ആൻഡ്രോയിഡ് ഫോണുകളിലെ വാട്‌സ്ആപ്പ് സേവനങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി മെറ്റ. 2025 മുതൽ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ ഇനി മുതൽ വാട്‌സ്ആപ്പ് ലഭിക്കില്ല. ആൻഡ്രോയിഡിന്റെ പഴയ വേർഷനുകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്.
എഐ അധിഷ്ഠിതമായ സേവനങ്ങൾ വാട്‌സ്ആപ്പിൽ സജീവമായതോടെയാണ് ആൻഡ്രോയിഡിന്റെ പഴയ വേർഷനായ ആൻഡ്രോയിഡ് കിറ്റ്കാറ്റ് വേർഷനുകളിലെ സ്മാർട്‌ഫോണുകളിൽ വാട്‌സാപ്പ് നിർത്തലാക്കുന്നത്. 2025 ജനുവരി ഒന്ന് മുതലാണ് വാട്‌സ്ആപ്പ് ആൻഡ്രോയിഡ് കിറ്റ്കാറ്റ് പതിപ്പ് ഉള്ള ഫോണുകളിലെ സേവനം നിർത്തുന്നത്.
സാംസങ്, എൽജി, സോണി, എച്ച്ടിസി, മോട്ടറോള തുടങ്ങി വിവിധ ജനപ്രിയ ബ്രാൻഡുകളുടെ ഫോണുകൾക്ക് ഇത് ബാധകമാണ്. സോഫ്റ്റ്‌വെയറുകൾ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്നാണ് നിർദ്ദേശം. സാംസങിന്റെ ഗാലക്‌സി എസ് 3, ഗാലക്‌സി നോട്ട് 2, ഗാലക്‌സി എയ്‌സ് 3, ഗാലക്‌സി എസ് 4 മിനി, എച്ച്ടിസിയുടെ വൺ എക്‌സ്, വൺ എക്‌സ് പ്ലസ്, ഡിസയർ 500, ഡിസയർ 600, സോണിയുടെ എക്‌സ്പീരിയ Z, എക്‌സ്പീരിയ എസ്പി, എക്‌സ്പീരിയ ടി, എക്‌സ്പീരിയ വി. എൽജിയുടെ ഒപ്റ്റിമസ് ജി, Nexus 4, ഏ2 മിനി, എൽ 90 എന്നിവയിലും മോട്ടറോളയുടെ മോട്ടോ ജി, റേസർ എച്ച്ഡി, Moto E 2014 എന്നീ മോഡലുകളിലാണ് പ്രധാനമായും വാട്‌സാപ്പ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്.
നിലവിൽ ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ ഗൂഗിൾ ഡ്രൈവിലേക്കോ പുതിയ ഫോണുകളിലേക്കോ ചാറ്റുകളും ഡാറ്റകളും 2025 ജനുവരി 1 ന് മുമ്പായി ബാക്കപ്പ് ചെയ്യണമെന്നാണ് മെറ്റ അറിയിക്കുന്നത്.
Content Highlights: WhatsApp will not be available on these Android version phones from 2025, Full list