ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേഷണ ദൗത്യമാണ് ആദിത്യ എല്‍1. സൂര്യനെ ഏറ്റവും അടുത്ത് നിരീക്ഷിച്ച് പഠനവിധേയമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ആദിത്യ എല്‍ 1-ല്‍ നിന്നുള്ള ആദ്യ 'സുപ്രധാന ഫലം' ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. സൂര്യനില്‍ നിന്നുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍(സിഎംഇ) ആരംഭിച്ച കൃത്യമായ സമയം കണക്കാക്കാന്‍ ഗവേഷണത്തിലൂടെ സാധിച്ചിരിക്കുകയാണ്.
ആദിത്യ എല്‍ 1 വഹിച്ചിരുന്ന പ്രധാനപ്പെട്ട ഏഴ് ശാസ്ത്രീയ ഉപകരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിസിബിള്‍ എമ്മിഷന്‍ ലൈന്‍ കൊറോണോഗ്രാഫ് അല്ലെങ്കില്‍ വെല്‍ക്. ഈ ഉപകരണത്തിന്റെ സഹായത്തോടെയാണ് നിര്‍ണായകമായ കണ്ടെത്തല്‍. കൊറോണല്‍ മാസ് ഇജക്ഷന്റെ കൃത്യമായ ഉത്ഭവ കാരണങ്ങളടക്കം അജ്ഞാതമായിരിക്കെ നിലവിലെ കണ്ടുപിടിത്തം ഏറ്റവും 'വിലപ്പെട്ട'തായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ജൂലൈ 16-ലെ പ്രതിഭാസമാണ് ആദിത്യ എല്‍1-ന്റെ കണ്ണുകളിലൂടെ ഒപ്പിയെടുത്തത്.
ജൂലൈ 16ന് 13.08-ഓടെയാണ് കൊറോണല്‍ ഇജക്ഷന്‍ വെല്‍ക് കണ്ണുകളില്‍ പതിഞ്ഞത്. ഭൂമിയുടെ ദിശയിലേക്കാണ് ഇവ പുറന്തള്ളപ്പെട്ടതെന്നും വെല്‍ക് ഡിസൈന്‍ ചെയ്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. ആര്‍ രമേശ് പറഞ്ഞു. എന്നാല്‍ യാത്ര ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ അതിന്റെ സഞ്ചാരദിശയില്‍ മാറ്റമുണ്ടായി. സൂര്യന്റെ പുന്‍ഭാഗത്തേക്കാണ് ഇത് ദിശമാറി സഞ്ചരിച്ചതെന്നതിനാല്‍ ഭൂമിയിലെ കാലാവസ്ഥയെ ബാധിച്ചില്ല.
സൂര്യനില്‍ നിന്ന് വലിയ അളവില്‍ പ്ലാസ്മ പുറന്തള്ളപ്പെടുന്നതിനെയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് വിളിക്കുന്നത്. സൂര്യന്റെ ബാഹ്യപാളിയില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഈ ഭീമാകാരമായ അഗ്നിഗോളങ്ങളെക്കുറിച്ച് പഠിക്കുക എന്നത് ഇന്ത്യയുടെ കന്നി സൗരോര്‍ജ്ജ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.
ഭൂമിയിലെ കാലാവസ്ഥയെ അടക്കം സ്വാധീനിക്കാന്‍ ശേഷിയുള്ളവയാണ് കൊറോണല്‍ മാസ് ഇജക്ഷനുകള്‍. ഊര്‍ജ്ജകണങ്ങളാല്‍ നിര്‍മ്മിതമായ, ഒരു സിഎംഇയ്ക്ക് ഒരു ട്രില്യണ്‍ കിലോഗ്രാം വരെ ഭാരമുണ്ടാകുമെന്ന് പ്രൊഫ. രമേശ് പറയുന്നു. സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ സെക്കന്‍ഡില്‍ 3,000 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. ഭൂമിയിലേക്കുള്‍പ്പടെ ഏത് ദിശയിലേക്കും അതിന് സഞ്ചരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമിയിലെ കാലാവസ്ഥ മാത്രമല്ല ബഹിരാകാശ കാലാവസ്ഥയെയും ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും ഉള്‍പ്പടെ ഇവ സ്വാധീനിക്കാം. ഒരു കൊറോണല്‍ മാസ് ഇജക്ഷന്റെ ചാര്‍ജ്ജ് ചെയ്ത കണങ്ങള്‍ക്ക് ഒരു ഉപഗ്രഹത്തിലെ എല്ലാ ഇലക്ട്രോണിക്‌സുകളെയും വരെ തകരാറിലാക്കാനും പവര്‍ ഗ്രിഡുകളെ തകര്‍ക്കാനും ശേഷിയുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
മുമ്പ് പലതവണ അപകടകരമായ രീതിയില്‍ സിഎംഇ ഭൂമിക്ക് അഭിമുഖമായി വന്നിട്ടുണ്ട്. 1989ല്‍ കൊറോണല്‍ മാസ് ഇജക്ഷന്റെ ഫലമായി കാനഡയിലെ ക്യുബെകില്‍ ഒമ്പത് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടിരുന്നു. 2015ല്‍ സ്വീഡനിലും ചില യൂറോപ്യന്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും സിഎംഇയുടെ ആഘാതം സാരമായി ബാധിച്ചു. ഇതിന് മുമ്പും ശേഷവും പല തവണ ഭൂമിയെ സിഎംഇയുടെ ആഘാതം സാരമായി ബാധിച്ചിട്ടുണ്ട്.
സൂര്യനില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനും കൊറോണല്‍ മാസ് ഇജക്ഷന്‍ അല്ലെങ്കില്‍ സൗര കൊടുങ്കാറ്റിന്റെ പ്രഭവം മുന്‍കൂട്ടി അറിയാനും പാത നിരീക്ഷിക്കുന്നതിനുമുള്‍പ്പടെ കഴിഞ്ഞിരുന്നെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
യുഎസ് സ്‌പേസ് ഏജന്‍സി നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ജപ്പാനും ചൈനയും ഉള്‍പ്പടെയുള്ള ഈ രംഗത്തെ വമ്പന്‍മാര്‍ പതിറ്റാണ്ടുകളായി സൂര്യനെയും അവയെ ചുറ്റിപ്പറ്റിയുള്ള പ്രതിഭാസങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യമാണ് ആദിത്യ എല്‍1-ലൂടെ ഇന്ത്യയും ഇക്കൂട്ടത്തിലെത്തിയത്. ഗ്രഹണസമയത്തുള്‍പ്പടെ ബഹിരാകാശത്ത് നിന്ന് സൂര്യനെ നിരന്തരം വീക്ഷിക്കാനും ശാസ്ത്രീയ പഠനങ്ങള്‍ നടത്താനും ആദിത്യ-എല്‍1-ന് കഴിയും. മാത്രമല്ല മറ്റുള്ള നിരീക്ഷണ ഉപഗ്രഹങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കുന്നതാണ് ആദിത്യയിലുള്ള വെല്‍ക് അടക്കമുള്ള സജ്ജീകരണങ്ങള്‍. ആദിത്യ എല്‍1-ലൂടെ സൂര്യനില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു. വെല്‍കിലൂടെ സിഎംഇയുടെ കൃത്യമായ പ്രഭവ സമയവും സഞ്ചാര ദിശയും ഉള്‍പ്പടെ മനസിലാക്കാന്‍ സാധിക്കും. ആദിത്യ എല്‍1-ന്റെ അടുത്ത കണ്ടുപിടിത്തം എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം.
Content Highlights: Why India's latest Sun mission finding is crucial for the world