റണ്‍വേ കാണാതെ വിമാനമിറക്കാനാകുമോ? സീറോ വിസിബിലിറ്റിയില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിങ്ങനെ…

മുന്നിലുള്ള ആളുകളെ പോലും കാണാന്‍ കഴിയാത്ത അവസ്ഥയില്‍ എങ്ങനെയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നതെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. ഇവിടെയാണ് അത്യാധുനിക ആന്റി-ഫോഗ് ലാന്‍ഡിംഗ് സംവിധാനങ്ങളുടെ പ്രസക്തി

dot image

വിഷപ്പുകയും മൂടല്‍മഞ്ഞും മൂലം ശ്വാസം മുട്ടുകയാണ് രാജ്യതലസ്ഥാനം. ജനജീവിതം ദുസഹമാക്കുന്ന 'അന്തരീക്ഷം' യാത്രാ മാര്‍ഗങ്ങളെയും ബാധിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് വ്യോമഗതാഗതത്തിനാണ്. സീറോ വിസിബിലിറ്റി മൂലം കാന്‍സല്‍ ചെയ്യപ്പെടുന്നതും സമയങ്ങളില്‍ മാറ്റം വരുന്നതുമായ വിമാനങ്ങള്‍ നിരവധിയാണ്. ശനിയാഴ്ച്ച മാത്രം 100 വിമാനങ്ങളാണ് വൈകിയത്. വെള്ളിയാഴ്ച്ച 400 വിമാനങ്ങളും. പതിനായിരത്തോളം യാത്രക്കാരെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്നിലുള്ള ആളുകളെ പോലും കാണാന്‍ കഴിയാത്ത അവസ്ഥയില്‍ എങ്ങനെയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നതെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. ഇവിടെയാണ് അത്യാധുനിക ആന്റി-ഫോഗ് ലാന്‍ഡിംഗ് സംവിധാനങ്ങളുടെ പ്രസക്തി. ഡല്‍ഹിയടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലാണ് CAT III സാങ്കേതിക വിദ്യയുള്ളത്. എന്താണ് CAT III സാങ്കേതികവിദ്യ? ഈ സാങ്കേതികവിദ്യ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിട്ടും എന്തുകൊണ്ട് വിമാനങ്ങള്‍ വൈകുന്നു? എങ്ങനെയാണ് CAT III പ്രവര്‍ത്തിക്കുന്നത്? മൂടല്‍മഞ്ഞിനെയും മോശം കാലാവസ്ഥയെയും എങ്ങനെയാണ് ഇവ പ്രതിരോധിക്കുന്നത്? പരിശോധിക്കാം,

എന്താണ് CAT III സാങ്കേതിക വിദ്യ?

കനത്ത മൂടല്‍മഞ്ഞിലും, മോശം കാലാവസ്ഥയിലും കാഴ്ച്ചാ പരിധി കുറവായിരിക്കുമ്പോള്‍ വിമാനങ്ങളെ ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു നാവിഗേഷന്‍ സംവിധാനമാണ് CAT III. ഇവയെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു, CAT III A, CAT III B, CAT III C.

200 മീറ്ററില്‍ കുറയാത്ത കാഴ്ച്ചാ പരിധിയില്‍ പോലും വിമാനങ്ങളെ ലാന്‍ഡിംഗിന് സഹായിക്കുന്ന സംവിധാനമാണ് CAT III A. CAT III B ആകട്ടെ മോശം കാലാവസ്ഥയിലും കാഴ്ച്ചാപരിധി 50 മീറ്ററില്‍ വരെ വിമാനത്തെ അനായാസം ലാന്‍ഡിംഗ് ചെയ്യാന്‍ സഹായിക്കുന്നു. അതേസമയം CAT III C സംവിധാനം ഉപയോഗിച്ച് സീറോ ദൃശ്യപരതയില്‍ പോലും, അതായത് ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയില്‍ പോലും വിമാനങ്ങളെ ലാന്‍ഡ് ചെയ്യാന്‍ സാധിക്കും.

സാങ്കേതികവിദ്യ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിസന്ധി?

CAT III B ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം എന്ന അത്യാധുനിക ആന്റി-ഫോഗ് ലാന്‍ഡിംഗ് സംവിധാനമാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് റണ്‍വേകളില്‍ പ്രവര്‍ത്തിക്കുന്ന CAT III B സംവിധാനം ഡല്‍ഹി വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞമാസം തന്നെ ഡല്‍ഹി വിമാനത്താവളം എല്ലാ പ്രമുഖ എയര്‍ലൈന്‍സ് കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞാണെന്നും, വേണ്ട സംവിധാനങ്ങള്‍ പാലിക്കാത്ത വിമാനങ്ങളെ ബാധിച്ചേക്കാമെന്നുമായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഈ നിര്‍ദേശം പലപ്രമുഖ കമ്പനികളും മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രതിസന്ധിയിലായതാകട്ടെ വിമാനയാത്രക്കാരും.

