കൊച്ചി: കേരളത്തിൽ പ്രവർത്തനം ഇരട്ടിയാക്കാൻ ഒരുങ്ങി ഇവൈ. ടെക്കികൾക്കായി മെഗാ റിക്രൂട്ട്മെന്റാണ് ഇവൈ സംഘടിപ്പിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള പതിനായിരം ടെക്കികളുടെ എണ്ണം 5 വർഷത്തിനകം ഇരട്ടിയാക്കാൻ ആണ് തീരുമാനം. റിക്രൂട്ട്മെന്റ് 'മെഗാ ഡ്രൈവ്' ജനുവരിയിൽ തന്നെ പ്രതീക്ഷിക്കാമെന്ന് ഇവൈ ഗ്ളോബൽ സർവീസസ് മേധാവിയും വൈസ് ചെയർമാനുമായ അജയ് ആനന്ദ് പറഞ്ഞു. ആഗോളതലത്തിൽ 4 ലക്ഷം ടെക്കികളും 5000 കോടി ഡോളർ വാർഷിക വരുമാനവും ആണ് നിലവിൽ ഇവൈക്കുള്ളത്. ഇത് ഇരട്ടിയാക്കാനാണ് ഇവൈ ലക്ഷ്യമിടുന്നത്. ഒരു ലക്ഷത്തോളം ടെക്കികൾ നമ്മുടെ ഇന്ത്യയിലാണ് പ്രവർത്തിക്കുന്നത്. കൊച്ചിയിൽ 7600 പേരും തിരുവനന്തപുരത്ത് 2400 ടെക്കികളുമാണ് പ്രവർത്തിക്കുന്നത്. ബംഗളൂരു കഴിഞ്ഞാൽ ഇന്ത്യയിൽ ഇവൈയുടെ ഏറ്റവും പ്രധാന കേന്ദ്രം കൊച്ചിയാണ്.
ഇൻഫൊപാർക്കിലും സ്മാർട്ട് സിറ്റിയിലുമായി 3 കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഇവൈ നാലാമതായി പ്രസ്റ്റീജ് ഗ്രൂപ്പിൻ്റെ ഒരു ടവറും ഏറ്റെടുത്തു. കൊച്ചിയിൽ കാക്കനാടുള്ള ഐടി പദ്ധതിയിലെ ഒരു ടവർ മുഴുവനായാണ് ഇവൈ ഏറ്റെടുത്തത്. ടവറിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ് നിർവ്വഹിച്ചു. 9 നിലകളിലായി 3 ലക്ഷം ചതുരശ്രയടിയിൽ 2300 പേർക്ക് ഇവിടെ ഇരിക്കാൻ കഴിയും.
കേരളത്തിൽ സൈബർ സുരക്ഷ, എഐ, ബ്ലോക്ക്ചെയിൻ, തുടങ്ങിയ മേഖലകളിലാണ് ഇവൈ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നികുതി നിർണയം, ഓഡിറ്റിങ്, സ്ട്രാറ്റജി, കൺസൽറ്റിങ് എന്നീ നാലു പ്രധാന മേഖലകളിലും ഇവൈക്ക് കേരളത്തിൽ പ്രവർത്തനമുണ്ട്.
കേരളത്തിലെ ക്യാംപസുകളിൽ നിന്നു തുടക്കക്കാരെ മാത്രമല്ല, പരിചയ സമ്പന്നരേയും റിക്രൂട്ട് ചെയ്യും. വിദേശത്തെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും കൈനിറയെ അവസരമാണ് ഇവൈ ഒരുക്കിയിരിക്കുന്നത്. ഗവേഷണ വികസനത്തി നുള്ള ആഗോളശേഷീ കേന്ദ്രങ്ങൾ ഇന്ത്യയിലാകെ വിദേശ കമ്പനികൾ തുടങ്ങുന്നത് അതിനു ചേർന്ന വിവിധ നൈപുണ്യങ്ങൾ ഇവിടുത്തെ ടെക്കികൾക്കുള്ളതു കൊണ്ടാണ്. കൂടുതൽ പേരെ ആവശ്യമുള്ളതിനാൽ സർവകലാശാലകളുമായി സഹകരിച്ച് കരിക്കുലം നവീകരിക്കാനും വിദ്യാർഥികൾക്കു പരിശീലനം നൽകാനും പദ്ധതികൾ തയ്യാറാക്കിയെന്ന് ഇവൈ പറയുന്നു
Content Highlights: EY Is conducting Mega Recruitement in Kerala