കഴിഞ്ഞ ദിവസമാണ് അല്ലു അർജുൻ നായകനായ പുഷ്പ 2 തിയേറ്ററുകളിൽ എത്തിയത്. റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് പുഷ്പ തിയേറ്ററുകളിൽ വൻ കളക്ഷനാണ് ഉണ്ടാക്കുന്നത്. പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് എക്‌സ്‌ക്ലൂസീവ് ക്രോസ് ഓവറുമായി എത്തിയിരിക്കുകയാണ് ഫ്രീ ഫയർ ഗെയിം.
ഫ്രീ ഫയർ ഗെയിമിൽ ഡിസംബർ 6 മുതൽ എക്‌സ്‌ക്ലൂസിവ് അല്ലു അർജുന്റ പുഷ്പ എന്ന കഥാപാത്രത്തിന്റെ വോയ്‌സ് പാക്ക് ഫ്രീ ആയി അൺലോക്ക് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. ഡിസംബർ 15 വരെയാണ് അല്ലുവിന്റെ വോയ്സ് പാക്കുകളും മറ്റ് ഫീച്ചറുകളും ഗെയിമിൽ ലഭ്യമാവുക. FW2KQX9MFFPS എന്ന കോഡാണ് സൗജന്യമായി പുഷ്പ 2 വോയ്‌സ് പാക്ക് ലഭിക്കാൻ ഗെയിമിൽ ഉപയോഗിക്കേണ്ടത്.
അതേസമയം പുഷ്പ 2 ആദ്യ ദിനം 250 കോടിക്കും മുകളിൽ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലും സിനിമ മികച്ച കളക്ഷൻ ആണ് നേടിയിരിക്കുന്നത്. ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് 6.35 കോടിയാണ് നേടിയത്.
ഒരു തെലുങ്ക് ഡബ്ബ് സിനിമ കേരളത്തിൽ നിന്നും നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. എസ്എസ് രാജമൗലി ചിത്രമായ ബാഹുബലി 2 നേടിയ 5.45 കോടിയെയാണ് ഇതോടെ പുഷ്പ 2 മറികടന്നത്. മമ്മൂട്ടി ചിത്രമായ ടർബോയെ വീഴ്ത്തി 2024 ലെ കേരളത്തിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡും പുഷ്പ 2 സ്വന്തമാക്കി. 6.15 ആയിരുന്നു ടർബോയുടെ കളക്ഷൻ.
111 ഡോട്ട്‌സ് സ്റ്റുഡിയോ ആണ് ഫ്രീ ഫയർ ഗെയിം നിർമിച്ചിരിക്കുന്നത്. 2017 ൽ ബീറ്റ വേർഷനായി ഇറങ്ങിയ ഗെയിം ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമാവുകയായിരുന്നു. 2019 ൽ ഗൂഗിൾ പ്ലേ സ്റ്റോറിന്റെ 'മികച്ച ജനപ്രിയ വോട്ട് ഗെയിം' അവാർഡ് ഫ്രീ ഫയറിന് ആയിരുന്നു. 2021 ലെ കണക്ക് അനുസരിച്ച് ആഗോളതലത്തിൽ പ്രതിദിനം ഒരു ബില്ല്യണിലധികം ആളുകൾ ഫ്രീ ഫയർ ഗെയിം ഉപയോഗിക്കാറുണ്ട്. 2022 ൽ പ്ലേസ്റ്റോറിൽ ഫ്രീ ഫയർ മാക്‌സ് 100 മില്ല്യൺ ഡൗൺലോഡ്‌സ് തികയ്ക്കുകയും ചെയ്തു.
Content Highlights: Free fire game with exclusive crossover with allu arjuns Pushpa 2