ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യൻ മൊബൈൽ ഉപയോക്താക്കൾക്ക് ഒടിപി ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിടേണ്ടി വരും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണ മാറ്റങ്ങൾ വരുന്നതോടെയാണ് ഒടിപി ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ജിയോ, എയർടെൽ, വി തുടങ്ങിയ പ്രമുഖ ടെലികോം ദാതാക്കളെയാണ് പ്രഥമികഘട്ടത്തിൽ ഇത് ബാധിക്കുക.
ഒറ്റത്തവണ പാസ്‌വേഡുകൾ നൽകുന്നതിൽ ടെലികോം കമ്പനികൾക്ക് ട്രായിയുടെ നിയന്ത്രണങ്ങൾ വരുന്നതോടെയാണ് ഒടിപികൾ ലഭിക്കാൻ കാലതാമസം ഉണ്ടാകാൻ സാധ്യതയുള്ളത്. നിരവധി തട്ടിപ്പുകൾക്ക് കാരണമാകുന്ന സ്‌പാമിനെയും ഫിഷിംഗ് സന്ദേശങ്ങളെയും ചെറുക്കുന്നതിന് ട്രായ് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ട്രെയ്‌സിബിലിറ്റി നിയമങ്ങൾ ആണ് ഇതിന് കാരണമാകുന്നത്. നിയമങ്ങൾ നടപ്പിലാക്കുന്നതിനായി ടെലികോം കമ്പനികൾക്ക് ട്രായ് നൽകിയിട്ടുള്ള അവസാന സമയപരിധി 2024 ഡിസംബർ 1 വരെയാണ്.
ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ട്രായിയുടെ വലിയ ശ്രമത്തിൻ്റെ ഭാഗമാണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. സന്ദേശങ്ങളുടെ കൃത്യമായ ഉറവിടം കണ്ടെത്താനായാണ് ട്രെയ്‌സിബിലിറ്റി നിയമങ്ങൾ നടപ്പിലാക്കുന്നത്. നടപടികൾ സ്വീകരിക്കുന്നതിന് ടെലികോം ദാതാക്കൾക്ക് ആദ്യം ഒക്ടോബർ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ കമ്പനികൾക്ക് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ ആയതോടെ നവംബർ 30 വരെ സമയം നീട്ടി നൽകുകയായിരുന്നു.
Content Highlights: These new rules are part of TRAI's larger effort to protect consumers in the face of increasing online fraud