തലക്കെട്ടുകളും തംബ്നെയിലുകളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കൊടുത്താല്‍ ഇന്ത്യയില്‍ കര്‍ശനമായ നിയമം കൊണ്ടുവരുമെന്ന് യൂട്യൂബ് അറിയച്ചതായി റിപ്പോര്‍ട്ട്. ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഉപയോഗിക്കുന്നതായാണ് യൂട്യൂബ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രവണതകള്‍ തടയുന്നതിന് വരും മാസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.
വീഡിയോകളില്‍ ക്ലിക്ക് ചെയ്യുന്നതിലേക്ക് ആളുകളെ തെറ്റിദ്ധരിപ്പിച്ച് നയിക്കാന്‍ ഇവയ്ക്ക് കഴിയും. പലപ്പോഴും അവരുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാത്ത ഉള്ളടക്കമായിരിക്കും വീഡിയോയിലുള്ളത്. ഇത് സമയം പാഴാക്കുക മാത്രമല്ല പ്ലാറ്റ്ഫോമിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രധാന നിമിഷങ്ങളില്‍ സമയബന്ധിതവും കൃത്യവുമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ആളുകള്‍ പലപ്പോഴും പ്ലാറ്റ്ഫോമിനെ ആശ്രയിക്കുന്നതിനാല്‍, ബ്രേക്കിംഗ് ന്യൂസുകളോ സമകാലിക സംഭവങ്ങളോ ഉള്‍പ്പെടുമ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുമെന്ന് യൂട്യൂബ് പറയുന്നു.
'ആദ്യഘട്ടത്തില്‍ മുന്നറിയിപ്പില്ലാതെ വ്യവസ്ഥകള്‍ തെറ്റിക്കുന്ന വിഡിയോകള്‍ നീക്കം ചെയ്യും. പുതുതായി അപ്ലോഡ് ചെയ്യുന്ന കണ്ടന്റുകള്‍ക്കാണ് ഇത് ബാധകമാകുക', ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് പോസ്റ്റില്‍ യൂട്യൂബ് പറഞ്ഞു. രാഷ്ട്രീയ, സര്‍ക്കാര്‍ വാര്‍ത്തകള്‍ക്ക് അപ്പുറം കായിക ഉള്ളടക്കങ്ങളിലേക്ക് നയം വ്യാപിപിക്കുമോയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വീഡിയോ ക്രിയേറ്റേഴ്‌സിനെ ബോധവല്‍ക്കരിക്കുകയും അപ്ഡേറ്റ് ചെയ്ത മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നതിന് അവരുടെ ഉള്ളടക്കം ക്രമീകരിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇന്ത്യയില്‍ യൂട്യൂബ് ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍, പ്ലാറ്റ്ഫോം വിശ്വാസ്യത വർധിപ്പികുക കൂടിയാണ് ലക്ഷ്യം.
Content Highlights: misleading titles and thumbnails youtube to enforce strict rules