എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന രീതിയാണ് ഇന്ന് കൂടുതലും കാണുന്നത്. ചാറ്റ് ജിപിടിയുടെ തരംഗം കൂടിയായപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകം ആളുകളുടെ പല ജോലികളും എളുപ്പമുള്ളതാക്കി. ജോലിക്ക് വേണ്ടി തയ്യാറാക്കുന്ന റെസ്യൂമേ, മറ്റ് രേഖകള്‍, സര്‍ഗാത്മകമായ കവിതകളും കഥകളും, എഡിറ്റിങും തുടങ്ങി ചാറ്റ് ജിപിടി കൈവെക്കാത്ത മേഖലയില്ല.
നമുക്ക് ആവശ്യമുള്ള രീതിയില്‍ മിനിറ്റുകള്‍ക്കകം കഥയും കവിതയും വരെ ചാറ്റ് ജിപിടി തയ്യാറാക്കി തരും. തുടക്കത്തില്‍ വിമര്‍ശനവും പിന്നീട് അത്ഭുതവുമായി മാറിയ ചാറ്റ് ജിപിടിയുടെ എഴുത്തുകള്‍ക്ക് മനുഷ്യര്‍ക്ക് വലിയ താല്‍പര്യമില്ലെന്നാണ് പുതിയ ഗവേഷണം. എഐ എഴുത്തുകളും മനുഷ്യര്‍ എഴുതിയ എഴുത്തുകളും മുന്‍നിര്‍ത്തിയുള്ള പരീക്ഷണത്തിനൊടുവിലാണ് എഐ എഴുത്തുകളോട് പൊതുവേ ആളുകള്‍ വിമുഖത കാണിക്കുന്നുവെന്ന നിരീക്ഷണത്തിലേക്കെത്തിയത്.
മനുഷ്യന്‍ എഴുതിയ കൃതിയാണെങ്കിലും അത് എഐ എഴുതിയതാണെന്ന് പറഞ്ഞ് നല്‍കിയപ്പോള്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്ന് പഠനം പറയുന്നു. എന്നാല്‍ എഐ എഴുതിയ കൃതിയും മനുഷ്യര്‍ എഴുതിയ കൃതിയും ഇഷ്ടപ്പെട്ടോ, എങ്ങനെയാണ് ഇഷ്ടപ്പെട്ടത് തുടങ്ങിയ കാര്യങ്ങള്‍ ഗവേഷകര്‍ വ്യക്തമാക്കിയിട്ടില്ല.
എഐ കൃതികള്‍ക്ക് കലാമൂല്യം കുറവാണെന്ന മുന്‍വിധികള്‍ക്ക് പിന്നാലെയാണ് ഇത്തരമൊരു അഭിപ്രായത്തിലേക്ക് ആളുകളെത്തുന്നതെന്നാണ് കണ്ടെത്തല്‍. ഇന്നേറ്റ് ബയാസ് എന്ന് വിളിക്കുന്ന ഈയൊരു അവസ്ഥ പലരിലുമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. എഐ കൃതികള്‍ക്ക് സാഹിത്യപരമായ ആഴം കുറവാണെന്നാണ് പലരുടെയും അഭിപ്രായം.
Content Highlights: new study says demand in AI writes decreased