വിമാനത്താവളത്തില്‍ ഈ സാങ്കേതികവിദ്യ ഉണ്ടായിട്ട് മാത്രം കാര്യമില്ലെന്നും ഇതിന് കൃത്യമായി പരിശീലനം ലഭിച്ച പൈലറ്റുമാര്‍, സാങ്കേതികവിദ്യക്ക് അനുസൃതമായുള്ള ലാന്‍ഡിംഗ് ഫ്ലൈറ്റ് ഉപകരണങ്ങള്‍ ഒക്കെ ആവശ്യമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. മൂന്ന് റണ്‍വേകളില്‍ പ്രവര്‍ത്തിക്കുന്ന CAT III B സംവിധാനം ഡല്‍ഹി വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട് എങ്കിലും നിലവിലെ കനത്ത മൂടല്‍മഞ്ഞ് സാഹചര്യത്തില്‍ ഒരൊറ്റ CAT III റണ്‍വേ മാത്രമേ പ്രവര്‍ത്തിക്കൂ.

CAT III B ഓപ്പറേഷനുകള്‍ക്കായി റണ്‍വേകള്‍ സജ്ജീകരിച്ചിട്ടുള്ള ആറ് വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത്. ഡല്‍ഹി, ലഖ്നൗ, ജയ്പൂര്‍, അമൃത്സര്‍, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഈ സാങ്കേതിക വിദ്യയുള്ളത്. 2001-ലാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ 28-ല്‍ CAT III A സിസ്റ്റം ആദ്യമായി സ്ഥാപിച്ചത്. പിന്നീട് 2005-ല്‍ 55 കോടി രൂപ ചെലവില്‍ അഡ്വാന്‍സ്ഡ് സര്‍ഫേസ് മൂവ്‌മെന്റ് ഗൈഡന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം സഹിതം CAT III B ILS ആയി അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു.

ഈ സാങ്കേതിക വിദ്യ മൂടല്‍മഞ്ഞിനെ പ്രതിരോധിക്കുന്നതെങ്ങനെ?

റേഡിയോ സിഗ്‌നലുകളുടെയും, ഉയര്‍ന്ന പ്രകാശ തരംഗങ്ങളുടെയും സഹായത്തോടെയാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. ആകാശയാത്രയില്‍ പൈലറ്റിനെ നയിക്കുന്നത് സിഗ്‌നലിംഗ് സംവിധാനങ്ങളാണ്. റണ്‍വേ ദൃശ്യമാകാത്തപ്പോള്‍, ഭൂമിയില്‍ നിന്ന് 100 അടി ഉയരത്തില്‍ വരെ കൃത്യമായി പറന്നുയരാനും CAT III B-യില്‍, നൂതന സിഗ്‌നലിംഗ് സംവിധാനം ഉള്ളതിനാല്‍ വിമാനത്തിന് ഭൂമിയില്‍ നിന്ന് 50 അടി വരെ താഴേക്ക് ഇറങ്ങാനും കഴിയും. ഇതിലൂടെ പൈലറ്റിന് ടച്ച്ഡൗണ്‍ സോണ്‍-ലൈറ്റിംഗ് സംവിധാനം കാണാന്‍ സാധിക്കും. മുഴുവന്‍ പ്രക്രിയയും ഓട്ടോമേറ്റഡ് ആണ്. വിമാനം റണ്‍വേയില്‍ നിന്ന് എത്ര ദൂരെയാണ്, എപ്പോള്‍ എങ്ങനെ ഫ്ലാപ്പുകള്‍ വിന്യസിക്കണം, ബ്രേക്കുകള്‍ എപ്പോള്‍ എവിടെ പ്രയോഗിക്കണം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പൈലറ്റിന് മനസ്സിലാക്കാന്‍ സാധിക്കും. ഈ സാങ്കേതികവിദ്യ സജ്ജീകരിക്കണം എങ്കില്‍ CAT III B സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. ആഭ്യന്തര വിമാനങ്ങള്‍ പറത്തുന്ന എല്ലാ പൈലറ്റുമാരും CAT III B സിസ്റ്റത്തില്‍ ഇറങ്ങാന്‍ പരിശീലനം നേടിയിട്ടില്ലാത്തതിനാല്‍ അതൊരു പ്രതിസന്ധിയാണ്. അതിനാല്‍, മൂടല്‍മഞ്ഞ് അല്ലെങ്കില്‍ കുറഞ്ഞ ദൃശ്യപരത പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ CAT III B പാലിക്കാത്ത ഫ്‌ലൈറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

Content Highlights: How Flights Land Safely In Zero Visibility Conditions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us