ബഹിരാകാശ ഗവേഷണത്തിന് എഐയുടെ സാധ്യതകൾ ഉപയോഗിക്കാനൊരുങ്ങി നാസ. ഡാറ്റകൾ ക്രോഡീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ടിയാണ് എഐ പ്രധാനമായും നാസ ഉപയോഗിക്കുക. നാസയുടെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റർ നിക്കോള ഫോക്‌സാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന പുതിയ ടൂളുകളെ കുറിച്ച് വിശദീകരിച്ചത്.
സ്‌പേസ് സയൻസിന്റെ സാധ്യകൾ നവീകരിക്കുന്നതിനാണ് പുതിയ എഐ ടൂളുകൾ ഉപയോഗിക്കുന്നത്. നാസയുടെ പുതിയ എഐ ടൂൾ എർത്ത് സയൻസ്, ആസ്‌ട്രോഫിസിക്‌സ്, പ്ലാനറ്ററി സയൻസ്, ഹീലിയോഫിസിക്‌സ്, ബയോളജിക്കൽ ആൻഡ് ഫിസിക്കൽ സയൻസസ് എന്നിവയുമായി ബന്ധപ്പെട്ടതാണ്.
ഹീലിയോഫിസിക്‌സ് ഫൗണ്ടേഷൻ മാതൃകയിലൂടെയാണ് പുതിയ ടൂൾ പ്രവർത്തിക്കുന്നത്. സൗരവാതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രവചിക്കാൻ നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്‌സർവേറ്ററിയിൽ നിന്നുള്ള ഡാറ്റ ഈ മോഡൽ ഉപയോഗിക്കും. സൂര്യന്റെ വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ലഭിച്ച ഡാറ്റകൾ വിലയിരുത്താനും ഈ ടൂൾ സഹായകരമാവും.
നാസയുടെ കൈവശമുള്ള 140 പെറ്റാബൈറ്റിലധികം ഡാറ്റ പുതിയ ശാസ്ത്ര നയങ്ങളുടെ ഭാഗമായി ക്രോഡീകരിക്കുകയും ഗവേഷകർക്ക് പങ്കിടുകയും ചെയ്യുന്നുണ്ട്. ഈ ഡാറ്റകൾ എളുപ്പത്തിൽ പ്രോസസ് ചെയ്യാനും പുതിയ എഐ ടൂൾ കൊണ്ട് സാധിക്കും. കൂടാതെ ഭൗമനിരീക്ഷണം മെച്ചപ്പെടുത്താനും ഓരോ പ്രാവശ്യവും ലഭിക്കുന്ന ഡാറ്റകൾ അപ്പോൾ തന്നെ വിലയിരുത്താനും എഐ ടൂൾ കൊണ്ട് സാധിക്കും.
അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള നാസയുടെ നിലവിലെ അന്വേഷണങ്ങൾ എഐയുടെ ഉപയോഗത്തോടെ കൂടുതൽ ശക്തപ്രാപിക്കുമെന്നും ഫോക്‌സ് പറഞ്ഞു. LP 791-18d പോലുള്ള എക്‌സോപ്ലാനറ്റുകളെക്കുറിച്ചുള്ള സമീപകാല പഠനങ്ങൾ ഈ പുതിയ ഗവേഷണത്തിന് സഹായകരമാവുന്നുണ്ട്.
നേരത്തെ പര്യവേക്ഷണം ചെയ്യാനോ മനസ്സിലാക്കാനോ കഴിയാത്ത കാര്യങ്ങൾ പോലും എഐ ടൂൾ എത്തുന്നതോടെ കൂടുതൽ കൃത്യമായി പര്യവേക്ഷണം ചെയ്യാൻ നാസയെ സഹായിച്ചേക്കാമെന്നും നിക്കോള ഫോക്‌സ് പറഞ്ഞു.
Content Highlights: NASA Ready to Use AI in Space Science Research