വോയിസ്, വീഡിയോ കോളുകളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. കോളുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പുതിയ നാല് ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസേന ലോകത്താകെ രണ്ട് ബില്യണ്‍ വാട്‌സ്ആപ്പ് കോളുകള്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഡെസ്‌ക്‌ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. എന്തൊക്കെയാണ് വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെന്ന് പരിശോധിക്കാം,
ഗ്രൂപ്പ് കോളുകളില്‍ തിരഞ്ഞെടുക്കുന്നവര്‍ മാത്രം: നിലവില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ നിന്ന് വോയിസ് അല്ലെങ്കില്‍ വീഡിയോ കോളിന് ശ്രമിച്ചാല്‍ അത് ആ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാകും. എന്നാല്‍ പുതിയ ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ ഗ്രൂപ്പിലെ തിരഞ്ഞെടുത്ത അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കോളുകള്‍ ചെയ്യാനാകും. അതായത് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ ശല്യപ്പെടുത്താതെ നിങ്ങള്‍ക്ക് സംസാരിക്കേണ്ടവരെ മാത്രം ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോള്‍ നടത്താനാകും.
വീഡിയോ കോള്‍ ഇഫക്ടുകള്‍: പുതിയ പത്ത് ഇഫക്ടുകളാണ് വാട്‌സ്ആപ്പ് വീഡിയോ കോളില്‍ പുതുതായി കൊണ്ടുവരുന്നത്. ഉപയോക്താക്കള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നവയാകും ഈ ഇഫക്ടുകളെന്ന് കമ്പനി പറയുന്നു.
ഡെസ്‌ക്ടോപ് കോളിങ് ഫീച്ചര്‍: ഡെസ്‌ക്ടോപ്പില്‍ വാട്‌സ്ആപ്പിന്റെ ഉപയോഗം കൂടുതല്‍ സൗകര്യപ്രദവും എളുപ്പവുമാക്കുന്നതിനായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് എളുപ്പത്തില്‍ കോളുകള്‍ ആരംഭിക്കാനും കോള്‍ ലിങ്ക് ക്രിയേറ്റ് ചെയ്യാനും ഉള്‍പ്പടെ സാധിക്കും.
മികച്ച നിലവാരമുള്ള വീഡിയോ കോളുകള്‍: മികച്ച നിലവാരമുള്ള വീഡിയോ കോളുകളാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ഉറപ്പുനല്‍കുന്നത്. നിങ്ങള്‍ വിളിക്കുന്നത് ഡെസ്‌ക്ടോപ്പില്‍ നിന്നോ മൊബൈലില്‍ നിന്നോ ആകട്ടെ, കോളുകള്‍ കൂടുതല്‍ വ്യക്തവും നിലവാരമുള്ളതുമാകുമെന്ന് കമ്പനി പറയുന്നു.
Content Highlights: WhatsApp introduces new calling features for mobile, desktop