ഇനി ഫുഡ് മാത്രമല്ല നമ്മൾ ഓർഡർ ചെയ്യുന്ന എന്തും 15 മിനിറ്റിൽ പറന്നെത്തും. ഇന്ത്യയുടെ ക്വിക്ക് ഇ-കൊമേഴ്‌സ് വിപണിയില്‍ ശക്തമായ സാന്നിധ്യങ്ങളായ സ്വിഗ്ഗിക്കും, ഇൻസ്റ്റാമാർട്ടിനും, ബ്ലിങ്കിറ്റിനും ഒരു പടി മുന്നിലെത്തുകയാണ് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനി ആമസോണും വാൾമാർട്ടിൻ്റെ ഉടമസ്ഥതയിലുളള ഫ്ലിപ്പ്കാർട്ടും.
15 മിനിറ്റിൽ ഓർഡറുകൾ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് സേവനമായ "ടെസ്" അവതരിപ്പിരിക്കുകയാണ് ആമസോൺ. പരീക്ഷണാടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. അവശ്യവസ്തുക്കള്‍ ഉപയോക്താക്കള്‍ക്ക് കൂടുതൽ വേഗത്തില്‍ എത്തിച്ചു നല്‍കുന്നതിനുളള പരീക്ഷണമായാണ് ബെംഗളൂരുവിൽ നിലവിൽ ടെസ് പ്രവർത്തനം നടത്തുന്നത്.
വാൾമാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിൻ്റെ സേവനമായ "മിനിറ്റ്സ്" പ്രവര്‍ത്തനങ്ങള്‍ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മരുന്നുകള്‍ പോലുള്ള ഇനങ്ങൾ കൂടി ഉൾപ്പെടുത്തി ഉൽപന്ന ശ്രേണി വിപുലീകരീക്കുകയാണ്.
സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് , ബ്ലിങ്കിറ്റ് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് ഇത് ഉയര്‍ത്തുക. ഫ്ലിപ്പ്കാർട്ട് പ്രധാനമായും സ്റ്റോറുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും കൊൽക്കത്ത പോലുള്ള പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നതിലും ഉൽപന്ന വിഭാഗങ്ങൾ വിപുലീകരിക്കുന്നതിലുമാണ് ശ്രദ്ധ ചെലുത്തുന്നത്. അതേസമയം ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് ടാറ്റ ക്ലിക്കുമായി ചേര്‍ന്ന് ഫാഷൻ ഉല്പന്നങ്ങള്‍ 15 മിനിറ്റിനുളളില്‍ ഡെലിവറി ചെയ്യുന്ന പുതിയ മേഖല അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ്.
Content Highlights: Walmart is the largest retail company in America. Amazon launches 'Tess', a quick commerce service that delivers orders in 15 minutes