യൂട്യൂബിൽ വീഡിയോ അപ്പ്ലോഡ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. നിങ്ങളുടെ വീഡിയോകൾ ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യാൻ സാധിക്കുന്ന ഒരു എഐ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ഇത്തരത്തിൽ ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യുന്നതിന് കൊണ്ട് തന്നെ അന്യ ഭാഷകളിൽ ഉള്ള പ്രേക്ഷകരിലേക്ക് വീഡിയോ എത്തിക്കാൻ സാധിക്കും.
നിലവിൽ പാചക വീഡിയോകൾ, ടെക് വിഡിയോകൾ പോലുള്ള വിജ്ഞാനാധിഷ്‌ഠിത ഉള്ളടക്കം സൃഷ്ടിക്കുന്ന ആളുകൾക്ക് മാത്രമേ ഇത് ലഭ്യമാകൂ . ഉടൻ തന്നെ മറ്റ് യൂട്യൂബർമാരിലേക്കും ഇത് വ്യാപിപ്പിക്കും. യുട്യൂബർ സംസാരിക്കുന്നത് പകർത്താനും ഒന്നിലധികം ഭാഷകളിലേക്ക് പരിവർത്തനം ചെയ്യാനും ഗൂഗിൾ ജെമിനിയുടെ കഴിവുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
എഐ സിസ്റ്റം ഒരു വീഡിയോയുടെ യഥാർത്ഥ ഓഡിയോ ട്രാക്ക് വിശകലനം ചെയ്യുകയും അത് ടെക്‌സ്‌റ്റിലേക്ക് മാറ്റുകയും ചെയ്യുന്നു. ആവശ്യമുള്ള ഭാഷയിലേക്ക് ടെക്‌സ്‌റ്റ് വിവർത്തനം ചെയ്യാൻ മെഷീൻ ട്രാൻസ്ലേഷൻ അൽഗോരിതം ഉപയോഗിക്കുന്നു. അവസാനമായി, യഥാർഥ അവതാരകന്റെ ശബ്ദവും ഉച്ചാരണവും അനുകരിക്കുന്ന ഒരു ടെക്സ്റ്റ്-ടു-സ്പീച്ച് മോഡൽ ഉപയോഗിച്ച് സിസ്റ്റം ഒരു പുതിയ ഓഡിയോ ട്രാക്ക് തയ്യാറാക്കും. നിലവിൽ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, ഹിന്ദി, മാന്‍ഡരിന്‍ എന്നിവയുൾപ്പെടെ 20-ലധികം ഭാഷകളിലേക്കാണ് ഡബ്ബിങ് ചെയ്യുന്നത്.
ഇപ്പോള്‍ പരിമിതമായ എണ്ണം സ്രഷ്‌ടാക്കൾക്ക് മാത്രമാണ് എഐ വിഡിയോ ഡബ്ബിങ് ഫീച്ചർ ലഭ്യമാക്കുന്നത്. ഭാവിയിൽ കൂടുതൽ സ്രഷ്‌ടാക്കളിലേക്ക് ഫീച്ചറിന്റെ ലഭ്യത വ്യാപിപ്പിക്കാനാണ് യൂട്യൂബിൻ്റെ പദ്ധതി.
Content Highlights: YouTube has introduced an AI tool that can dub videos in multiple languages