്സ് അപ്‌ഡേറ്റ് ചെയ്യാൻ ആപ്പിലൂടെ കഴിയും. ഈ ആഴ്ച മുതൽ ഏതാണ്ട് 100-ലധികം രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ട്. എയർ ക്വാളിറ്റി ഇൻഡക്സുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഫോർമാറ്റിലാണ് ഗൂഗിൾ മാപ്‌സ് ക്രമീകരിച്ചിരിക്കുന്നത്. 0 മുതൽ 500 വരെയുള്ള റേഞ്ചുകളാണ് എയർ ക്വാളിറ്റി ഇൻഡക്സിൻ്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
വായുവിൻ്റെ ഗുണനിലവാരത്തെ വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ചും അടയാളപ്പെടുത്തിയിട്ടുണ്ട്. നല്ലതിന് പച്ച മുതൽ വളരെ ഗുരുതര സ്വഭാവത്തിലുള്ളതിന് ചുവപ്പ് വരെയാണ് നിറങ്ങൾ നൽകിയിരിക്കുന്നത്. എയർ ക്വാളിറ്റി ഇൻഡെക്സിൻ്റെ അടിസ്ഥാനത്തിൽ അത് പൊതുജനങ്ങളെയും സവിശേഷമായ ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകളെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കുറിപ്പും ഗൂഗിൾ മാപ്സ് വാഗ്ദാനം ചെയ്യുന്നു. കഠിനമായ എയർ ക്വാളിറ്റി ഇൻഡെക്സിൻ്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ഔട്ട്‌ഡോർ ആക്റ്റിവിറ്റി ഒഴിവാക്കാൻ ഗൂഗിൾ മാപ്സ് ശുപാർശ ചെയ്യും. എയർ ക്വാളിറ്റി ഇൻഡക്സ് ആരോഗ്യകരമല്ലെങ്കിൽ ദുർബലരായ ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാനും നിർദ്ദേശിക്കും. മോശം അല്ലെങ്കിൽ കഠിനമായ എയർ ക്വാളിറ്റി ഇൻഡെക്സ് ഉള്ള സ്ഥലത്താണ് താമസിക്കുന്നതെങ്കിൽ ഒരു എയർ പ്യൂരിഫയർ എടുക്കാൻ ഗൂഗിൾ മാപ്സ് ശുപാർശ ചെയ്യും. ഈ നിലയിൽ എയർ ക്വാളിറ്റി ഇൻഡെക്സ് വിശകലനം ചെയ്ത് ശരിയായ നിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്ന ഓപ്ഷനും പുതിയ ഫീച്ചറിനുണ്ട്.
നിങ്ങളുടെ ലൊക്കേഷൻ്റെ വായു നിലവാരത്തെക്കുറിച്ച് അറിയാൻ Google Maps > ഓപ്പൺ ചെയ്യുക. ലെയർ ഐക്കണിൽ ക്ലിക്ക് ചെയ്ത് എയർ ക്വാളിറ്റി തിരഞ്ഞെടുക്കുക. അത് നിങ്ങളുടെ ലൊക്കേഷൻ്റെ തത്സമയ AQI കാണിക്കും. ഇതേ രീതിയിൽ നിങ്ങൾ എവിടെയെങ്കിലും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രീതി ഉപയോഗിച്ച് നിങ്ങൾക്ക് ആ സ്ഥലത്തെ വായുവിൻ്റെ ഗുണനിലവാരം പരിശോധിക്കാനും കഴിയും.
Content Highlights: Google Maps introduces real-time AQI monitoring in over 100 countries just in time for winter