പ്രതിരോധ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഒരു വലിയ ചുവടുവെപ്പ് നടത്തുകയാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എന്‍ജിന്‍ നിര്‍ണായക ഘട്ടത്തിലാണ് എത്തിയിരിക്കുന്നത്. കാവേരി എന്‍ജിന്‍ വിമാനത്തില്‍ ഘടിപ്പിച്ചുള്ള പരീക്ഷണ പറക്കലാണ് നടക്കാന്‍ പോകുന്നത്. സൈനീക ഉപയോഗത്തിന് സ്വന്തമായി നൂതന എഞ്ചിന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് കാവേരി എഞ്ചിന്‍.
ഡിആര്‍ഡിഒയുടെ കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ജിടിആര്‍ഇ) വികസിപ്പിച്ച കാവേരി എന്‍ജിന്‍ റഷ്യയുടെ ഇല്യൂഷിന്‍ II- 76 എയര്‍ക്രാഫ്റ്റിലാണ് ഘടിപ്പിക്കാനൊരുങ്ങുന്നത്. 70 മണിക്കൂര്‍ ദൈര്‍ഘ്യമാണ് പരീക്ഷണ പറക്കലിന് നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം ഒരു മാസക്കാലം ഈ പരീക്ഷണം നടക്കും.
കാവേരി എഞ്ചിന്‍ ഇതിനകം 140 മണിക്കൂറിലധികം ടെസ്റ്റിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജിടിആര്‍ഇയുടെ ബെംഗളൂരുവിലെ സ്ഥാപനത്തില്‍ 70 മണിക്കൂര്‍ ഗ്രൗണ്ട് ടെസ്റ്റുകളും റഷ്യയില്‍ 75 മണിക്കൂര്‍ ആള്‍റ്റിറ്റിയൂഡ് ടെസ്റ്റും മറ്റ് പരിശോധനകളുമാണ് പൂര്‍ത്തിയാക്കിയത്. ഇല്യൂഷിന്‍ എയര്‍ക്രാഫ്റ്റില്‍ ഘടിപ്പിച്ച് 40,000 അടി ഉയരത്തില്‍ എത്തിച്ചുള്ള പരീക്ഷണമാണ് ഇനി നടക്കാന്‍ പോകുന്നത്.
ഇല്യൂഷന്‍ എയര്‍ക്രാഫ്റ്റിലെ നാല് എന്‍ജിനുകളില്‍ ഒന്ന് മാറ്റിയാണ് കാവേരി എന്‍ജിന്‍ സ്ഥാപിക്കുക. ഇത് മറ്റ് എന്‍ജിനുകളുമായി താരതമ്യം ചെയ്ത് കാവേരി എന്‍ജിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സഹായിക്കും. എന്‍ജിന്റെ പ്രവര്‍ത്തനക്ഷമത, ത്രസ്റ്റ് ശേഷി തുടങ്ങിയ ഘടകങ്ങള്‍ ഈ പരീക്ഷണത്തിലൂടെ പരിശോധിക്കും. എന്‍ജിന്‍ വിമാനത്തിന്റെ സംവിധാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ടാക്‌സിട്രയല്‍ ചെയ്തതിന് ശേഷമാകും ഘടിപ്പിക്കുക.
ഇന്ത്യയുടെ യുദ്ധവിമാനമായ ഘട്ടക്കില്‍ കാവേരി എന്‍ജിന്‍ ഘടിപ്പിക്കാന്‍ സാധിക്കുമോ എന്നറിയുകയാണ് പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ജിടിആര്‍ഇയിലെ 20 ശാസ്ത്രജ്ഞരും റഷ്യന്‍ വിദഗ്ധരും ചേര്‍ന്ന് പരീക്ഷണം വിലയിരുത്തും. പരീക്ഷണം വിജയിച്ചതാല്‍ അത് ഇന്ത്യന്‍ പ്രതിരോധ രംഗത്തുള്‍പ്പടെ നിര്‍ണായക ചുവടുവെപ്പാകും. ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.
Content Highlights: AviationIndia’s Kaveri Engine Begins Key Testing on Russian Il-76 Aircraft