ജീവനക്കാരുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ എഐ-പവർ പ്രൊഡക്ടിവിറ്റി മോണിറ്ററിംഗ് സോഫ്‌റ്റ്‌വെയർ. ജീവനക്കാരുടെ കാര്യക്ഷമത ട്രാക്ക് ചെയ്യുക മാത്രമല്ല, ഓട്ടോമേഷൻ വഴി മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ അത് നിർദേശിക്കുകയും ചെയ്യും. സോഫ്‌റ്റ്‌വെയർ പരമ്പരാഗത നിരീക്ഷണത്തിന് അതീതമാണെന്നാണ് റീഡിറ്റ് ഉപയോക്താവിൻ്റെ പ്രതികരണം. ജീവനക്കാരുടെ ഒരു പ്രൊഡക്‌റ്റിവിറ്റി ഗ്രാഫ് തന്നെ എഐ സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാർ ഏതെങ്കിലും തരത്തിൽ മോശം പ്രകടനം കാഴ്ച്ചവെയ്ക്കുകയാണെങ്കിൽ പ്രത്യേക മുന്നറിയിപ്പ് നൽക്കുകയും ഈ എഐ സോഫ്‌റ്റ്‌വെയർ ചെയ്യും. കൂടാതെ ജീവനക്കാരെ പിരിച്ചുവിടാൻ പോലും സോഫ്‌റ്റ്‌വെയർ ശുപാർശ ചെയ്യും.
പൂർണ്ണ കീലോഗിംഗ്, മൗസിൻ്റെ ചലനങ്ങൾ ട്രാക്ക് ചെയ്യുക, ആനുകാലിക ഡെസ്ക്ടോപ്പ് സ്ക്രീൻഷോട്ടുകൾ ക്യാപ്ചർ ചെയ്യുക, പ്രോഗ്രാം ഉപയോഗം നിരീക്ഷിക്കുക എന്നതാണ് സോഫ്‌റ്റ്‌വെയറിൻ്റെ അടിസ്ഥാന പ്രവർത്തനങ്ങൾ. സോഫ്‌റ്റ്‌വെയർ തത്സമയ പ്രവർത്തനങ്ങൾ റെക്കോർഡുചെയ്യുകയും പ്രോഗ്രാമുകളിൽ ഉപയോക്താക്കൾ എവിടെയാണ് ക്ലിക്ക് ചെയ്യുന്നതെന്ന് കാണിക്കുന്ന ഹീറ്റ്‌മാപ്പുകൾ അടക്കം സൃഷ്ടിക്കുകയും ചെയ്യും.
ഓരോ തൊഴിൽ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിലും സോഫ്‌റ്റ്‌വെയർ ഒരു പങ്ക് വഹിക്കുന്നുണ്ട്. മൗസ് മൂവ്‌മെൻ്റ് പാറ്റേണുകൾ, ടൈപ്പിംഗ് സപീഡ്, ബാക്ക്‌സ്‌പേസിംഗിൻ്റെ ആവൃത്തി, വെബ്‌സൈറ്റ് സന്ദർശനങ്ങൾ, ഇമെയിൽ ആക്‌റ്റിവിറ്റി, പ്രോഗ്രാം ഉപയോഗം തുടങ്ങിയ ഡാറ്റയെ അടിസ്ഥാനമാക്കി ഓരോ തൊഴിലാളിക്കും എഐ പ്രത്യേക ഗ്രാഫ് നൽകിയിട്ടുമുണ്ട്. ഒരു ജീവനക്കാരൻ്റെ പ്രകടനം ഒരു നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽ അവർക്ക് ചുവന്ന പതാക നൽകും. ആ ജീവനക്കാരനെ പറ്റിയുള്ള അഭിപ്രായവും അദ്ദേഹത്തിൻ്റെ വർക്കിങ് പെർഫോമൻസിനെ പറ്റിയും മാനേജർക്കും കമ്പനിയിലെ മറ്റ് ഉന്നതർക്കും സോഫ്‌റ്റ്‌വെയർ അയച്ചു കൊടുക്കും.
പോസ്റ്റ് വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. സോഫ്റ്റ്‌വെയറിൻ്റെ സ്വഭാവത്തെയും തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള അതിൻ്റെ സാധ്യതയെയും പറ്റി നിരവധി കമൻ്റുകളാണ് ഉയർന്ന് വന്നത്. എന്നാൽ ഇത്തരത്തിൽ ജീവനക്കാരെ നിരീക്ഷിക്കാനായി ഒരു എഐയെ നിയോഗിച്ചതിനെതിരെ കമ്പനിക്കെതിരെയും നിരവധി കമൻ്റുകൾ വന്നിട്ടുണ്ട്.
Content Highlights: A controversial AI software that tracks employees' productivity and suggests automation replacements has gone viral on social media, sparking widespread concern and outrage among workers.