ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യുടെ പേരില്‍ വന്ന ഒരു സൈബര്‍ തട്ടിപ്പ് കോള്‍ തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ് സൈന്ധവ് എന്ന വിദ്യാര്‍ഥി പൊളിച്ചടുക്കിയത് എങ്ങിനെയെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കേരളാ പൊലീസ് ഇതുമായി ബന്ധപ്പെട്ട കുറിപ്പും അശ്വഘോഷ് ഈ സംഭവം നടക്കുമ്പോള്‍ ചിത്രീകരിച്ച വീഡിയോയും അവരുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഇപ്പോഴത്തെ പിള്ളേര് കൊള്ളാം
ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ(TRAI)യുടെ പേരില്‍ വന്ന ഒരു സൈബര്‍ തട്ടിപ്പ് കോള്‍ തിരുവനന്തപുരം സ്വദേശിയായ അശ്വഘോഷ് സൈന്ധവ് എന്ന വിദ്യാര്‍ഥി പൊളിച്ചടുക്കിയതാണ് ഇന്ന് സൈബര്‍ ലോകത്തുനിന്നുള്ള വാര്‍ത്ത. മുംബൈ പോലീസ് എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരെ അദ്ദേഹം കുരങ്ങുകളിപ്പിച്ചത് ഒന്നര മണിക്കൂറിലേറെയാണ്. വളരെ ആസൂത്രിതമായി തട്ടിപ്പുകാര്‍ നടത്തിയ ഓണ്‍ലൈന്‍ കോളും വീഡിയോ കോളുമൊക്കെ പരിഹാസരൂപേണയാണ് അശ്വഘോഷ് നേരിട്ടത്. അമളി മനസ്സിലാക്കിയ തട്ടിപ്പുകാര്‍ ഒടുവില്‍ എങ്ങനെയും കോള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
പോലീസ് അല്ലെങ്കില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി എന്ന വ്യാജേന ഇത്തരമൊരു കോള്‍ നിങ്ങള്‍ക്കും വരാം. നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തു എന്നുമിരിക്കും. ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംഭവമേ ഇന്ത്യയില്‍ ഇല്ല എന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഇത്തരം കോളുകള്‍ വന്നാല്‍ അശ്വഘോഷ് നേരിട്ടതുപോലെ ആര്‍ജ്ജവത്തോടെതന്നെ അവരെ നേരിടാനാണ് നിങ്ങളും ശ്രമിക്കേണ്ടത്.
നിങ്ങള്‍ക്ക് ഇത്തരം ഫോണ്‍കോളുകള്‍ വന്നാല്‍ തട്ടിപ്പുകാരോട് നിങ്ങള്‍ പ്രതികരിക്കുന്നത് എങ്ങനെയാണ് എന്നറിയാന്‍ ഞങ്ങള്‍ക്ക് കൗതുകമുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ നിങ്ങളെ വിളിച്ചാല്‍ നിങ്ങള്‍ എങ്ങനെയാണ് അവരോട് പ്രതികരിക്കുന്നതെന്ന് അശ്വഘോഷിനെപ്പോലെ നിങ്ങളും വീഡിയോയില്‍ പകര്‍ത്തൂ. എന്നിട്ട് കേരള പോലീസിന്റെ ഇന്‍ബോക്‌സില്‍ അയച്ചുതരൂ. ഏറ്റവും മികച്ച രീതിയില്‍ തട്ടിപ്പുകാരെ നേരിടുന്ന സുഹൃത്തുക്കളുടെ വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നതാണ്.
വരൂ, നമുക്ക് തട്ടിപ്പുകാരെ ഒരുമിച്ച് നേരിടാം.
ഇപ്പോഴിതാ, ഇന്നലെ നടന്ന സംഭവത്തെ വിശദാംശങ്ങളോടെ വിവരിക്കുകയാണ്, അശ്വഘോഷിന്റെ പിതാവ് ടി സി രാജേഷ്. സൈബര്‍ തട്ടിപ്പിനെതിരെ ജാഗരൂകരാവാന്‍ രാജേഷ് ഫെയ്സ്ബുക്കില്‍ എഴുതിയ ഈ വിവരണം വായിക്കാം.
