വാട്‌സ്ആപ്പിൽ നീളം കൂടിയ സന്ദേശങ്ങൾ ടൈപ്പ് ചെയ്യാനുള്ള മടി കാരണം പലപ്പോഴും ശബ്ദസന്ദേശം അയക്കാറാണ് പതിവ്. എന്നാൽ ശബ്ദ സന്ദേശത്തിന്റെ ദൈർഘ്യം കൂടുമ്പോൾ പലപ്പോഴും കേൾവിക്കാർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇനി മുതൽ ഈ പ്രയാസങ്ങൾ ഒന്നുമുണ്ടാകില്ല.
ശബ്ദസന്ദേശങ്ങൾ ഇനി മുതൽ ടെക്സ്റ്റായി എളുപ്പത്തിൽ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റിൽ തരുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും ഒരേപോലെ ഈ ഫീച്ചർ ലഭ്യമായിരിക്കും.
വോയ്സ് സന്ദേശങ്ങൾ ടെക്സ്റ്റിലേക്ക് മാറ്റാൻ AI ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടില്ല. എന്നാൽ വോയ്സ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി തുടരുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് നിങ്ങൾ ഉപയോഗിക്കുന്ന ശബ്ദം മൂന്നാമതൊരാൾക്ക് അറിയാൻ സാധിക്കില്ല.
നിലവിൽ നാല് ഭാഷകളിലാണ് വോയ്‌സ് ട്രാൻസ്‌ക്രിപ്റ്റ് ആരംഭിക്കുക. ഇംഗ്ലീഷ്, പോർച്ചുഗീസ്, സ്പാനിഷ്, റഷ്യൻ എന്നിവയാണവ. അതേസമയം ഹിന്ദി വോയ്‌സുകൾ ടെക്സ്റ്റ് ആക്കാനുള്ള ഓപ്ഷൻ നിലവിൽ വാട്‌സാപ്പിന്റെ പുതിയ ബീറ്റാവേർഷനിൽ നൽകിയിട്ടുണ്ട്.
വോയ്‌സ് ടെക്സ്റ്റാക്കി മാറ്റാൻ വാട്‌സ്ആപ്പിലെ സെറ്റിങ്‌സിൽ മാറ്റം വരുത്തണം. ഇതിനായി വാട്സ്ആപ്പ് സെറ്റിംഗ്സ് തുറന്ന് ചാറ്റ്‌സിൽ ടാപ്പ് ചെയ്യുക. തുടർന്ന് താഴേക്ക് സ്‌ക്രോൾ ചെയ്ത് വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്ന ഓപ്ഷൻ ടാഗിൾ ചെയ്യുക. ഇപ്പോൾ കാണിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കണം.
അതേസമയം ഈ ഫീച്ചർ പ്രവർത്തനക്പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ ഭാഷാ പാക്കേജ് ഡൗൺലോഡ് ചെയ്യുകയും വേണം. ഡൗൺലോഡ് പൂർത്തിയായാൽ ഡൺനൗ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഓപ്ഷൻ പ്രവർത്തനക്ഷമം ആയാൽ ടെക്സ്റ്റിലേക്ക് മാറ്റേണ്ട വോയ്സ് സന്ദേശത്തിൽ ദീർഘനേരം അമർത്തി 'ട്രാൻസ്‌ക്രൈബ്' ക്ലിക്ക് ചെയ്താൽ മതി.
Content Highlights: WhatsApp Voice Note transcription feature, first time this four language