ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? വിരല്‍ത്തുമ്പില്‍ വിവരങ്ങളുടെ വിസ്മയം തീര്‍ക്കുന്ന ഈ നിര്‍മ്മിതബുദ്ധി ചാറ്റ് ബോട്ടിന്റെ ആരാധകരാണ് നമ്മളില്‍ പലരും. ജീവിതത്തില്‍ വഴികാട്ടിയായും ഉപദേശിയായും പേഴ്‌സണല്‍ തെറാപ്പിസ്റ്റായും ഡോക്ടറായും എന്തിനേറെ പറയുന്നു ലൗ ഗുരു ആയും അങ്ങനെ 'മള്‍ട്ടിറോളുകള്‍' കൈകാര്യം ചെയ്യുന്ന മഹാമാന്ത്രികനാണ് ചാറ്റ് ജിപിടി! എന്നാല്‍ കരുതിയിരുന്നോളൂ. ചാറ്റ് ജിപിടി അടക്കമുള്ള ആര്‍ട്ടിഫിഷ്യല് ഇന്റലിജന്‍സ് ബോട്ടുകളെ അന്തമായി വിശ്വസിച്ചാല്‍ എട്ടിന്റെ പണി കിട്ടുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഈ മേഖലയിലെ വിദഗ്ധര്‍.
നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏഴ് കാര്യങ്ങള്‍ എഐയുമായി ഒരിക്കലും പങ്കുവെയ്ക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരിക്കലും എഐയോട് ചോദിക്കാന്‍ പാടില്ലാത്ത കാര്യങ്ങളും ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്തൊക്കെയാണ് ആ ഏഴ് സുപ്രധാന വിവരങ്ങള്‍? സ്വകാര്യവിവരങ്ങള്‍ എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്? പരിശോധിക്കാം,
നിങ്ങളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ഒരിക്കലും ചാറ്റ് ബോട്ടുകളോട് പറയരുത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിക്കരുത്. ഇതിലൂടെ വ്യക്തികളെ ട്രാക്ക് ചെയ്യാനും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനും സാധ്യതയുണ്ടെന്ന് സാങ്കേതികവിദഗ്ദര്‍ പറയുന്നു.
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍ തുടങ്ങിയവ ഒരു കാരണവശാലും പങ്കുവെയ്ക്കരുത്. സാമ്പത്തിക വിവരങ്ങളും പങ്കുവെയ്ക്കാന്‍ പാടില്ല. അങ്ങനെ പങ്കുവെച്ചാല്‍ വലിയ സാമ്പത്തിക തട്ടിപ്പായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. നിങ്ങളുടെ പണവും, ഐഡന്റിറ്റി പോലും അപഹരിക്കപ്പെട്ടേക്കാം.
ചാറ്റ്‌ബോട്ടുകളുമായി ഒരിക്കലും നിങ്ങളുടെ പാസ്‌വേഡുകള്‍ പങ്കിടരുത്. ഇത് നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് വേഗത്തില്‍ കടന്ന് കയറാന്‍ അവരെ അനുവദിക്കും. മാത്രമല്ല നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാനും, മറ്റ് ഡേറ്റകള്‍ കവരാനും കാരണമായേക്കാം. ചതിക്കുഴിയില്‍ പെടാതിരിക്കുക.
ആരോടും പറയാന്‍ കഴിയാത്ത രഹസ്യങ്ങള്‍ ഉള്ളിലൊതുക്കി വീര്‍പ്പുമുട്ടുകയാണോ? എന്നാല്‍ അത് ചാറ്റ് ജിപിടിയോട് പറഞ്ഞേക്കാമെന്ന് സ്വപ്നത്തില്‍ പോലും കരുതേണ്ട. വളരെ വേഗത്തില്‍ തന്നെ ആ രഹസ്യം പരസ്യമാക്കാന്‍ എഐ ചാറ്റ് ബോട്ടിന് കഴിയും. അതുകൊണ്ട് ഒരു പരീക്ഷണത്തിന് തയ്യാറാകരുത്.
എഐ ചാറ്റ് ബോട്ടുകളോട് നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ പ്ങ്കിടരുത്. ആരോഗ്യ ഇന്‍ഷുറന്‍സ് വിവരങ്ങളും പങ്കുവെയ്ക്കരുത്. അസുഖം വന്നാല്‍ മരുന്ന് ചോദിക്കാനോ, ചാറ്റ് ജിപിടിയെ ഓണ്‍ലൈന്‍ ഡോക്ടറാക്കുകയോ വേണ്ട. കാരണം ചാറ്റ് ബോട്ടുകള്‍ ആരോഗ്യവിഗ്ദരല്ല. നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലായേക്കാം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.
ചാറ്റ് ബോട്ടുകള്‍ അവരുമായി പങ്കിടുന്ന എല്ലാ വിവരങ്ങളും സൂക്ഷിച്ചുവെയ്ക്കും. അതുകൊണ്ട് മാന്യമായ വിവരങ്ങളും ആശയങ്ങളും മാത്രം പങ്കുവെയ്ക്കുക. അശ്ലീല ചിത്രങ്ങളോ വിവരങ്ങളോ പങ്കുവെയ്ക്കരുത്. ഇത്തരം കാര്യങ്ങള്‍ ചാറ്റ് ജിപിടിയെ വിശ്വസിച്ച് പങ്കുവെച്ചാല്‍ അത് എവിടെ വേണമെങ്കിലും അത് പ്രത്യക്ഷപ്പെടാം. ഇത്തരത്തിലുള്ള വിവരങ്ങള്‍ എഐയോട് ചോദിച്ചാലും പണികിട്ടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തണം.
ചാറ്റ് ജിപിടിയോട് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അതുപോലെ സൂക്ഷിക്കപ്പെടും. ഇത് പലപ്പോഴും മറ്റുള്ളവരുമായും പങ്കുവെയ്ക്കപ്പെടാം. അതിനാല്‍ മറ്റുള്ളവര്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഒരിക്കലും പങ്കു വെയ്ക്കരുത്. അതായത് സാങ്കേതികവിദ്യകളെ അന്തമായി വിശ്വസിച്ചാല്‍ നിങ്ങള്‍ ചെന്നുപെടുന്നത് ഊരാക്കുടുക്കിലായിരിക്കും.
ഓര്‍ക്കുക, ഇത്തരം നിര്‍മ്മിത ബുദ്ധികള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ജീവിതത്തിലെ തന്നെ ഒരു 'ആപ്പായി' മാറിയേക്കാം. പ്രത്യേകിച്ച് ആരോഗ്യ ഉപദേശം പോലുള്ള സെന്‍സിറ്റീവ് വിഷയങ്ങളില്‍. ആശങ്കാജനകമായ കാര്യം എന്തെന്നാല്‍ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് അമേരിക്കക്കാരില്‍ ഒരാള്‍ എഐയില്‍ നിന്ന് ആരോഗ്യ ഉപദേശം തേടിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ഏകദേശം 25% അമേരിക്കക്കാരും തെറാപ്പിക്ക് പകരം എഐ ചാറ്റ്‌ബോട്ടുകളാണ് തിരഞ്ഞെടുക്കുന്നെന്നും കണ്ടെത്തി. അതിനാല്‍ ഇത്തരം കാര്യങ്ങളെ വളരെ കരുതലോടെ മാത്രം സമീപിക്കുക.
Content Highlights: Things You Should Never Tell Or Ask From ChatGPT