ഐഫോണിന്റെ പ്രോ വേരിയന്റുകളെക്കാൾ വിലകുറഞ്ഞായിരിക്കും ഐഫോൺ 17 എയർ എത്തുകയെന്ന് റിപ്പോർട്ട്. വാള്‍സ്ട്രീറ്റ് ജേർണൽ ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2025 ൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 എയറിന് ഐഫോൺ പ്ലസ് മോഡലുകളുടെ റേറ്റ് തന്നെയായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
നേരത്തെ ഐഫോൺ 16 പ്രോയെക്കാൾ വില ഐഫോൺ 17 എയറിന് ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഫോൺ എയർ എത്തുന്നതോടെ കമ്പനി പ്ലസ് മോഡലുകൾ നിർത്തലാക്കാനാണ് സാധ്യത. നിലവിൽ ഹിറ്റായ ഐപാഡ് എയർ, മാക് ബുക്ക് എയർ എന്നിവയ്ക്ക് സമാനമായ രീതിയിലായിരിക്കും ഐഫോൺ 17 എയറും എത്തുകയെന്നാണ് റിപ്പോർട്ട്.
നിലവിൽ ഐഫോൺ പ്രോയ്ക്ക് അമേരിക്കയിൽ 84750 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഐഫോൺ 16 പ്രോയ്ക്ക് 1,19,900 രൂപയിലാണ് വില ആരംഭിക്കുന്നത്. എന്നാൽ ഐഫോൺ 17 എയറിന് ഇന്ത്യയിൽ ഏകദേശം 89,900 രൂപയായിരിക്കും വിലയെന്നാണ് റിപ്പോർട്ട്.
ടൈറ്റാനിയം ഫ്രെയിം ബോഡിയിൽ ഒരുങ്ങുന്ന ഐഫോൺ 17 എയർ ഫോണ്‍ ഭാരം കുറഞ്ഞതും കൂടുതൽ മോടിയുള്ളതുമായിരിക്കും. 6.6 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയായിരിക്കും ഐഫോൺ 17 എയറിന് ഉണ്ടാവുക.
48 മെഗാപിക്‌സൽ പ്രൈമറി സെൻസര്‍ കാമറയും 24 മെഗാപിക്‌സൽ ഫ്രണ്ട് ഫേസിംഗ് കാമറയുമായിരിക്കും ഐഫോൺ 17 എയറിൽ ഉണ്ടാവുക. A18-ന് സമാനമായ നൂതനമായ 3nm പ്രോസസ് ഉപയോഗിക്കുന്ന A19 ചിപ്പായിരിക്കും ഐഫോൺ 17 എയറിന് ഉണ്ടാവുക.
മൾട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, ഗ്രാഫിക്‌സ് പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതായിരിക്കും പുതിയ ചിപ്പ്. ഫോട്ടോഗ്രാഫി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയ്ക്കും പുതിയ ഐഫോൺ 17 എയർ സഹായകരമാവും. 2025 സെപ്റ്റംബറിലായിരിക്കും ഐഫോൺ 17 എയർ പുറത്തിറക്കാൻ സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: iPhone 17 Air price information is out Cheaper than the Pro models