ചൊവ്വയിലും ഇൻ്റർനെറ്റ് !, 'മാർസ്‌ലിങ്ക്' നെറ്റ്‌വർക്ക് പദ്ധതിയുമായി ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ്

നാസയുടെ നേതൃത്വത്തിലുള്ള മാർസ് എക്‌സ്‌പ്ലോറേഷൻ പ്രോഗ്രാം അനാലിസിസ് ഗ്രൂപ്പിന്റെ യോഗത്തിലാണ് സ്‌പേസ് എക്‌സ് പുതിയ പദ്ധതി അവതരിപ്പിച്ചത്

dot image

ചൊവ്വയിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി പുതിയ പദ്ധതി ആരംഭിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്. മാർസ്‌ലിങ്ക് എന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതിയിൽ സ്‌പേസ് എക്‌സിന്റെ ഉപഗ്രഹങ്ങൾ വഴിയാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്.

ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന ഉപഗ്രഹങ്ങൾക്ക് കൂടുതൽ വേഗത്തിലും ആധികാരികമായും പ്രവർത്തിക്കാൻ ഇന്റർനെറ്റ് സേവനം സഹായകരമാവുമെന്നാണ് വിലയിരുത്തുന്നത്. നാസയുടെ നേതൃത്വത്തിലുള്ള മാർസ് എക്‌സ്‌പ്ലോറേഷൻ പ്രോഗ്രാം അനാലിസിസ് ഗ്രൂപ്പിന്റെ യോഗത്തിലാണ് സ്‌പേസ് എക്‌സ് പുതിയ പദ്ധതി അവതരിപ്പിച്ചത്.

ഡാറ്റകൾ എളുപ്പത്തിൽ കൈമാറുന്നതിനായി ചൊവ്വയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങൾ സ്ഥാപിക്കുക എന്നതാണ് സ്‌പേസ് എക്‌സിന്റെ പദ്ധതി. ചൊവ്വ പര്യവേക്ഷണത്തിനും ഭാവിയിൽ ചൊവ്വയിൽ മനുഷ്യവാസത്തിനുള്ള സാധ്യതയും വിലയിരുത്തിയാണ് സ്പേസ് എക്സ് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്.

സ്പേസ് ഫ്ലൈറ്റ് ന്യൂസിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് നിലവിൽ ഭൂമിയിൽ സാറ്റ്‌ലൈറ്റ് വഴി ഇന്റർനെറ്റ് നൽകുന്ന പദ്ധതിയായ സ്റ്റാർലിങ്ക് പദ്ധതിക്ക് സമാനമായ രീതിയിലാണ് 'മാർസ്‌ലിങ്ക്' നെറ്റ്‌വർക്ക് സ്ഥാപിക്കാനൊരുങ്ങുന്നത്. ആയിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നിലവിൽ ഭ്രമണപഥത്തിലുണ്ട്. നിലവിൽ 102 രാജ്യങ്ങൾ മസ്‌കിന്റെ സാറ്റ്‌ലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്.

അതേസമയം സമാനമായ ആശയവുമായി ബ്ലൂ ഒറിജിൻ, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ കമ്പനികളും നാസയ്ക്ക് പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. ബ്ലൂ റിംഗ് ഓർബിറ്റൽ ടഗ് കൺസെപ്റ്റ് ആണ് ബ്ലൂ ഒറിജിൻ അവതരിപ്പിച്ചത്. സ്‌പേസ് ക്ലൗഡ് കമ്പ്യൂട്ടിംഗ് നടത്തുന്നതിനും ഡാറ്റകൾ തുടർച്ചയായി നൽകുന്നതിനും സഹായിക്കുന്നതാണ്.

പെന്റഗൺ സ്‌പോൺസർ ചെയ്യുന്ന DarkSky1 ദൗത്യത്തിൽ പ്രാരംഭ പരീക്ഷണത്തിനായി ബ്ലൂ ഒറിജിന്റെ പ്രോജക്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ചൊവ്വയുടെ അന്തരീക്ഷ പരിണാമം പഠിക്കാൻ 2013ൽ വിക്ഷേപിച്ച നിലവിലുള്ള മാവൻ ബഹിരാകാശ പേടകം പ്രയോജനപ്പെടുത്താനാണ് ലോക്ഹീഡ് മാർട്ടിൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ പദ്ധതിയിൽ, പേടകം ആശയവിനിമയത്തിനായി ഭ്രമണപഥത്തിലേക്ക് മാറ്റാനും നാസയിലേക്ക് തുടർച്ചയായി വിവരങ്ങൾ കൈമാറുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഏറെ പണച്ചിലവ് വരുന്ന ചൊവ്വ പര്യവേക്ഷണത്തിന് സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള പദ്ധതികൾ കൂടി ഉൾപ്പെടുത്താനാണ് നാസയുടെ തീരുമാനം. ഇതിന് പുറമെ ബഹിരാകാശത്ത് വേഗത്തിലും കാര്യക്ഷമമായും ഡാറ്റാ ട്രാൻസ്മിഷൻ അനുവദിക്കുന്ന ലേസർ അധിഷ്ഠിത ആശയവിനിമയ സാങ്കേതികവിദ്യകൾ നിർമിച്ചെടുക്കാനും നാസ പദ്ധതിയിടുന്നുണ്ട്.

Content Highlights: Elon Musk's SpaceX with 'MarsLink' Network Project for Internet on Mars

dot image
To advertise here,contact us
dot image