'ഇത് ഭാരത് ടെലികോം അതോറിറ്റി ഓഫീസില്‍ നിന്നുള്ള അറിയിപ്പാണ്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നതിനാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ സിം ക്യാന്‍സല്‍ ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒന്ന് അമര്‍ത്തുക, കസ്റ്റമര്‍ കെയര്‍ ഓഫീസറോട് സംസാരിക്കാന്‍ 0 അമര്‍ത്തുക'
ഇന്നലെ പന്ത്രണ്ടരയോടെ +99867057023 എന്ന നമ്പറില്‍നിന്ന് വന്ന ഐവിആര്‍ കോളിലെ ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള സന്ദേശം ഇതായിരുന്നു. 11 അക്കമുള്ള ആ നമ്പര്‍ കണ്ടാല്‍ നമുക്ക് ആദ്യം യാതൊരു സംശയവും തോന്നില്ല. നമ്മള്‍ ഒന്ന് അമര്‍ത്തിയാലും 0 അമര്‍ത്തിയാലും ഒരിടത്തേക്കു തന്നെയാകും കോള്‍ പോകുക. ഒരെണ്ണം കൂടുതല്‍ വിവരങ്ങള്‍ക്കും രണ്ടാമത്തേത് നേരിട്ട് സംസാരിക്കാനുമാണ്. കൂടുതല്‍ വിവരത്തിനുള്ളതില്‍ ഞെക്കിയാലും നേരിട്ടു സംസാരിക്കുന്നിടത്തേക്കല്ലാതെ മറ്റൊരിടത്തേക്കും കണക്ട് ചെയ്യപ്പെടില്ല.
അധികം പരീക്ഷിക്കാന്‍ നില്‍ക്കാതെ അപ്പോള്‍തന്നെ ഫോണ്‍ അച്ചുവിന് കൈമാറി. അങ്ങനെ ആദ്യം 0 ഞെക്കി. അപ്പോള്‍ ഐവിആര്‍ ഇങ്ങനെ മൊഴിഞ്ഞു:
''നിങ്ങളുടെ ഫോണ്‍ കണക്ടു ചെയ്യുകയാണ് ഹോള്‍ഡ് ചെയ്യുക. പരിശീലനത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഈ കോള്‍ റെക്കോഡ് ചെയ്യപ്പെടുന്നുണ്ട്.''
ഇതൊക്കെ കേട്ടാല്‍ ആര്‍ക്കെങ്കിലും സംശയം തോന്നുമോ? തുടര്ര്‍ന്ന് ഫോണ്‍ കണക്ടായി:
''ഗുഡ്മോണിംഗ് സര്‍, ഇത് ടെലകോം ഡിപ്പാര്‍ട്മെന്റാണ്. എന്തു സഹായമാണ് വേണ്ടത്?' - ഫോണ്‍ അറ്റന്‍ഡ് ചെയ്ത പുരുഷശബ്ദം ചോദിക്കുന്നു. ഇവിടംതൊട്ടാണ് കളികള്‍ തുടങ്ങുന്നത്.
സിം കട്ടാകുമെന്നു പറഞ്ഞുവന്ന കോളിന്റെ കാര്യം അവരോട് പറഞ്ഞു. പേരു ചോദിച്ചശേഷം അല്‍പം വെയ്റ്റ് ചെയ്യൂ, നോക്കട്ടെ എന്നവര്‍. ഇവര്‍ക്ക് നമ്മുടെ പേരു പോലും അറിയില്ലെന്നതാണ് വസ്തുത.
തുടര്‍ന്ന് നമ്മളെ കുറച്ചുനേരം കാത്തിരുത്തി. അതിനുശേഷം, അവര്‍ നമ്മുടെ ശരിക്കുള്ള ഫോണ്‍ നമ്പര്‍ ഇങ്ങോട്ടു പറഞ്ഞു. ആ നമ്പര്‍ നമ്മുടേതാണെന്ന് കണ്‍ഫേം ചെയ്തുകഴിയുമ്പോഴാണ് ആദ്യ അടവ് പുറത്തെടുക്കുക.
'വളരെ സുപ്രധാനമായ ഒരു കാര്യമാണ് ഞങ്ങളുടെ രജിസ്റ്ററില്‍ കാണുന്നത്. 665ല്‍ അവസാനിക്കു ആ നമ്പര്‍ നിങ്ങളുടേതാണോ?'
'അല്ല സര്‍, ഞങ്ങള്‍ക്ക് അങ്ങനെയൊരു നമ്പര്‍ ഇല്ല.'
