ഗൂഗിൾ, സാംസങ്, വൺപ്ലസ് എന്നിവയ്ക്ക് പിന്നാലെ പുതിയ എഐ ഫീച്ചറുമായി മോട്ടോറോളയും. മോട്ടോ എഐ എന്ന് പേരിട്ടിരിക്കുന്ന പുതിയ എഐ ഫീച്ചറിന്റെ ഓപ്പൺ ബീറ്റ മോഡൽ പുറത്തിറങ്ങി. നിലവിൽ മോട്ടോറോളയുടെ Razr 50 Ultra, Razr 50, Razr, Edge 50 Ultra എന്നീ പതിപ്പുകളിലാണ് മോട്ടോ എഐയുടെ ബീറ്റ മോഡൽ ഉപയോഗിക്കാൻ സാധിക്കുക.
ആപ്പിൾ ഇന്റലിജൻസിന് സമാനമായുള്ള പ്രവർത്തനമാണ് മോട്ടോ എഐ മോട്ടോറോള ഫോണിൽ നടത്തുക. 'ക്യാച്ച് മി അപ്പ്', 'പേ അറ്റൻഷൻ', 'റിമെംബർ ദിസ്' എന്നീ ഫീച്ചറുകളാണ് മോട്ടോ എഐയിൽ ഉണ്ടാവുക. നിങ്ങൾക്ക് നഷ്ടമായിരിക്കാനിടയുള്ള അറിയിപ്പുകളുടെ സംഗ്രഹമാണ് കാച്ച് മീ അപ്പ് ഫീച്ചറിൽ ഉണ്ടാവുക.
മീറ്റിംഗുകളിലും സംഭാഷണങ്ങളിലും പ്രധാന പോയിന്റുകൾ ക്യാപ്ചർ ചെയ്യാനും ട്രാൻസ്‌ക്രൈബ് ചെയ്യാനും സംഗ്രഹിക്കാനും ഉപയോഗിക്കുന്നതാണ് പേ അറ്റൻഷൻ ഫീച്ചർ. പിക്സൽ സ്‌ക്രീൻഷോട്ടുകൾക്ക് സമാനമാണ് മോട്ടോറോളയുടെ റിമെംബർ ദിസ് എന്ന ഫീച്ചർ ഉപയോഗിക്കുന്നത്. ഫോട്ടോകളും സ്‌ക്രീൻഷോട്ടുകളും ഒരു കുറിപ്പ് ഉപയോഗിച്ച് ടാഗ് ചെയ്യാനും ഫോട്ടോകൾ ഈ കീ വേഡ് ഉപയോഗിച്ച് തിരയാനും സാധിക്കും.
ഇതിന് പുറമെ ശബ്ദം ഉപയോഗിച്ച് ഇന്റർനെറ്റിൽ വിവിധ കാര്യങ്ങൾ സെർച്ച് ചെയ്യാനും മോട്ടോ എഐയിലൂടെ കഴിയും. ഇവ കൂടാതെ ന്യൂസ്, ജേർണൽ തുടങ്ങിയ സവിശേഷതകളും മോട്ടോയിൽ ഉണ്ടാവും. മോട്ടോ എഐ ഉപയോഗിക്കുന്നതിനായി ആദ്യം ഏറ്റവും പുതിയ പതിപ്പിലേക്ക് ഫോൺ അപ്‌ഡേറ്റ് ചെയ്യണം. തുടർന്ന് നിങ്ങളുടെ ഉപകരണം Moto AI-ന് യോഗ്യമാണെന്ന് പ്രസ്താവിക്കുന്ന ഒരു അറിയിപ്പ് മോട്ടറോളയിൽ നിന്ന് നിങ്ങൾക്ക് ലഭിച്ചേക്കാം.
ഇത്തരത്തിൽ അറിയിപ്പ് ലഭിച്ചാൽ മോട്ടോറോള വെബ്‌സൈറ്റിൽ നിന്ന് മോട്ടോ എഐ സൈൻ അപ്പ് ചെയ്യുക. അടുത്ത 24 മണിക്കൂറുകൾക്കുള്ളിൽ ഉപഭോക്താവിന് അവരുടെ മോട്ടോറോള ഫോണുകളിൽ മോട്ടോ എഐ ഉപയോഗിക്കാൻ സാധിക്കും.
Content Highlights: Motorola with new AI model How to use moto AI beta version?