അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 സീരീസിൻ്റെ നോൺ-പ്രോ മോഡലുകളിൽ പെരിസ്കോപ് ടെലിഫോട്ടോ കാമറ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. നേരത്തെ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസിലെ പ്രോ മോഡലുകളായ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയിൽ പെരിസ്കോപ് ടെലിഫോട്ടോ കാമറ ഉണ്ടായിരുന്നു. പുതിയതായി ഇറങ്ങാനിരിക്കുന്ന ഐഫോൺ 17ൻ്റെ നോൺ-പ്രോ മോഡലുകളിൽ ഐഫോൺ 16ൻ്റെ പ്രോ മോഡലുകളിൽ ഉണ്ടായിരുന്ന പെരിസ്കോപ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ ഇല്ലായെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഐഫോൺ ക്യാമറ മൊഡ്യൂളുകൾ നിർമ്മിക്കുന്ന എൽജി ഇന്നോടെക് - നവീകരിച്ച ഐഫോണിനായി പുതിയ സവിശേഷതകൾ പരീക്ഷിക്കുന്നുണ്ടെങ്കിലും നോൺ-പ്രോ മോഡലുകളിൽ പെരിസ്കോപ് ടെലിഫോട്ടോ കാമറ പരീക്ഷിക്കില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ അടുത്ത വർഷം പുറത്തിറക്കാനിരിക്കുന്ന ഐഫോൺ 17 സീരീസിലും പ്രോ മോഡലുകൾക്ക് മാത്രമായി തുടരുമെന്നാണ് ദക്ഷിണ കൊറിയൻ പ്രസിദ്ധീകരണമായ ദി ഇലക്ക് അവകാശപ്പെടുന്നത്.
ഐഫോൺ 17 സീരീസിൽ നാല് മോഡലുകൾ ഉൾപ്പെടുമെന്ന വിവരങ്ങളാണ് ഇതിനകം പുറത്ത് വന്നിരിക്കുന്നത്. ഐഫോൺ 17, ഐഫോൺ 17 എയർ/സ്ലിം, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഐഫോൺ 17 സീരിസിൽ പുറത്തിറങ്ങുക എന്ന വിവരമാണ് ഇതിനകം പുറത്ത് വന്നിരിക്കുന്നത്. നിലവിൽ ഐഫോൺ 16 പ്രോയിലും പ്രോ മാക്സിലും ഉള്ള പെരിസ്കോപ്പ് കാമറകൾ 5x ഒപ്റ്റിക്കൽ സൂം ആണ് ഉള്ളത്. പുറത്തിറങ്ങാനിരിക്കുന്ന പുതിയ സീരീസിലും അപ്പിൾ മിനിമം 5x ഒപ്റ്റിക്കൽ സൂം പെരിസ്കോപ്പ് കാമറകളിൽ സജ്ജീകരിക്കുമെന്ന് തീർച്ചയാണ്. എന്തു തന്നെയായാലും ഐഫോൺ 17, ഐഫോൺ 17 എയർ/സ്ലിം എന്നീ മോഡലുകളിൽ പെരിസ്കോപ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കില്ലെന്നാണ് വിവരം.
ഇതിനിടെ സ്ഥിരം ഡിസൈനിൽ നിന്ന് മാറി അൾട്രാ സ്ലിം മോഡലായാവും ഐഫോൺ 17 സീരീസ് പുറത്തിറങ്ങുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ലിം മോഡലായ ഐഫോൺ 17 എയർ എന്ന പുതിയ മോഡൽ പുറത്തിറക്കാനിരിക്കുന്ന സീരീസിൽ ആപ്പിൾ അവതരിപ്പിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ പുറത്ത് വന്നത്. നിലവിലെ ഐഫോണുകളിൽ ഏറ്റവും സ്ലിം മോഡലായ ഐഫോൺ 6 നേക്കാൾ സ്ലിം ആയിരിക്കും ഐഫോൺ 17 എയർ എന്നാണ് ടെക് വിദഗ്ധർ പ്രവചിക്കുന്നത്. 6 എംഎം കനം മാത്രമായിരിക്കും ഐഫോൺ എയറിന് ഉണ്ടാവുകയെന്നാണ് ഹൈറ്റോംഗ് ഇന്റർനാഷണൽ ടെക് റിസർച്ചിലെ ജെഫ് പു നേരത്തെ വെളിപ്പെടുത്തിയത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഐഫോൺ 16 പ്രോയും ഐഫോൺ പ്രോമാക്‌സും 8.25 എംഎം കനത്തിലാണ് പുറത്തിറങ്ങിയത്. എന്നാൽ ഐഫോൺ 16 , ഐഫോൺ 16 പ്ലസ് എന്നിവയ്ക്ക് 7.8 എംഎം കനം മാത്രമാണ് ഉള്ളത്.
ആപ്പിളിന്റെ A19, A19 പ്രോ ചിപ്പുകൾ ഉപയോഗിച്ചായിരിക്കും ഐഫോൺ 17 നിർമിക്കുകയെന്ന റിപ്പോർട്ടും നേരത്തെ പുറത്ത് വന്നിരുന്നു. ഐഫോൺ 17, ഐഫോൺ 17 എയർ എന്നിവ A19 ചിപ്പിലും ഐഫോൺ 17 പ്രോ, പ്രോമാക്‌സ് എന്നിവ A19 പ്രോ ചിപ്പിലുമായിരിക്കും നിർമ്മിക്കുക എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകൾക്കും 120Hz റിഫറെഷൽ റേറ്റ് ഉള്ള ഒരു ഡിസ്പ്ലേ ലഭിക്കുമെന്നും പ്രോ മോഡലുകൾക്കായി ആപ്പിൾ പുതിയ ആന്റി റിഫ്‌ലക്ടീവ് കോട്ടിംഗ് കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Content Highlights: Apple to keep the periscope telephoto camera exclusive to the iPhone Pro models next year