വാച്ച് ആരാധകർക്കിടയിൽ കാസിയോ എന്ന ജപ്പാനീസ് കമ്പനിക്കുള്ള ആരാധകർ വളരെ വലുതാണ്. സ്മാർട്ട് വാച്ച് തരംഗത്തിനും എത്രയോ മുമ്പ് ഡിജിറ്റൽ സ്‌ക്രീനുമായി എത്തി അത്ഭുതപ്പെടുത്തിയ വാച്ച് നിർമാതാക്കളാണ് കാസിയോ. പഴയ കാസിയോ വാച്ചിന്റെ സ്റ്റെലിലുള്ള സ്മാർട്ട് വാച്ചും കമ്പനി പുറത്തിറക്കാൻ തുടങ്ങിയിരുന്നു.
ഇപ്പോഴിതാ കാസിയോയുടെ റെട്രോ സ്റ്റൈലിനെ ഓർമിപ്പിക്കുന്ന പുതിയ സ്മാർട് റിങ് പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. കാസിയോ റിംഗ് വാച്ച് ഡിസംബർ മുതൽ വിപണിയിൽ എത്തും.
മണിക്കൂറുകളും മിനിറ്റുകളും സെക്കൻഡുകളും പ്രദർശിപ്പിക്കാൻ കഴിയുന്ന ഏഴ് സെഗ്മെന്റ് എൽസിഡി സ്‌ക്രീനാണ് പുതിയ റിംഗ് വാച്ചിനുള്ളത്. ഇതിനോടൊപ്പം സ്റ്റോപ്പ് വാച്ച് സംവിധാനവും വാച്ചിലുണ്ട്. മൂന്ന് ഫിസിക്കൽ ബട്ടണുകളും സ്മാർട് റിങിലുൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ബെസലുകളുള്ള വാച്ചിൽ പക്ഷെ സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം മറ്റ് സ്മാർട്ട് റിങുകളെ പോലെ ഉറക്കത്തിന്റെ ട്രാക്കിംഗ്, ഹൃദയമിടിപ്പ് അളക്കൽ, രക്തത്തിലെ ഓക്സിജൻ അളവ് നിരീക്ഷിക്കൽ തുടങ്ങിയ ഫിറ്റ്നസ് ട്രാക്കിംഗ് സവിശേഷതകളൊന്നും കാസിയോ വാച്ചിൽ ഇല്ല.
വാച്ച് വാട്ടർപ്രൂഫ് ആണെന്നും രണ്ട് വർഷം എളുപ്പത്തിൽ വാച്ച് പ്രവർത്തിക്കുമെന്നും കാസിയോ വ്യക്തമാക്കി. 20 മില്ലിമീറ്ററാണ് വാച്ചിന്റെ റിങിന്റെ വലുപ്പം. CRW-001-1JR എന്ന പേരിൽ അറിയപ്പെടുന്ന പുതിയ റിംഗ് വാച്ച് കാസിയോയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് പുറത്തിറക്കിയത്. 19,800 യെൻ അഥവ ഏകദേശം 10810 രൂപയാണ് സ്മാർട്ട് വാച്ചിന്റെ വില.
Content Highlights: Casio retro style New smart ring to the market