'നിങ്ങളുടെ പേരില്‍ അങ്ങനെയൊരു സിം കാര്‍ഡ് ഉണ്ട്. അതുപയോഗിച്ച് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി ഒട്ടേറെ പരാതികള്‍ ടെലഫോണ്‍ റെഗുലേറ്ററിയില്‍ കിട്ടിയിട്ടുണ്ട്.' സംസാരിച്ചുകൊണ്ടിരിക്കെ ഈ കോള്‍ കട്ടാകുന്നു. തുടര്‍ന്ന് കോള്‍ വരുന്നത് മറ്റൊരു നമ്പറില്‍നിന്നാണ്: +99118001034444
'ഹലോ മിസ്റ്റര്‍ രാജേഷ്. ഇത് ടെലകോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്‍ഡ്യയില്‍ നിന്നാണ്. നിങ്ങളെന്തിനാണ് കോള്‍ കട്ടാക്കിയത്'- അല്‍പം പരുക്കന്‍ സ്വരത്തിലാണ് ചോദ്യം.
'ഞങ്ങള്‍ കോള്‍ കട്ടാക്കിയില്ല സാര്‍.'
വീണ്ടും അവര്‍ കുറ്റം ആവര്‍ത്തിച്ചു. എന്നിട്ട് താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതിയെടുപ്പിച്ചു.
'എഫ്ഐആര്‍ നമ്പര്‍: MH1045 , തിയതി: 10 ഒക്ടോബര്‍ 2024, പരാതിക്കിടയാക്കിയ മൊബൈല്‍ നമ്പര്‍: 776413665റീസണ്‍ ഫോര്‍ വയലേഷന്‍: ഇല്ലീഗല്‍ അഡ്വര്‍ടൈസ്മെന്റ്, ഹരാസിംഗ്…. മൈാബൈല്‍ നമ്പര്‍ആപ്ലിക്കേഷന്‍ ലൊക്കേഷന്‍: ഷോപ് നമ്പര്‍ 10, ക്രൂഷ്യല്‍ ടവര്‍, ഗാഡ്കോപ്പര്‍ ബാഹുല്‍ റോഡ, ചേമ്പൂര്‍ വെസ്റ്റ്, തിലക് നഗര്‍, മുംബൈ - 400089
മൈ നെയിം ഈസ് രവികുമാര്‍ ചൗധരി മൈ ട്രായ് ഐഡി ഈസ് 27545'
ഇത് ആവര്‍ത്തിച്ച് വായിപ്പിച്ച് എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കിയശേഷം പ്രശ്നമെല്ലാംകൂടി ബ്രീഫായി ഒന്നുകൂടി വിവരിച്ചു. ഈ നമ്പര്‍ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിലുള്‍പ്പെടെ ഇത്തരം പ്രശ്നങ്ങളിലേക്കുപോകാന്‍ സാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ പോലീസില്‍ ബന്ധപ്പെടണമെന്നും മുകളില്‍തന്ന വിവരങ്ങള്‍ മുഴുവനും അവരോട് പറയണമെന്നും ഉപദേശം.
ഇത്രയുമായാല്‍പിന്നെന്ത് സംശയം!
തുടര്‍ന്ന് മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്മെന്റിലേക്ക് ഫോണ്‍ കണക്ട് ചെയ്യാമെന്ന് രവികുമാര്‍ ചൗധരി ഉദാരമതിയാകുന്നു. കോള്‍ അവിടേക്കുള്ള കണക്ടിംഗിന്റെ ഭാഗമായി ഐവിആര്‍ പെണ്‍കുട്ടിയെ ശ്രവിക്കുന്നു: 'ദിസ് കോള്‍ ഈസ് കണക്ടിംഗ് ടു മുംബൈ സൈബര്‍ പോലീസ് സ്റ്റേഷന്‍'
അതുകഴിയുമ്പോഴേ മറുതലയ്ക്കല്‍ നിന്ന് ഘനഗംഭീരമായ ശബ്ദം: 'സൈബര്‍ ക്രൈം ഡിപ്പാര്‍ട്മെന്റ് മുംബൈ…'
അങ്ങനെ ആ ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നു. ശേഷം അദ്ദേഹം അവരുടെ രേഖ പരിശോധിച്ചശേഷം (അതിനൊക്കെ ആവശ്യമായ സമയം എടുക്കും) ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുകയാണ്: നിങ്ങളുടെ ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്!'
ശരിക്കും നമ്മള്‍ ഞെട്ടിത്തെറിക്കേണ്ടേ?
ഈ കോള്‍ ഏതാണ്ട് മുക്കാല്‍ മണിക്കൂറിലേറെയാണ് നീണ്ടത്. നമ്മുടെ വിശദമായ സ്റ്റേറ്റ്മെന്റ് എടുക്കാനായി മുംബൈയിലെത്തണമെന്നാണ് ആദ്യം പറഞ്ഞത്. അത് പറ്റില്ലെന്നു പറഞ്ഞപ്പോള്‍ സ്‌കൈപ്പില്‍ ഡിജിറ്റലായി സ്റ്റേറ്റ്മെന്റ് എടുക്കാമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. സ്‌കൈപ്പില്‍ കോള്‍ കണക്ടായാല്‍ ഫോണ്‍ കോള്‍ കട്ടാകുമെന്നും സ്‌കൈപ്പില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ഡോക്യുമെന്റുകള്‍ അയച്ചുകൊടുക്കണമെന്നുമുള്ള നിര്‍ദ്ദേശം നമ്മള്‍ ശിരസാവഹിക്കുന്നു.
സ്‌കൈപ്പില്‍ കയറി ചാറ്റില്‍ അവര്‍ തന്ന live:.cid.7fe744e3a506f0bf എന്ന കോഡ് ടൈപ്പ് ചെയ്തു. അപ്പോള്‍ മുംബൈ സൈബര്‍ പോലീസ് എന്ന ഐഡിയിലേക്ക് നമ്മള്‍ കണക്ടായി.
ഇനി റേഡിയോ നാടകത്തില്‍നിന്ന് നമ്മള്‍ വീഡിയോ നാടകത്തിലേക്ക് കടക്കുകയാണ്. സ്‌ക്രീനില്‍ പോലീസ് യൂണിഫോമില്‍ പ്രത്യക്ഷപ്പെടുന്ന വ്യക്തി നമ്മെ ഐഡികാര്‍ഡ് വരെ കാണിക്കും. എന്നിട്ട് കതകും മറ്റും അടച്ച് കുറ്റിയിടുവിക്കും. സ്‌കൈപ്പിന്റെ ക്യാമറ 360 ഡിഗ്രി തിരിപ്പിച്ച് പരിസരം വീക്ഷിക്കും.
ഞാനപ്പോള്‍ മേശക്കടിയില്‍ കയറിയിരുന്നാണ് അവരുടെ കണ്ണുവെട്ടിച്ചത്.
ആധാര്‍ കാര്‍ഡ് കയ്യിലില്ലെന്നും നമ്പര്‍ പറയാമെന്നും പറഞ്ഞപ്പോള്‍ അവരത് സമ്മതിച്ചു. തെറ്റായ നമ്പറാണ് കൊടുത്തത്. ഈ വിവരങ്ങള്‍ ക്രോസ് ചെക് ചെയ്യാന്‍ സെന്‍ട്രല്‍ ഓഫീസുമായി അവര്‍ വയര്‍ലസില്‍ ബന്ധപ്പെടുന്നതൊക്കെ നമുക്ക് കേള്‍ക്കാം. വയര്‍ലെസ് സെറ്റിന്റെ ശബ്ദം, ഓവര്‍ ഓവര്‍ എന്ന പ്രയോഗമൊക്കെ നമുക്ക് ആവര്‍ത്തിച്ചു കേള്‍ക്കാം. ഏതാനും നിമിഷങ്ങള്‍ക്കകം സെന്‍ട്രല്‍ ഓഫീസില്‍ നിന്ന് അവര്‍ക്ക് കണ്‍ഫര്‍മേഷന്‍ കിട്ടി. ആ ആധാര്‍ നമ്പറില്‍ രാജേഷ് കുമ്മാര്‍ എന്നയാള്‍ ഉണ്ടത്രെ!
അങ്ങനെ, പത്രങ്ങളില്‍ വായിച്ചുമാത്രം പരിചയമുള്ള 'ഡിജിറ്റല്‍ അറസ്റ്റ്' എന്താണെന്നും ഈ തട്ടിപ്പുകാരെ 'ഊശി'യാക്കുന്നതെങ്ങനെയാണെന്നും ഇന്നലെ ഫെയ്സ് ബുക്കിലെ ലൈവ് വീഡിയോയിലൂടെ ലോകത്തെ മുഴുവന്‍ കാണിക്കാന്‍ പറ്റിയതില്‍ സന്തോഷം.
Content Highlights: student breaks cyber fraud attempt